ഈശോ റിലീസ് തടയണമെന്ന കാസയുടെ ഹര്‍ജി തള്ളി, ദൈവത്തിന്റെ പേരിട്ടെന്ന് കരുതി ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

ഈശോ റിലീസ് തടയണമെന്ന കാസയുടെ ഹര്‍ജി തള്ളി, ദൈവത്തിന്റെ പേരിട്ടെന്ന് കരുതി
ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

ഈശോ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

ദൈവം വലിയവനാണ് എന്നായിരുന്നു ഹര്‍ജി തള്ളിയതിനോട് നാദിര്‍ഷയുടെ പ്രതികരണം. സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജിക്ക് നിലനില്‍പ്പില്ലെന്ന് കണ്ട കോടതി ദൈവത്തിന്റെ പേരിട്ടു എന്നതുകൊണ്ട് തങ്ങള്‍ക്ക് ഇടപെടാനാകില്ലെന്ന് പറഞ്ഞ് ഹര്‍ജി തള്ളുകയായിരുന്നു.

നാദിര്‍ഷയുടെ 'ഈശോ' എന്ന സിനിമയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തുവന്നിരുന്നു. തങ്ങളുടെ മതവികാരങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുന്നു എന്നാരോപിച്ചായിരുന്നു സിനിമയ്ക്കെതിരെയുള്ള ആക്രമണം. എന്നാല്‍ സംവിധായകന്‍ നാദിര്‍ഷ സിനിമയുടെ പേര് മാറ്റില്ലെന്ന് ഉറച്ച നിലപാടെടുത്തിരുന്നു.

നാദിര്‍ഷയുടെ ഈശോ, കേശു ഈ വീടിന്റെ നാഥന്‍ എന്നീ ചിത്രങ്ങളുടെ പേര് ക്രിസ്തീയ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് മതയാഥാസ്ഥിതികരുടെ വാദം.

വിവാദമുണ്ടാക്കുന്നവരേയും കത്തോലിക്ക സഭയുടെ നിലപാടിനേയും മുതിര്‍ന്ന സംവിധായകന്‍ സിബി മലയില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു ചില രാഷ്ട്രീയ നേതാക്കന്മാരുടെ അതേ ഭാഷയിലാണ് കത്തോലിക്കാ സഭയും സംസാരിക്കുന്നത്. ഇത് വളരെ ഭയപ്പെടുത്തുന്നതും എതിര്‍ക്കപ്പെടേണ്ടതുമായ നിലപാടാണ്.

ക്രിസ്തുവിന് ആരുടേയും സംരക്ഷണം ആവശ്യമില്ല. തന്നെ പിന്തുടരാനാണ് ക്രിസ്തു പറഞ്ഞത്. സംരക്ഷിക്കാനല്ല. കത്തോലിക്കാ സമുദായത്തിലെ ഭൂരിപക്ഷവും സഭയുടെ നിലപാടിനെ പിന്തുണക്കുമെന്ന് തോന്നുന്നില്ലെന്നും സിബി മലയില്‍ അഭിപ്രായപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in