കേരളത്തിന് യോജിച്ചതല്ല രാഷ്ട്രീയ കൊലകള്‍, ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍

കേരളത്തിന് യോജിച്ചതല്ല രാഷ്ട്രീയ കൊലകള്‍, ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍

ആലപ്പുഴയിലെ എസ്.ഡി.പി.ഐ, ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ ദുഃഖവും നാണക്കേടും തോന്നുന്നെന്ന് ഗര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളം പോലൊരു സംസ്ഥാനത്തിന് യോജിച്ച കാര്യങ്ങളല്ല ഇതൊന്നും എന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ ഒരു വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയതുകൊണ്ടും കാര്യമില്ല. രാഷ്ട്രീയ കാരണങ്ങള്‍ ആരുടെയും മരണത്തിന് കാരണമാകുമെന്നും ആരും നിയമം കയ്യിലെടുക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞു. കാസര്‍ഗോഡ് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

കൊലപാതകങ്ങളില്‍ പ്രതികരിച്ച് വടകര എം.എല്‍.എ കെ. കെ രമയും രംഗത്തെത്തി. കേരളം കലാപഭൂമിയായി മറിയെന്നും അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നുമാണ് കെ കെ രമ പറഞ്ഞത്.

കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ഏത് മാളത്തില്‍ പോയി ഒളിച്ചു കിടക്കുകയാണ്. സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ ഇനി നല്ലതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്ന് കെ കെ രമ പറഞ്ഞു.

12 മണിക്കൂറിനിടെയാണ് രണ്ട് കൊലപാതകങ്ങളും നടന്നത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അല്‍ഷാ ഹൗസില്‍ അഡ്വ. കെ എസ് ഷാന്‍, ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് മണ്ണഞ്ചേരി കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു ഷാനിന് നേരെ ആക്രമണം ഉണ്ടായത്. ഷാന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാറിടിച്ച് വീഴ്ത്തി അഞ്ചംഗ സംഘം വെട്ടുകയായിരുന്നു.

ഗൂഢാലോചനയില്‍ പങ്കെടുത്ത രണ്ട് പേര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. എട്ടംഗ സംഘം വീട് ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in