‘ഹിന്ദി ഇന്ത്യയുടെ സ്വത്വം’; ‘പ്രാഥമികഭാഷ’ വാദവുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും; പ്രതിരോധമയുര്‍ത്തി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍

‘ഹിന്ദി ഇന്ത്യയുടെ സ്വത്വം’; ‘പ്രാഥമികഭാഷ’ വാദവുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും; പ്രതിരോധമയുര്‍ത്തി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍

ഹിന്ദി വാദവുമായി വീണ്ടും ബിജെപി സര്‍ക്കാര്‍. രാജ്യത്ത് ഹിന്ദി പ്രാഥമിക ഭാഷയാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. ഇന്ത്യയില്‍ വ്യാപകമായി സംസാരിക്കുന്ന ഭാഷ ഹിന്ദിയാണെന്നും ഒരു ഭാഷയ്ക്ക് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് ഹിന്ദിക്കായിരിക്കുമെന്നും ഉന്നയിച്ചാണ് അമിത് ഷായുടെ ആവശ്യം.

രാജ്യത്ത് എല്ലാ സ്‌കൂളുകളിലും ഹിന്ദി നിര്‍ബന്ധമാക്കണമെന്ന് മാസങ്ങള്‍ക്ക് മുന്‍പ് ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസ കരട് നയരേഖ പുറത്തിറക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളുടെ വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് രേഖ പിന്‍വലിക്കേണ്ടിവന്ന് മാസങ്ങള്‍ക്ക് പിന്നാലെയാണ് ഹിന്ദി വാദവുമായി അമിത് ഷാ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

വ്യത്യസ്തമായ ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രധാന്യമുണ്ട്. പക്ഷേ ലോകത്ത് ഇന്ത്യയുടെ സ്വത്വമായി ഒരു ഭാഷയുണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ഒരു ഭാഷയ്ക്ക് ഇന്ന് കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയ്ക്കായിരിക്കും.

അമിത് ഷാ

ഹിന്ദി വ്യാപകമായി ഉപയോഗിക്കണമെന്ന് രാജ്യത്തെ എല്ലാ പൗരന്‍മാരോടും താന്‍ അഭ്യര്‍ത്ഥിച്ച അമിത് ഷാ മഹാത്മാ ഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റേയും സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗം കൂടിയാണതെന്നും ട്വീറ്റ് ചെയ്തു.

ദേശീയ ഹിന്ദി ദിവസ് ആചരിക്കുന്നതിന്റെ ഭാഗമായി നടത്തിയ ട്വീറ്റിലൂടെയാണ് രാജ്യത്ത് ഹിന്ദി ഭാഷ നിര്‍ബന്ധമാക്കുന്നത് അമിത് ഷാ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നത്. നിര്‍ബന്ധിതമായി ഹിന്ദി നടപ്പാക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ട്വിറ്ററില്‍ നടക്കുന്നത്. ഇന്ത്യയുടെ പ്രത്യേകത തന്നെ രാജ്യത്തെ വൈവിധ്യതയാണെന്നും അതില്‍ പെടുന്നതാണ് രാജ്യത്തെ വ്യത്യസ്ത ഭാഷകളെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ട്വിറ്ററില്‍ അമിത് ഷായുടെ പ്രസ്താവനയടക്കം എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്.

ഞങ്ങള്‍ ഹിന്ദിക്കോ, ഹിന്ദി സംസാരിക്കുന്നവര്‍ക്കോ എതിരല്ലെന്നും നിര്‍ബന്ധിച്ച് ഹിന്ദി നടപ്പാക്കാന്‍ ശ്രമിക്കുന്നതിനെ മാത്രമാണ് എതിര്‍ക്കുന്നതെന്നും ഒരാള്‍ കുറിച്ചു.

എല്ലാ സ്‌കൂളുകളിലും ഹിന്ദി നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ദക്ഷിണേന്ത്യയിലുള്‍പ്പെടെ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. തമിഴ്നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പ്രതിഷേധം നടന്നതിനെതുടര്‍ന്നായിരുന്നു കേന്ദ്രസര്‍ക്കാരിന് തീരുമാനം പിന്‍വലിക്കേണ്ടി വന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in