'ഗൗരിച്ചോത്തി' തളര്‍ന്നില്ല, ആ പോരാട്ടം ഞങ്ങള്‍ തുടരുക തന്നെ ചെയ്യും; ഗൗരിയമ്മക്ക് ആദരമര്‍പ്പിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ്

'ഗൗരിച്ചോത്തി' തളര്‍ന്നില്ല, ആ പോരാട്ടം ഞങ്ങള്‍ തുടരുക തന്നെ ചെയ്യും; ഗൗരിയമ്മക്ക് ആദരമര്‍പ്പിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ്

ഗൗരിയമ്മയുടെ പോരാട്ടം തങ്ങളിലൂടെ തുടരുമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. നൂറ്റാണ്ടിന്റെ പെണ്‍പോരാളിക്ക് ഡബ്ലു.സി.സി.യുടെ പ്രണാമമെന്നും സംഘടനയുടെ ഫേസ്ബുക്ക് കുറിപ്പ്. ആദിവാസി വനനിയമം അട്ടിമറിക്കാന്‍ കേരള നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒത്ത് വോട്ട് ചെയ്തപ്പോള്‍ അതിനെ എതിര്‍ത്ത് ഒറ്റക്ക് വോട്ട് ചെയ്ത ധീരതയുടെ പേരാണ് ഗൗരിയമ്മയെന്നും ഡബ്ല്യു സി. സി കുറിക്കുന്നു. കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി പദം അവരില്‍ നിന്നും തട്ടി നീക്കാന്‍ ആണത്ത രാഷ്ട്രീയത്തിന് കഴിഞ്ഞെങ്കിലും ഗൗരിയമ്മ ഒരു തോറ്റ ജീവിതമല്ല. ഓരോ പെണ്‍പോരാട്ടങ്ങള്‍ക്കും പ്രചോദനമായിരിക്കുന്ന കെടാത്ത വഴിവിളക്കാണ്. എത്ര പ്രതികൂല സാഹചര്യങ്ങളിലും സ്ത്രീകള്‍ പൊരുതി നില്‍ക്കേണ്ടത് എങ്ങിനെയാണെന്ന രാഷ്ട്രീയ പാഠമാണ് ആ ജീവിതം.

വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രസ്താവന

നൂറ്റാണ്ടിന്റെ പെൺപോരാളിക്ക് ഡബ്ലു.സി.സി.യുടെ പ്രണാമം

എല്ലാ പെൺപോരാട്ടങ്ങളുടെയും തായ് വേര് അമ്മയാണ്. എല്ലാ രാഷ്ട്രീയ പോരാട്ടങ്ങൾക്കും അത് ഗൗരിയമ്മയാണ്.

കേരളത്തിന്റെ വിപ്ലവ നക്ഷത്രം , ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഏക വനിതാ അംഗം , 1957ലെ വിഖ്യാതമായ ഭൂപരിഷ്ക്കരണ നിയമവും കുടിയൊഴിപ്പിക്കൽ നിരോധന നിയമവും ഗൗരിയമ്മയുടെ സംഭാവനകളുടെ തുടക്കം മാത്രം. അന്ന് ഗൗരിയമ്മ കേരളത്തിലെ ദളിതർക്കും സ്ത്രീകൾക്കും പട്ടിണി പാവങ്ങൾക്കും എന്തായാരുന്നു എന്നറിയാൻ ആ മന്ത്രിസഭക്ക് എതിരെയും ഗൗരിയമ്മക്ക് എതിരെയും മത ജന്മിത്ത പുരുഷമേധാവിത്വ ശക്തികൾ നടത്തിയ വിമോചനസമരത്തിലെ മുദ്രാവാക്യങ്ങൾ നാം ഓർത്തിരിക്കണം.

" പാളേക്കഞ്ഞി കുടിപ്പിക്കും. തമ്പ്രാനെന്നു വിളിപ്പിക്കും ."

" ഗൗരിച്ചോത്തി പെണ്ണല്ലേ , പുല്ലു പറിയ്ക്കാൻ പൊയ്ക്കൂടേ ."

ഗൗരിച്ചോത്തി തളർന്നില്ല. ആ പിടിച്ചു നിൽക്കൽ ഓരോ സ്ത്രീയ്ക്കും പാഠമാണ് . വനിതാ കമ്മീഷൻ രൂപീകരണ ബിൽ മുതൽ ചരിത്രം തിരുത്തിയ എത്രയോ നേട്ടങ്ങൾക്ക് അവർ ചുക്കാൽ പിടിച്ചു. ആദിവാസി വനനിയമം അട്ടിമറിക്കാൻ കേരള നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒത്ത് വോട്ട് ചെയ്തപ്പോൾ അതിനെ എതിർത്ത് ഒറ്റക്ക് വോട്ട് ചെയ്ത ധീരതയുടെ പേരാണ് ഗൗരിയമ്മ . കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി പദം അവരിൽ നിന്നും തട്ടി നീക്കാൻ ആണത്ത രാഷ്ട്രീയത്തിന് കഴിഞ്ഞെങ്കിലും ഗൗരിയമ്മ ഒരു തോറ്റ ജീവിതമല്ല. ഓരോ പെൺപോരാട്ടങ്ങൾക്കും പ്രചോദനമായിരിക്കുന്ന കെടാത്ത വഴിവിളക്കാണ്. എത്ര പ്രതികൂല സാഹചര്യങ്ങളിലും സ്ത്രീകൾ പൊരുതി നിൽക്കേണ്ടത് എങ്ങിനെയാണെന്ന രാഷ്ട്രീയ പാഠമാണ് ആ ജീവിതം.

ഗൗരിയമ്മയുടെ ജീവിതം നമ്മുടെ സിനിമകളിലും പല രൂപത്തിൽ വന്നിട്ടുണ്ട്. എന്നാൽ ആണത്തങ്ങൾ രാഷ്ട്രീയത്തിൽ ചെയ്യുന്നതെന്തോ അത് തന്നെയാണ് സിനിമയിലും ചെയ്തത്. പെൺ സിനിമയുടെ പ്രസക്തിയാണ് അതെല്ലാം ഓർമ്മിപ്പിക്കുന്നത്. അത്തരം മുദ്രകുത്തലുകളെയും അപഭ്രംശങ്ങളെയും എങ്ങിനെ തട്ടി നീക്കി മുന്നേറണം എന്നതിൻ്റെ എക്കാലത്തെയും വലിയ സ്ത്രീമാതൃകയായി ഗൗരിയമ്മ അതിജീവിച്ച് കാണിച്ചു തന്നു . ആ ധീരത നമുക്കും ഒരു മാതൃകയാണ്. അത്തരം പോരാട്ടങ്ങളുടെ ഊർജ്ജമാണ് ഡബ്ലു.സി.സി.ക്കും മുന്നോട്ടുപോകാനുള്ള കരുത്ത് .

Related Stories

No stories found.
logo
The Cue
www.thecue.in