‘പറമ്പ് വിറ്റു, കടക്കെണിയിലായി’; നാസില്‍ ജയിലിലായതോടെ പിതാവിന് പക്ഷാഘാതമുണ്ടായെന്ന് കുടുംബം

‘പറമ്പ് വിറ്റു, കടക്കെണിയിലായി’; നാസില്‍ ജയിലിലായതോടെ പിതാവിന് പക്ഷാഘാതമുണ്ടായെന്ന് കുടുംബം

തുഷാര്‍ വെള്ളാപ്പള്ളി കരാര്‍ പ്രകാരമുള്ള പണം തരാതായതോടെ കടക്കെണിയിലായെന്ന് നാസില്‍ അബ്ദുള്ളയുടെ കുടുംബം. നാസില്‍ ജയില്‍ ആയതോടെ സ്ഥലം വില്‍ക്കേണ്ടി വന്നെന്ന് തൃശൂര്‍ സ്വദേശിയായ പ്രവാസിയുടെ മാതാപിതാക്കളായ റാബിയയും അബ്ദുള്ളയും പറയുന്നു. നാസിലിനെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ ഭൂമി വില്‍ക്കേണ്ടി വന്നു. നാസില്‍ ജയിലില്‍ ആയതിന് ശേഷം കരകയറാന്‍ പറ്റിയിട്ടില്ല. കടക്കെണിയേത്തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദം മൂലം അബ്ദുളളയ്ക്ക് പക്ഷാഘാതമുണ്ടായെന്നും കുടുംബം ചൂണ്ടിക്കാട്ടി. മനോരമ ന്യൂസിനോടായിരുന്നു നാസിലിന്റെ മാതാപിതാക്കളുടെ പ്രതികരണം.

നാസില്‍ കഷ്ടപ്പാടിലായി, ജയിലില്‍ ആയതിന് ശേഷമാണ് വാപ്പായ്ക്ക് (അബ്ദുള്ള) അസുഖം വന്നത്. പറമ്പ് വിറ്റു. നല്ലൊരു തുക ഇപ്പോഴും കടമുണ്ട്. കുറേ പേര്‍ക്ക് കൊടുക്കാനുണ്ട്.   

റാബിയ

പൊതുപ്രവര്‍ത്തകനായിരുന്ന അബ്ദുള്ള ഇപ്പോള്‍ വീല്‍ചെയറിനെ ആശ്രയിച്ചാണ് കഴിയുന്നത്.

തുഷാറിന്റെ വര്‍ക്ക് എടുത്ത് ചെയ്തിട്ട് നാസിലിന് പൈസ കിട്ടിയില്ല. അവന്‍ സാധനങ്ങള്‍ വാങ്ങിയ ഇടത്തൊക്കെ ചെക്ക് കൊടുത്തു. പണിക്കാര്‍ക്ക് പൈസ കൊടുക്കാന്‍ പറ്റാതായതോടെ അവരും ബുദ്ധിമുട്ടിലായി. അന്ന് ആ വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നിരുന്നു. നാസില്‍ ജയിലിലായതോടെ കമ്പനി പിരിച്ചുവിട്ടു. പിന്നെ ജോലിക്കാരൊക്കെ പൈസക്ക് വേണ്ടി വീട്ടില്‍ വന്നുതുടങ്ങി. അത് കുറേയൊക്കെ വാപ്പ (അബ്ദുള്ള) വീട്ടി. ജയിലില്‍ ആയതിന് ശേഷം അവന് കര കയറാന്‍ പറ്റിയിട്ടില്ല. അന്ന് തുടങ്ങിയ കഷ്ടപ്പാടാണ്. ജയിലില്‍ ആയതിന് ശേഷവും ആള്‍ക്കാര്‍ വീട്ടില്‍ വന്ന് തുടങ്ങിയപ്പോഴുമാണ് അവനിത്ര ബുദ്ധിമുട്ടാണെന്ന് അറിഞ്ഞത്. ഞങ്ങളെ വിഷമിപ്പിക്കണ്ടാന്ന് കരുതി അവന്‍ പറഞ്ഞില്ല. വാപ്പ ഗള്‍ഫില്‍ ജോലി ചെയ്ത് സമ്പാദിച്ച പണം കൊണ്ട് വാങ്ങിയ സ്ഥലമാണ് കടം വീട്ടാന്‍ വിട്ടുകളഞ്ഞതെന്നും റാബിയ പറഞ്ഞു.

