ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാനാകില്ല,സ്വകാര്യ വിവരങ്ങളുണ്ടെന്ന് സര്‍ക്കാര്‍; സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് നിയമം കൊണ്ടുവരും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാനാകില്ല,സ്വകാര്യ വിവരങ്ങളുണ്ടെന്ന് സര്‍ക്കാര്‍; സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് നിയമം കൊണ്ടുവരും

ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ 2018 ല്‍ നിയമിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വിടാനാവില്ലെന്ന് മന്ത്രി സജി ചെറിയാന്‍. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ റിപ്പോര്‍ട്ട് അതേപടി പൊതുരേഖയായി പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്ന സംസ്ഥാന വിവരവകാശ കമ്മീഷന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കഴിയില്ലെന്നാണ് മന്ത്രി നിയമസഭയെ അറിയിച്ചത്. കെ.കെ.രമയുടെ സബമിഷന് മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ മറുപടി.

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ പറഞ്ഞ വ്യക്തിപരവും സ്വകാര്യവുമായ വിവരങ്ങള്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ല. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമം അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉള്‍പ്പെടെയുള്ള ലൈംഗിചൂഷണം ഉണ്ടെന്ന് സ്ത്രീകള്‍ പറഞ്ഞിട്ടും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ മൂടിവെക്കുകയണെന്ന് കെ.കെ.രമ ആരോപിച്ചു. അതിക്രമം നേരിട്ടവരുടെ പേര് വിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് പകരം സാങ്കേതിക കാരണം പറഞ്ഞ് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണെന്ന് കെ.കെ രമ പറഞ്ഞു

2018 മെയിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിക്കുന്നത്. ജസ്റ്റിസ് ഹേമക്കൊപ്പം കെ.ബി വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു അംഗങ്ങള്‍. രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സര്‍ക്കാര്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കുന്നത്.

ആറ് മാസം കൊണ്ട് സര്‍ക്കാരിന് നല്‍കണമെന്ന് പറഞ്ഞെങ്കിലും രണ്ട് വര്‍ഷമെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2017ല്‍ ആരംഭിച്ച കമ്മിറ്റി 2019ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in