ആ ശബ്ദം എന്റേതല്ല; മിമിക്രിക്കാരുടെ സഹായത്തോടെ ഗൂഡാലോചനക്കാര്‍ ചെയ്തതെന്ന് സരിത നായര്‍

ആ ശബ്ദം എന്റേതല്ല; മിമിക്രിക്കാരുടെ സഹായത്തോടെ ഗൂഡാലോചനക്കാര്‍ ചെയ്തതെന്ന് സരിത നായര്‍
Published on

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ പ്രതികരണവുമായി സരിത നായര്‍.ആരോപണങ്ങള്‍ സരിത നായര്‍ നിഷേധിച്ചു. പുറത്ത് വന്ന ഓഡിയോയിലെ ശബ്ദം തന്റേതല്ല. ഗൂഡാലോചനക്കാര്‍ മിമിക്രിക്കാരുടെ സഹായത്തോടെ ഉണ്ടാക്കിയതാണെന്നും സരിത നായര്‍ പറഞ്ഞു.

പരാതി നല്‍കിയ വ്യക്തി തന്നെ കണ്ടിട്ടില്ലെന്നാണ് പറയുന്നത്. ഇക്കാര്യം പൊലീസിന് നല്‍കിയ മൊഴിയിലും എഫ്.ഐ.ആറിലുമുള്ളതാണ്. ഇതുതന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞതെന്നും സരിത നായര്‍ ചൂണ്ടിക്കാട്ടി.

അരുണ്‍ എന്ന പേരിലുള്ള വ്യക്തി തനിക്ക് പണം തന്നിട്ടില്ല. കാണാത്ത ഒരാള്‍ എങ്ങനെ പൈസ തന്നുവെന്നാണ് പറയുന്നത്. രണ്ട് വര്‍ഷത്തെ അകൗണ്ട് രേഖകള്‍ പരിശോധിച്ചുവെന്നും സരിത നായര്‍ പറഞ്ഞു.

സോളാര്‍ കേസിലെ സി.ബി.ഐ അന്വേഷണവുമായി ബന്ധപ്പെട്ട ഗൂഡാലോചനയാണിതെന്നും സരിത നായര്‍ ആരോപിച്ചു. സി.ബി.ഐക്ക് മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള ബ്ലാക്ക് മെയില്‍ വരുന്നുണ്ട്. കേസില്‍ നിന്നും പിന്‍മാറണമെന്നും ആവശ്യപ്പെടുന്നുണ്ടെന്നും സരിത നായര്‍ പറഞ്ഞു.

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് സരിത നായര്‍ പണം തട്ടിയെടുത്തെന്ന് നെയ്യാറ്റിന്‍കര സ്വദേശി എസ്.എസ് അരുണാണ് പരാതി നല്‍കിയത്. ആരോഗ്യകേരളം പദ്ധതിയില്‍ നാല് പേര്‍ക്ക് ജോലി വാങ്ങി നല്‍കിയെന്ന ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരുന്നു.ബെവ്‌കോ, കെ.ടി.ഡി.സി എന്നിവയുമായി ബന്ധപ്പെട്ടും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിലെയും ഉദ്യോഗസ്ഥ തലത്തിലെയും ഉന്നതര്‍ക്കും പങ്കുണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in