ട്രെയിനില്ലെങ്കില്‍ വോട്ടില്ല, ഗുജറാത്തിലെ ഗ്രാമങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങുന്നു.

ട്രെയിനില്ലെങ്കില്‍ വോട്ടില്ല, ഗുജറാത്തിലെ ഗ്രാമങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങുന്നു.

ഗുജറാത്തിലെ നവ്‌സാരി അസംബ്ലി മണ്ഡലത്തിലെ അഞ്ചെലി ഉള്‍പ്പെടെയുള്ള 17 ഗ്രാമങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു. ലോക്കല്‍ ട്രെയിനുകള്‍ അഞ്ചെലി റയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം.

ട്രെയിന്‍ ഇല്ലെങ്കില്‍ വോട്ട് ഇല്ലെന്നും ബി.ജെ.പി ഉള്‍പ്പടെയുള്ള ഒരു പാര്‍ട്ടിയും വോട്ട് അന്വേഷിച്ച് വരേണ്ടതില്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നുമാണ് റയില്‍വെ സ്‌റ്റേഷനിലും പരിസരത്തും സ്ഥാപിച്ച ബാനറുകളില്‍ സൂചിപ്പിക്കുന്നത്.

കോവിഡിന് മുമ്പ് ഉണ്ടയിരുന്നത് പോലെ ലോക്കല്‍ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. സ്വകാര്യവാഹനങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്ന സ്ഥിരംയാത്രക്കാര്‍ക്ക് ദിവസം 300 രൂപ ചെലവ് വരുമെന്നാണ് പ്രദേശവാസിയായ ഹിതേഷ് നായക് പറയുന്നതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

1966 മുതല്‍ സ്‌റ്റേഷനില്‍ സ്‌റ്റോപ്പുണ്ടായിരുന്ന ഒരു ലോക്കല്‍ ട്രെയിന്‍ കോവിഡ് മൂലം നിര്‍ത്തലാക്കി. സര്‍വ്വീസ് പുനരാരംഭിച്ചിട്ടും അത് അഞ്ചെലിയില്‍ നിര്‍ത്തുന്നില്ലെന്നും കുറഞ്ഞത് 19 ഗ്രാമങ്ങളിലെ ജനങ്ങള്‍ ജോലിക്ക് പോകാനായി ആ ട്രെയിന്‍ ഉപയോഗിച്ചിരുന്നെന്നും സോണല്‍ റെയില്‍വെ യൂസേസ് കണ്‍സള്‍ടേറ്റീവ് കമ്മിറ്റിയിലെ അംഗമായ ചോട്ടുബായ് പാട്ടീല്‍ പറയുന്നു.

ജനങ്ങള്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. അവര്‍ പുതിയ ട്രെയിനോ സ്‌റ്റേഷനോ ആവശ്യപ്പെടുന്നില്ല. പഴയത് പോലെ ട്രെയിന്‍ നിര്‍ത്തണമെന്നാണ് പറയുന്നത് എന്നാല്‍ അധികാരികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗ്രാമത്തിലുള്ളവര്‍ ഇ.വി.എം മെഷീൻ വോട്ട് രേഖപ്പെടുത്താതെ തിരിച്ചയക്കുമെന്നാണ് ചോട്ടുബായ് പറയുന്നത്.

ഡിസംബര്‍ 1,5 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 8നാണ് വോട്ടെണ്ണല്‍.

Related Stories

No stories found.
The Cue
www.thecue.in