എച്ച് വണ്‍ എന്‍ വണ്‍: ജാഗ്രത വേണം; ഈമാസം ചികിത്സ തേടിയത് 146 പേര്‍; 10 മരണം 

എച്ച് വണ്‍ എന്‍ വണ്‍: ജാഗ്രത വേണം; ഈമാസം ചികിത്സ തേടിയത് 146 പേര്‍; 10 മരണം 

സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഈ മാസം പത്ത് പേര്‍ മരിച്ചു. 146 പേര്‍ വിവിധ ജില്ലകളിലായി ചികിത്സ തേടി. ജൂണില്‍ 119 പേര്‍ക്ക് രോഗം പിടിപെടുകയും പത്ത് പേര്‍ മരിക്കുകയും ചെയ്തു. വായുവിലൂടെ പകരുന്ന എച്ച് വണ്‍ എന്‍ വണ്‍ സംസ്ഥാനത്തെ മിക്ക ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 778 പേര്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചിട്ടുള്ളത്. ഇതില്‍ 37 പേര്‍ മരിച്ചു.

ഇന്‍ഫ്‌ളുവെന്‍സാ എ വിഭാഗത്തില്‍ പെട്ട വൈറസാണ് എച്ച് വണ്‍ എന്‍ വണിന് കാരണം. എച്ച് വണ്‍ എന്‍ വണ്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് എല്ലാ ജില്ലാ ഓഫീസര്‍മാരോടും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മരുന്നുകള്‍ എല്ലാ ആശുപത്രികളിലും എത്തിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ സരിത ആര്‍ എല്‍ ദ ക്യൂവിനോട് പറഞ്ഞു.

ഏതെല്ലാം മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്ന് ലഭ്യമാണെന്ന് സ്വകാര്യ ആശുപത്രികളെയും അറിയിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെ കൂടി പങ്കെടുപ്പിച്ച് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് .

സരിത ആര്‍ എല്‍ 

2009ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വായുവിലൂടെ രോഗാണു മറ്റുള്ളവരിലേക്ക് പകരും. പനി, ശരീരവേദന, തൊണ്ട വേദന, തലവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വിറയല്‍, ശര്‍ദ്ദി, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍.

സാധാരണ അഞ്ച് ദിവസം കൊണ്ട് ഭേദമാകും. ചിലര്‍ക്ക് ഗുരുതരമാകും. മറ്റ് അസുഖങ്ങളുള്ളവര്‍ രോഗം പിടിപെട്ടാല്‍ ചികിത്സ തേടണം. പ്രമേഹം, ശ്വാസകോശത്തിനും വൃക്കയ്ക്കും ഹൃദയത്തിനും തലച്ചോറിനും രോഗങ്ങളുള്ളവര്‍ക്കും എച്ച് വണ്‍ എന്‍ വണ്‍ വന്നാല്‍ ഗുരുതരമായേക്കാം.

ഗര്‍ഭിണികളും അമിതവണ്ണമുള്ളവരും സൂക്ഷിക്കണം.

തലച്ചോറിലും ശ്വാസകോശത്തിലും അണുബാധയുണ്ടാകുന്നതാണ് ഗുരുതരാവസ്ഥയിലേക്ക് നയിക്കുക. ശ്വാസതടസ്സവും ഓര്‍മ്മക്കുറവും അപസ്മാരവും ഉണ്ടായേക്കാം. അഞ്ച് വയസ്സില്‍ താഴെയുള്ളവരും പ്രായമായവരും കരുതലെടുക്കണം.

വിശ്രമിക്കുകയും മറ്റുള്ളവരോട് സമ്പര്‍ക്കം പുലര്‍ത്താനുള്ള സാഹചര്യം ഒഴിവാക്കുകയും വേണം. രോഗം പകരാതിരിക്കാനുള്ള മാര്‍ഗം ഇത് മാത്രമാണ്. വെള്ളം ധാരാളം കുടിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ട് മറയ്ക്കണം.

ഒസള്‍ട്ടാമിവിര്‍ എന്ന മരുന്നാണ് നല്‍കുന്നത്. രോഗിയെ ചികിത്സിക്കുന്നവര്‍ക്ക് രോഗപ്രതിരോധ മരുന്നുണ്ട്. പത്ത് ദിവസമാണ് ഇത് കഴിക്കേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in