ഞാന്‍ ഒരു ആദിവാസിയുടെ മകന്‍, ബി.ജെ.പിയുടെ ഹീനതന്ത്രങ്ങള്‍ വിലപ്പോവില്ല: ഹേമന്ത് സോറന്‍

ഞാന്‍ ഒരു ആദിവാസിയുടെ മകന്‍, ബി.ജെ.പിയുടെ ഹീനതന്ത്രങ്ങള്‍ വിലപ്പോവില്ല: ഹേമന്ത് സോറന്‍

കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഹീനതന്ത്രങ്ങള്‍ വിലപ്പോവില്ലെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ഝാര്‍ഖണ്ഡിലെ രാഷ്ട്രീയ അട്ടിമറി സൂചനകള്‍ക്കെതിരെ പ്രതികരിക്കുയായിരുന്നു സോറന്‍.

താന്‍ ഒരു ആദിവാസിയുടെ മകനാണെന്നും അതുകൊണ്ട് തന്നെ ഒന്നിനെയും ഭയപ്പെടുന്നില്ലെന്നും സോറന്‍ ട്വീറ്റ് ചെയ്തു.

'കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും എന്ത് നെറികെട്ട കാര്യങ്ങള്‍ ചെയ്താലും ഒരു കുഴപ്പവുമില്ല. ഞാന്‍ ഒരു ആദിവാസിയുടെ മകനാണ്. ഝാര്‍ഖണ്ഡിന്റെ മകനാണ്. ഞങ്ങള്‍ക്ക് ആരെയും പേടിയില്ല. പോരാടുക തന്നെ ചെയ്യും, സോറന്‍ പറഞ്ഞു.

ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിനെ 'സാത്താന്റെ ശക്തികള്‍' ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അവസാനത്തെ തുള്ളി രക്തം പോവുന്നതുവരെയും താന്‍ പോരാടുമെന്നും സോറന്‍ പറഞ്ഞു.

ഒരു ആദിവാസിയുടെ ഡി.എന്‍.എയില്‍ പേടി എന്നൊന്നില്ല. പുറത്ത് നിന്നുള്ള ശക്തികള്‍ കഴിഞ്ഞ 20 വര്‍ഷമായി തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 2019ല്‍ അധികാരം നഷ്ടപ്പെട്ടപ്പോള്‍ നിഗൂഢസംഘങ്ങള്‍ക്ക് അത് സഹിക്കാനായില്ലെന്നും സോറന്‍.

തങ്ങളാരും അധികാരത്തിന് വേണ്ടി വിശന്നു നടക്കുന്നവരല്ല. ആളുകളുടെ ക്ഷേമത്തിന് വേണ്ടി ഭരണഘടനാപരമായി പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സോറന്‍ പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്‌തേക്കും. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയേക്കുമെന്ന് സൂചനയുണ്ട്.

ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ സ്വന്തം പേരിലുള്ള ഖനനത്തിന് അനുമതി നേടിയെന്ന ബി.ജെ.പിയുടെ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ഹേമന്ത് സോറന്റെ വസതിയില്‍ നടന്ന നിര്‍ണായക യോഗങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ്, ജെ.എം.എം എം.എല്‍.എമാരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. സോറന്റെ വസതിയില്‍ നിന്നും രണ്ട് ബസുകളിലായാണ് എം.എല്‍.എമാരെ മാറ്റിയത്.

യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമരയെ ഭയന്നാണ് എം.എല്‍.എമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതെന്നാണ് സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in