ശബരിമലയില്‍ 'ഹലാല്‍ ശര്‍ക്കര' ഉപയോഗിക്കരുത്, ഹൈക്കോടതിയില്‍ ഹര്‍ജി

ശബരിമലയില്‍ 'ഹലാല്‍ ശര്‍ക്കര' ഉപയോഗിക്കരുത്, ഹൈക്കോടതിയില്‍ ഹര്‍ജി

ശബരിമലയില്‍ 'ഹലാല്‍ ശര്‍ക്കര' ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാറാണ് ഹര്‍ജി നല്‍കിയത്. മറ്റു മതസ്ഥരുടെ മുദ്രവെച്ച ആഹാര സാധനങ്ങള്‍ ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന കീഴ്‌വഴക്കം ദേവസ്വം ബോര്‍ഡ് ലംഘിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

കയറ്റുമതി യോഗ്യതയുണ്ടായിട്ടും ഭക്ഷ്യയോഗമല്ലാത്തതിനാലാണ് ഹലാല്‍ മുദ്ര പതിപ്പിച്ച ശര്‍ക്കര കുറഞ്ഞ വിലയ്ക്ക് ബോഡിന് ലഭിച്ചത് എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഹലാല്‍ മുദ്രപതിപ്പിച്ച ശര്‍ക്കര ഉപയോഗിച്ച് പ്രസാദം നിര്‍മിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച് നിര്‍മ്മിച്ച പ്രസാദ വിതരണം അടിയന്തരമായി നിര്‍ത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു.

ലേലത്തില്‍ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പിടിച്ചെടുത്തു നശിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

സംഭവത്തില്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡിന്റെ നിലപാട് തേടി. വിഷയത്തില്‍ നാളെ നിലപാട് അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. സ്പെഷ്യല്‍ കമ്മീഷണറോട് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

അപ്പം, അരവണ എന്നിവയുടെ പ്രസാദത്തിനുപയോഗിച്ച ഏതാനും ശര്‍ക്കര പാക്കറ്റുകളില്‍ മാത്രമാണ് മുദ്രയുണ്ടായിരുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചത്. കയറ്റുമതി നിലവാരമുള്ള ശര്‍ക്കരയാണിത്. അറബ് രാജ്യങ്ങളിലേക്കടക്കം കയറ്റുമതി ചെയ്യുന്നതുകൊണ്ടാണ് ശര്‍ക്കര ചാക്കുകളില്‍ ഹലാല്‍ മുദ്ര ഉണ്ടായതെന്നും ദേവസ്വം ബോര്‍ഡ് വാക്കാല്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in