പാനല്‍ വേണ്ട പേര് തന്നാല്‍ മതിയെന്ന് ഗവര്‍ണര്‍ പറഞ്ഞു; മനംമാറ്റത്തിന്റെ കാര്യമറിയില്ലെന്ന് മുഖ്യമന്ത്രി

പാനല്‍ വേണ്ട പേര് തന്നാല്‍ മതിയെന്ന് ഗവര്‍ണര്‍ പറഞ്ഞു; മനംമാറ്റത്തിന്റെ കാര്യമറിയില്ലെന്ന് മുഖ്യമന്ത്രി

സര്‍വ്വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പാനല്‍ വേണ്ട പേര് തന്നാല്‍ മതിയെന്ന് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ഒരാളോട് പറഞ്ഞുവെന്ന് മുഖ്യമന്ത്രി. അത് മന്ത്രിയല്ല മറ്റൊരാളാണ് എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിയമന ഉത്തരവില്‍ ഒപ്പിട്ട ഗവര്‍ണര്‍ക്ക് വന്ന മാറ്റത്തിന്റെ കാര്യം അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവിലുള്ളത് ഗവര്‍ണറും സേര്‍ച്ച് കമ്മിറ്റിയും തമ്മിലുള്ള പ്രശ്‌നമാണെന്നും സര്‍ക്കാരുമായി ബന്ധപ്പെട്ടതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ചാന്‍സലറുടെ അധികാരസ്ഥാനം കവര്‍ന്നെടുക്കാന്‍ ഒരു ശ്രമവുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ തന്നെ ആ സ്ഥാനം മുന്നോട്ടും കൊണ്ടു പോകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മനസാക്ഷിക്ക് വിരുദ്ധമായി ഗവര്‍ണര്‍ എന്തെങ്കിലും ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല.

സര്‍ക്കാര്‍ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടത് ഗവര്‍ണര്‍ തന്നെയാണ്. അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. ആ സ്വാതന്ത്ര്യം ഗവര്‍ണര്‍ക്കുണ്ടെന്ന് ചിന്തിക്കുന്ന സര്‍ക്കാരാണ് ഈ സര്‍ക്കാര്‍. ഏതെങ്കിലും കോണില്‍ നിന്ന് വിമര്‍ശനം ഉണ്ടാകുമെന്ന് ഭയന്ന് തീരുമാനം എടുക്കാതിരുന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനുള്ളതല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്

കാലടി സര്‍വ്വകലാശാലയിലേത് ഗവര്‍ണറും സേര്‍ച്ച് കമ്മിറ്റിയും തമ്മിലുള്ള പ്രശ്‌നമാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. സേര്‍ച്ച് കമ്മിറ്റി ഏകകണ്ഠമായി ഒരു പേര് കണ്ടെത്തി. വന്ന ആളുകളില്‍ ഏറ്റവും മികവുറ്റ അക്കാദമിക് വിദഗ്ധന്‍ എന്ന നിലയ്ക്കാണ് ഒരു പേരില്‍ അവര്‍ എത്തിയത്. അത് സ്വഭാവികമായും ചാന്‍സലറുമായി സംസാരിച്ചു. അങ്ങനെ വന്നപ്പോള്‍ ഇതിനകത്ത് ഒരു പാനല്‍ വേണ്ടേ എന്ന ചിന്ത വന്നു.

പാനല്‍ നല്‍കുന്നതിന് വേണ്ടി കമ്മിറ്റി അംഗങ്ങള്‍ വീണ്ടും ആലോചിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഒരു പാനല്‍ തയ്യാറാക്കുന്ന നീക്കത്തിലേക്ക് കടന്നു. ഞാന്‍ കേട്ടത് ബഹുമാനപ്പെട്ട ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളോട് അത് മന്ത്രിയല്ല, ഈ പാനല്‍ വേണ്ട പേര് തന്നാല്‍ മതിയെന്ന് പറഞ്ഞുവെന്നാണ്. അതായത് ഏകകണ്ഠമായി കണ്ടെത്തിയ പേര്. അങ്ങനെയാണ് ഒരു പേര് കൊടുക്കാനിടയായ സാഹചര്യമെന്ന് ഞാന്‍ മനസിലാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ ഞാന്‍ കണ്ടിട്ടില്ല. മനസിലാക്കിയ കാര്യമാണ് പറയുന്നത്. പക്ഷേ പിന്നീട് അതില്‍ നിന്ന് ചാന്‍സലര്‍ക്ക് ഒരു മാറ്റമുണ്ടായിട്ടുണ്ട്. അതെന്താണെന്ന് എനിക്കറയില്ല. കണ്ണൂര്‍ വി.സിയുടെ കാര്യം അദ്ദേഹം ഒപ്പിട്ട് ഉത്തരവായതാണല്ലോ. അദ്ദേഹം ഒപ്പിട്ട് ഉത്തരവായ കാര്യം അദ്ദേഹം തന്നെ തള്ളിപ്പറയുന്നത് ശരിയാണോ. അപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല അദ്ദേഹം അതില്‍ ഒപ്പിട്ടിട്ടുള്ളത്. അത് സ്വാഭാവികമായൊരു നടപടിക്രമത്തിന്റെ ഭാഗമായി വന്നതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in