ഞങ്ങള്‍ അവന്റെ വീട്ടില്‍ താമസിക്കുമ്പോഴാണ് പൊലീസ് പിടിച്ചുകൊണ്ടുപോയത്. നാസില്‍ പലതവണ തുഷാറിന്റെയടുത്ത് വിഷയം അവതരിപ്പിച്ചിരുന്നു.

അബ്ദുള്ള

തുഷാര്‍ വെള്ളാപ്പള്ളിയെ ന്യായീകരിച്ച് മന്ത്രി ഇ പി ജയരാജന്‍ രംഗത്തെത്തിയത് വിവാദമായിരുന്നു. ഗള്‍ഫില്‍ അറസ്റ്റിലായവരില്‍ എല്ലാവരേയും പോലെയല്ല തുഷാര്‍ എന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം പറഞ്ഞു. തുഷാറിന്റെ അറസ്റ്റും സംഭവങ്ങളും അസ്വാഭാവികത ഉണര്‍ത്തുന്നുണ്ട്. അദ്ദേഹം അവിടെ പോകുമ്പോള്‍ ചതിക്കുഴിയില്‍ വീഴുകയാണ്. ബിജെപിക്കാരന്റെ സംരക്ഷണവും മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമാണ്. അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിന് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന് കത്തയച്ചതില്‍ തെറ്റില്ലെന്നും അതിനെ പ്രശംസിക്കുകയാണ് വേണ്ടതെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

‘പറമ്പ് വിറ്റു, കടക്കെണിയിലായി’; നാസില്‍ ജയിലിലായതോടെ പിതാവിന് പക്ഷാഘാതമുണ്ടായെന്ന് കുടുംബം
‘ചെക്ക് മോഷ്ടിച്ചതെങ്കില്‍ കോടതിയില്‍ തെളിയിക്കൂ’; തുഷാറിന്റെ വാദങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് നാസില്‍

ചെക്ക് കേസില്‍ യുഎഇയില്‍ അറസ്റ്റ് ചെയ്തതിന് ശേഷം എന്‍ഡിഎ തുഷാര്‍ വെള്ളാപ്പള്ളി നടത്തിയ ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് പരാതിക്കാരനായ നാസില്‍ അബ്ദുള്ള രംഗത്തെത്തിയിരുന്നു. പഴയ ചെക്ക് മോഷ്ടിച്ചതാകാം, ഒപ്പില്‍ സംശയമുണ്ട് തുടങ്ങിയ ആരോപണങ്ങള്‍ നാസില്‍ തള്ളി. ഒപ്പ് തുഷാറിന്റേത് അല്ലെങ്കില്‍ കോടതിയില്‍ തെളിയിക്കാം. തുഷാര്‍ പണം തരാതിരുന്നതുമൂലം ആറ് മാസം ജയിലില്‍ കിടക്കേണ്ടി വന്നു. രണ്ട് വര്‍ഷം നിയമപോരാട്ടം നടത്തി. പത്ത് വര്‍ഷമായി പണം തിരികെ ലഭിക്കാന്‍ ശ്രമിക്കുകയാണ്. വെള്ളാപ്പള്ളി നടേശനുമായും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുമായും ബന്ധപ്പെട്ടു. കിട്ടാനുള്ള തുകയുടെ പത്ത് ശതമാനം തരാമെന്ന് പറഞ്ഞിട്ട് അഞ്ച് ശതമാനം മാത്രമാണ് നല്‍കിയത്. ഒത്തുതീര്‍പ്പിന് ഇനിയും തയ്യാറാണ്. കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളി പത്തോളം കമ്പനികള്‍ക്ക് പണം കൊടുക്കാനുണ്ടെന്നും നാസില്‍ പറഞ്ഞു.

‘പറമ്പ് വിറ്റു, കടക്കെണിയിലായി’; നാസില്‍ ജയിലിലായതോടെ പിതാവിന് പക്ഷാഘാതമുണ്ടായെന്ന് കുടുംബം
മോദി പ്രഖ്യാപിച്ചത് പാലും പഴങ്ങളും ; യുപിയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഉപ്പും ചപ്പാത്തിയും

Related Stories

No stories found.
logo
The Cue
www.thecue.in