അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഉറപ്പ്

അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഉറപ്പ്

അട്ടപ്പാടി: അട്ടപ്പാടിയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ട് മനസിലാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എത്തി. കോട്ടത്തറ ആശുപത്രി, പുതൂര്‍ ആശുപത്രി, കമ്മ്യൂണിറ്റി കിച്ചന്‍, അഗളി ആശുപത്രി എന്നിവിടങ്ങളാണ് മന്ത്രി സന്ദര്‍ശിച്ചത്.

ഗതാഗത സൗകര്യത്തിന്റെ ഉള്‍പ്പെടെ അപര്യാപ്തതള്‍ ഉണ്ടായിട്ടും പ്രദേശത്ത് എത്തി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും മന്ത്രി അഭിനന്ദിച്ചു. അട്ടപ്പാടിയിലെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

പുതൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സുകന്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ വാസു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൈജു, ഡ്രൈവര്‍ സജേഷ് എന്നിവര്‍ ഭവാനിപ്പുഴ മുറിച്ചു കടന്ന് ഊരുകളിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇവരെ മന്ത്രി നേരിട്ട് സന്ദര്‍ശിച്ചു.

കോട്ടത്തറ ആശുപത്രിയില്‍ സിബിഎന്‍എഎടി പരിശോധനാ സൗകര്യമൊരുക്കുമെന്നും, മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബ് ആഴ്ചയിലൊരിക്കല്‍ അട്ടിപ്പാടിയിലെത്തി പരിശോധന വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രദേശത്തെ ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് ഇത്.

അടുത്ത ഒരു മാസത്തിനുള്ളില്‍ പ്രദേശത്തെ ആദിവാസി വിഭാഗങ്ങളെ പൂര്‍ണമായും വാക്‌സിനേറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രം നല്‍കുന്ന വാക്‌സിന്റെ ലഭ്യതക്കുറവ് ഒരു പ്രശ്‌നമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, വാഹന സൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രധാനമായും ഉന്നയിച്ചത്.

സംസ്ഥാനത്തെ മുഴുവന്‍ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കിടയിലും കൊവിഡ് പരിശോധന ഊര്‍ജിതമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in