ബ്രാഹ്‌മണര്‍ക്ക് മാത്രം പാചകം എന്ന് ഭരണസമിതി തീരുമാനിച്ചിട്ടില്ല; വിവേചനം പാടില്ലെന്ന് മുന്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍

ബ്രാഹ്‌മണര്‍ക്ക് മാത്രം പാചകം എന്ന് ഭരണസമിതി തീരുമാനിച്ചിട്ടില്ല; വിവേചനം പാടില്ലെന്ന് മുന്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍

ക്ഷേത്രത്തില്‍ പാചകത്തിന് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്‌മണര്‍ ആയിരിക്കണമെന്നൊരു തീരുമാനം ഭരണസമിതി തീരുമാനിച്ചിട്ടില്ലെന്ന് ഗുരുവായൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് ദ ക്യുവിനോട്. ഉത്സവത്തിന് വരുന്ന പാചകക്കാര്‍ ബ്രാഹ്‌മണാരാകണമെന്നൊന്നും നിഷ്‌കര്‍ഷിക്കേണ്ട കാര്യമില്ല.

എസ്റ്റിമേറ്റ് പാസാക്കല്‍ മാത്രമാണ് ദേവസ്വം ചെയ്യുക ബാക്കി കാര്യങ്ങള്‍ ഓഫീസില്‍ നിന്നാണ്. ദേവസ്വം അഡ്മിനിസ്‌ട്രേറ്ററോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്ന് മോഹന്‍ദാസ് പറഞ്ഞു. ജനുവരി 22നാണ് കെ.ബി മോഹന്‍ദാസിന്റെ കാലാവധി കഴിഞ്ഞത്.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉല്‍സവത്തോട് അനുബന്ധിച്ചുള്ള കരാര്‍ ക്ഷണിച്ചുള്ള അറിയിപ്പ് വിവാദത്തില്‍പ്പെട്ടിരുന്നു. ക്ഷേത്രത്തില്‍ പാചകത്തിന് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്‌മണര്‍ ആയിരിക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് ജനുവരി 17ന് പുറത്തിറക്കിയ ക്വട്ടേഷന്‍ നോട്ടീസിലുള്ളത്.

ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ പുറത്തിറക്കിയതാണ് ക്വട്ടേഷന്‍ നോട്ടീസ്. ദളിത് ദേവസ്വംമന്ത്രിയെ അവതരിപ്പിച്ചെന്ന് അവകാശവാദമുന്നയിക്കുന്ന സിപിഎം ഇതൊന്നും കാണുന്നില്ലേ എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചോദ്യം. ദേഹണ്ഡക്കാരെ നിശ്ചയിക്കുന്ന തന്ത്രിയാണെന്നും ദേവസ്വം ബോര്‍ഡിനോ കമ്മിറ്റിക്കോ ഇതില്‍ ബന്ധമില്ലെന്നുമാണ് മറ്റൊരു വിശദീകരണം.

കെ.ബി മോഹന്‍ദാസ് പറഞ്ഞത്

ഇപ്പോള്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെയര്‍മാന്‍ എന്ന ചുമതല ഞാന്‍ ഒഴിഞ്ഞു. 22ാം തീയ്യതിയാണ് കാലാവധി കഴിഞ്ഞത്. പക്ഷേ ആ പിരീഡിനുള്ളില്‍ നടന്ന സംഭവമായതുകൊണ്ടാണ് പറയാം. എന്റെ ശ്രദ്ധയില്‍ ഇങ്ങനെയൊരു കാര്യം വന്നിട്ടുണ്ടായിരുന്നില്ല. ടെന്‍ഡര്‍ നോട്ടീസ് കണ്ടതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ക്ക് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. മറുപടി കിട്ടിയിട്ടില്ല. ഉത്തരവില്‍ പാചകക്കാരും സഹായികളും ബ്രാഹ്‌മണരാകണമെന്ന് എഴുതിയിട്ടുണ്ടെങ്കില്‍ അത്തരമൊരു ഉത്തരവ് ശരിയല്ല.

ഒരുപക്ഷേ നേരത്തെ ഉപയോഗിക്കുന്ന ഫോര്‍മാറ്റായിരിക്കാം. ഇതുവരെ ആരും പരാതിപ്പെടാത്തത് കൊണ്ടായിരിക്കാം ചര്‍ച്ചയില്‍ വരാത്തത്. ഭരണസമിതി പാചകത്തിന് വരുന്നവരും സഹായികളും ബ്രാഹ്‌മണരായിരിക്കണം എന്നൊരു തീരുമാനമൊന്നും എടുത്തിട്ടില്ല. ഓഫീസില്‍ നിന്നാണല്ലോ ക്വട്ടേഷന്‍ തയ്യാറാക്കുന്നത്. ഞാന്‍ ചെയര്‍മാനായിരുന്ന നാല് വര്‍ഷത്തില്‍ ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല. അതിന് മുന്‍പ് ഉണ്ടോ എന്ന് അറിയില്ല. പഴയ കീഴ്‌വഴക്കം അങ്ങനെയാണോ എന്നും അറിയില്ല. പക്ഷേ ഇത്തരത്തിലൊരു കാര്യം എന്റെ ശ്രദ്ധയില്‍ ഇതുവരെ വന്നിട്ടുണ്ടായിരുന്നില്ല.

എസ്റ്റിമേറ്റ് പാസാക്കല്‍ മാത്രമാണ് ദേവസ്വം ചെയ്യുക ബാക്കി കാര്യങ്ങള്‍ ഓഫീസില്‍ നിന്നാണ്. ഭരണസമിതി ഇത്തരം ടെന്‍ഡര്‍ നോട്ടീസുകളൊന്നും ശ്രദ്ധിക്കാറില്ല. ക്ഷേത്രത്തിനകത്ത് തിടപ്പള്ളിയിലൊക്കെ പാചകം ചെയ്യുന്നത് കീഴ്ശാന്തിമാരാണ്. അവര്‍ പാരമ്പര്യ അവകാശികളാണ്. അതൊരു ആചാരത്തിന്റെ ഭാഗമായിട്ട് നടക്കുന്നതാണ്. അതങ്ങനെ പോകട്ടെ. പക്ഷേ ഉത്സവത്തിന്റെയൊക്കെ കാര്യം വരുമ്പോള്‍ പാചകക്കാര്‍ ബ്രാഹ്‌മണാരാകണമെന്നൊന്നും നിഷ്‌കര്‍ഷിക്കേണ്ട കാര്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in