'അമ്മ'യ്ക്ക് ഉള്ളില്‍ നിന്ന് പോരാടാം എന്നത് ഭംഗിവാക്ക് മാത്രം; രാജിക്കത്ത് നല്‍കിയിട്ടും നേതൃത്വം ബന്ധപ്പെട്ടില്ലെന്ന് ഹരീഷ് പേരടി

'അമ്മ'യ്ക്ക് ഉള്ളില്‍ നിന്ന് പോരാടാം എന്നത് ഭംഗിവാക്ക് മാത്രം; രാജിക്കത്ത് നല്‍കിയിട്ടും നേതൃത്വം ബന്ധപ്പെട്ടില്ലെന്ന് ഹരീഷ് പേരടി

താര സംഘടനയായ അമ്മയില്‍ നിന്ന് രാജിവെക്കുന്നു എന്നത് ഉറച്ച തീരുമാനമാണെന്ന് നടന്‍ ഹരീഷ് പേരടി ദ ക്യുവിനോട്. 'അമ്മ'യ്ക്കുള്ളില്‍ നിന്നുകൊണ്ട് പോരാടാം എന്നത് ഭംഗിവാക്ക് മാത്രമാണെന്നും അങ്ങനെയുള്ള പോരാട്ടം ഒന്നും അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് സാധ്യമാകില്ലെന്നും ഹരീഷ് പേരടി പറഞ്ഞു.

ഔദ്യോഗിക നേതൃത്വം അവരുടെ നിലപാടുകള്‍ മാറ്റാതെ നമ്മള്‍ മാത്രം മാറ്റിയിട്ട് കാര്യമില്ല. ആ അര്‍ത്ഥത്തില്‍ രാജിവെക്കുയാണെന്നും ഹരീഷ് വ്യക്തമാക്കി.

പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കും അവരുടെ പെഴ്‌സണല്‍ നമ്പറിലേക്ക് രാജിക്കത്ത് അയച്ചുകൊടുത്തതാണ്. എന്നാല്‍ ആരും ബന്ധപ്പെട്ടില്ലെന്നും ആകെ വിളിച്ചത് സുരേഷ് ഗോപിമാത്രമാണെന്നും ഹരീഷ് പേരടി പറഞ്ഞു.

രാജിവെക്കുന്നു എന്ന കാര്യം അറിഞ്ഞപ്പോള്‍ ആദ്യം തന്നെ വിളിച്ചത് നടന്‍ സുരേഷ് ഗോപിയാണെന്ന് നേരത്തെ ഹരീഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

'ഈ രാജി വാര്‍ത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്...ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ ഞാന്‍ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു' നിങ്ങളെ പോലെയൊരാള്‍ ഇതില്‍ നിന്ന് വിട്ടു പോകരുത്..സംഘടനയുടെ ഉള്ളില്‍ നിന്ന് പോരാടണം' എന്ന് ...ഇനി അതിനുള്ളില്‍ നില്‍ക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്‌നേഹപൂര്‍വ്വം ഞാന്‍ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു,' ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.

ഹരീഷ് പേരടി ദ ക്യുവിനോട് പറഞ്ഞത്

രാജി വെക്കുന്നത് അറിയിച്ചുകൊണ്ട് രണ്ട് ദിവസം മുമ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. അത് ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞതാണ്. ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സംശയം ഞാന്‍ വെറുതെ തള്ളിയതാണോ എന്ന്. അങ്ങനെ അല്ല രാജി വെച്ചത് തന്നെയാണ്. സുരേഷേട്ടന്‍ (സുരേഷ് ഗോപി) വിളിച്ച കാര്യം കൂടി അതില്‍ എഴുതിയതാണ്.

പ്രസിഡന്റോ സെക്രട്ടറിയോ ഒന്നും എന്നെ വിളിച്ചിട്ടില്ല. അവരുടെ പേഴ്‌സണല്‍ നമ്പറിലേക്ക് രാജി അയച്ചുകൊടുത്തതാണ്. രാജിയില്‍ ഉറച്ച് നില്‍ക്കുകയാണ്. കാരണം ഔദ്യോഗിക നേതൃത്വം അവരുടെ നിലപാടുകള്‍ മാറ്റാതെ നമ്മള്‍ മാത്രം മാറ്റിയിട്ട് കാര്യമില്ലല്ലോ. ഉള്ളില്‍ നിന്ന് പോരാടാം എന്ന ഭംഗി വാക്കുകള്‍ പറയാമെന്നല്ലാതെ ഉള്ളില്‍ നിന്ന് ആരും പോരാടുന്നൊന്നും ഇല്ല. അതില്‍ പോരാടാന്‍ കഴിയുകയും ഇല്ല. അവിടെ അങ്ങനെ സമ്മതിക്കുകയും ഇല്ല.