രാജ്യത്തെ ഒറ്റുകൊടുത്ത മാപ്പെഴുത്തുകാര്‍ക്ക് സി.പി.എമ്മിനെ വിമര്‍ശിക്കാന്‍ എന്തവകാശം? ബി.ജെ.പിക്കെതിരെ ഹനന്‍ മൊല്ല

രാജ്യത്തെ ഒറ്റുകൊടുത്ത മാപ്പെഴുത്തുകാര്‍ക്ക് സി.പി.എമ്മിനെ വിമര്‍ശിക്കാന്‍ എന്തവകാശം? ബി.ജെ.പിക്കെതിരെ ഹനന്‍ മൊല്ല

ന്യൂദല്‍ഹി: 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച സി.പി.ഐ.എം നടപടിയെ വിമര്‍ശിക്കുന്ന ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കിസാന്‍ സഭ അഖിലേന്ത്യാ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഹനന്‍ മൊല്ല. മാപ്പെഴുതി കൊടുത്ത് രാജ്യത്തെ ഒറ്റു കൊടുത്ത പാരമ്പര്യമാണ് ബി.ജെപിക്കുള്ളത്. ഇവരാണ് രാജ്യത്തെ സ്വാതന്ത്ര്യത്തിന്റെ വക്താക്കളാകുന്നതെന്ന് ഹനന്‍ മൊല്ല പരിഹസിച്ചു.

ഇത്തരം പാരമ്പര്യമുള്ളവര്‍ക്ക് സി.പി.ഐ.എമ്മിന്റെ സ്വാതന്ത്ര്യദിന ആഘോഷത്തെ ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നും മൊല്ല പറഞ്ഞു.

കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് സി.പി.ഐ.എം നിലപാട് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത്.

സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനുള്ള പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായി എല്ലാ പാര്‍ട്ടി ഓഫീസുകളിലും പതാക ഉയര്‍ത്തി.

തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ സി.പി.ഐ.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ പതാക ഉയര്‍ത്തി. പാര്‍ട്ടി നേതാക്കളായ പി.കെ. ശ്രീമതി, എം. വിജയകുമാര്‍, എം.സി. ജോസഫൈന്‍, എന്നിവരും എകെജി സെന്ററിലെ പതാക ഉയര്‍ത്തലിന് സാക്ഷ്യം വഹിച്ചു.

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനും കണ്ണൂരില്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും പതാക ഉയര്‍ത്തി. എല്ലാ ജില്ലകളിലും ദേശീയ പതാക ഉയര്‍ത്തി.

സി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാര്‍ പതാക ഉയര്‍ത്തി.

സ്വാതന്ത്ര്യ ദിനാഘോഷവും സ്വാതന്ത്ര്യ ദിനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പങ്കും സ്വാധീനവും ജനങ്ങളിലെത്തിക്കാനുള്ള പ്രചാരണവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിലും ഇന്ത്യ എന്ന ആശയം രൂപപ്പെടുത്തുന്നതിലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കായുള്ള സംഭാവന വളരെ വലുതാണെന്നായിരുന്നു ഇതേക്കുറിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.

എന്നാല്‍ സി.പി.ഐ.എമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തവരാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ പോകുന്നതെന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം.

Related Stories

No stories found.
logo
The Cue
www.thecue.in