ഒഴിവായത് വന്‍ദുരന്തം, കോപ്റ്റര്‍ ഇടിച്ചിറക്കി;എം.എ യുസഫലി ഉള്‍പ്പെടെ സുരക്ഷിതര്‍

ഒഴിവായത് വന്‍ദുരന്തം, കോപ്റ്റര്‍ ഇടിച്ചിറക്കി;എം.എ യുസഫലി ഉള്‍പ്പെടെ സുരക്ഷിതര്‍

വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ യന്ത്രതകരാറിനെ തുടര്‍ന്ന് നിലത്തിറക്കിയപ്പോള്‍ ഒഴിവായത് വന്‍ ദുരന്തം. എറണാകുളം പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപമുള്ള ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്.

രാവിലെ 8.30നായിരുന്നു സംഭവം. എം.എ യൂസഫലിയും ഭാര്യയും ഒപ്പം മൂന്ന് പേരും ലേക്ക്‌ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാനെത്തിയതായിരുന്നു. പനങ്ങാടുള്ള ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ടത് മൂലം 200 മീറ്റര്‍ മാറിയുള്ള ചതുപ്പിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. ഭാഗികമായി ചതുപ്പില്‍ പൂണ്ടനിലയിലായിരുന്നു ഹെലികോപ്റ്റര്‍.

ദൃക്‌സാക്ഷിയായ രാജേഷ് ട്വന്റി ഫോര്‍ ചാനലില്‍ പ്രതികരിച്ചത് ഇങ്ങനെ '' നല്ല മഴയായിരുന്നു. വീടിന് മുന്നില്‍ ഇരിക്കുവായിരുന്നു. വെള്ളക്കെട്ട് മാറ്റുന്നതിനായി മണ്‍വെട്ടിയുമായി പുറത്തെത്തിയപ്പോഴായിരുന്നു ഹെലികോപ്റ്റര്‍ താഴ്ന്ന് വരുന്നത് കണ്ടത്. പറഞ്ഞ്തീരുന്ന സമയംകൊണ്ട് പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു. താഴെ വീണപ്പോള്‍ ഹെലികോപ്റ്ററിന്റെ ഫാന്‍ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഫാനിന്റെ കറക്കം നിന്നപ്പോഴേക്കും ഓടിയിറങ്ങി അടുത്ത് ചെന്ന് നോക്കി.

അപ്പോള്‍ ആരും പുറത്തേക്ക് ഇറങ്ങിയില്ല. എന്താ സംഭവിച്ചതെന്നും അറിയില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ പൈലറ്റ് പുറത്തിറങ്ങി ഡോര്‍ തുറക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് അകത്ത് ആളുണ്ടെന്ന് മനസിലായത്. ആദ്യം അവര്‍ പുറത്തിറങ്ങാന്‍ തയാറായില്ല. പിന്നെ കുഴപ്പമില്ല പുറത്തിറങ്ങാന്‍ പറഞ്ഞ് പുറത്തേക്ക് ഇറക്കുകയായിരുന്നു. ആര്‍ക്കും മുറിവൊന്നും പറ്റിയില്ല. ആരാണ് ഹെലികോപ്റ്ററിലുള്ളതെന്ന് അറിയില്ലായിരുന്നു. പിന്നീട് പറഞ്ഞാണ് അറിഞ്ഞത്. അവരെ വീട്ടിലേക്ക് കയറ്റി കസേര കൊടുത്ത് ഇരുത്തി. രണ്ടുപേരും കുറച്ചുനേരം ഇരുന്നു. പിന്നീട് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു

യൂസഫലിയെയും ഭാര്യയെയും ഉള്‍പ്പെടെ ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
logo
The Cue
www.thecue.in