ജോയ്‌സ്‌ന 26 വയസുള്ള, പക്വതയുള്ള പെണ്‍കുട്ടി; ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

ജോയ്‌സ്‌ന 26 വയസുള്ള, പക്വതയുള്ള പെണ്‍കുട്ടി; ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

കോഴിക്കോട് കോടഞ്ചേരിയിലെ വിവാദമായ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. ജോയ്‌സ്‌ന സ്വന്തമായി തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ള സ്ത്രീയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജോയ്‌സ്‌നയുടെ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് കോടതി തീര്‍പ്പാക്കിയത്.

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ രണ്ട് പേര്‍ ഇനിയെന്ത് ചെയ്യണമെന്ന് അവര്‍ തന്നെ തീരുമാനിക്കട്ടെ. സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവുള്ള സ്ത്രീയാണ് ജോയ്‌സ്‌ന. 26 വയസ്സുണ്ട്. വിദേശത്ത് ജോലി ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകാന്‍ തീരുമാനിച്ചാല്‍ അതില്‍ കോടതിക്ക് ഇടപെടേണ്ട കാര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജോയ്‌സ്‌ന ഒരു തരത്തിലും അനധികൃതമായി കസ്റ്റഡിയിലാണെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു.

ജോയ്‌സ്‌നയ്ക്ക് ഷെജിനൊപ്പം പോകാമെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് എസ് സി സുധ അധ്യക്ഷയായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങി വന്നതെന്നും തനിക്ക് മേല്‍ യാതൊരു തരത്തിലുമുള്ള സമ്മര്‍ദ്ദവുമില്ല എന്നും ജോയ്‌സ്‌ന കോടതിയോട് ബോധിപ്പിച്ചു. തനിക്ക് മാതാപിതാക്കളോട് ഇപ്പോള്‍ സംസാരിക്കാന്‍ താത്പര്യമില്ലെന്നും പിന്നീട് വിശദമായി സംസാരിച്ചോളാമെന്നും ജോയ്‌സ്‌ന കോടതിയില്‍ പറഞ്ഞു.

ജോയ്‌സ്‌നയെ നിര്‍ബന്ധപൂര്‍വ്വം തട്ടിക്കൊണ്ട് പോയതാണെന്നും ഷെജിനും ജോയ്‌സ്‌നയും ഇന്ത്യവിട്ട് പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നുമാണ് അച്ഛന്‍ ജോസഫ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ജോയ്‌സ്‌ന വിദേശത്തേക്ക് പോകണോ വേണ്ടയോ എന്നതുസംബന്ധിച്ച കാര്യങ്ങള്‍ അവര്‍ സ്വയം തീരുമാനിക്കേണ്ടതാണെന്നും അത്തരം കാര്യങ്ങളിലൊന്നും കോടതിയ്ക്ക് ഇടപെടാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in