ഇർഫാൻ ഹബീബിനെ ​ഗുണ്ടയെന്ന് വിശേഷിപ്പിക്കാൻ പാടില്ലായിരുന്നു: ​ഗവർണർ

ഇർഫാൻ ഹബീബിനെ ​ഗുണ്ടയെന്ന് വിശേഷിപ്പിക്കാൻ പാടില്ലായിരുന്നു: ​ഗവർണർ

ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ടയെന്ന് വിശേഷിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആ വാക്ക് ഉപയോ​ഗിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇർഫാൻ ഹബീബിനെ ​ഗുണ്ടയെന്നും ​കണ്ണൂർ സർവകലാശാല വിസി ​ഗോപിനാഥ് രവീന്ദ്രനെ ക്രിമിനൽ എന്നും വിശേഷിപ്പിച്ചത് സംബന്ധിച്ച് ഉയർന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.

'ഞാന്‍ ആ വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. അത് എന്റെ ടെര്‍മിനോളജി അല്ല. എന്നാല്‍ ഒരു വ്യക്തി ശാരീരികമായി നിങ്ങളെ അക്രമിച്ചാല്‍ അയാളെ നിങ്ങള്‍ എന്ത് വിളിക്കും? ഞാന്‍ അങ്ങനെ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു.

ഇര്‍ഫാന്‍ ഹബീബ് ആവര്‍ത്തിച്ച് ചോദിച്ചത് എനിക്കെന്താണ് കണ്ണൂരിലെ പരിപാടിയില്‍ കാര്യം എന്നാണ്. ക്ഷണിച്ചിട്ടാണ് വന്നതെന്ന് ഈ വി.സി ഒരിക്കല്‍ പോലും പറഞ്ഞില്ല', ​ഗവർണർ പറഞ്ഞു.

ഗോപിനാഥ് രവീന്ദ്രന്റെ പി.എച്ച്.ഡിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതുപോലെ തന്നെ 50 വര്‍ഷം മുമ്പ് ഇര്‍ഫാന്‍ ഹബീബ് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അതിന് ശേഷം ഒരു ചെറു ലേഖനമെങ്കിലും എഴുതി കണ്ടിട്ടുണ്ടോ? എന്നും ​ഗവർണർ ചോദിച്ചു.

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച നടപടിയോടും ​ഗവർണർ പ്രതികരിച്ചു. 14 വർഷം ജയിലി‍ൽ കിടന്ന ശേഷമല്ലേ പ്രതികളെ വെറുതെ വിട്ടതെന്നാണ് ​ഗവർണറുടെ പ്രതികരണം. കേരളത്തിലും കുറേ വർഷം ജയിലിൽ കിടന്നവരെ വെറുതെ വിട്ടിട്ടില്ലേ. ഒരുപാട് പേരുടെ മരണത്തിനടയാക്കിയ ഒരു വ്യക്തിയെ (മണിച്ചൻ) സർക്കാർ കുറ്റവിമുക്തനാക്കിയില്ലേ എന്നും ​ഗവർണർ ചോദിച്ചു.

കണ്ണൂർ സർവകലാശാലയിലെ നിയമന വിവാദവുമായി ബന്ധപ്പെട്ടാണ് ​ഗവർണർ വൈസ് ചാൻസലർക്കെതിരെ ​ഗുരുതര ആരോപണവുമായി രം​ഗത്തെത്തിയത്. കണ്ണൂരിൽ 2019ൽ നടന്ന ചരിത്ര കോൺ​ഗ്രസിൽ ​ഗവർണറെ ഇർഫാൻ ഹബീബ് ആക്രമിച്ചെന്നും, ഇത് സംബന്ധിച്ച റിപ്പോർട്ടിൽ വിസി ഒപ്പുവെച്ചില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു.

വിസിയുടെ നേതൃത്വത്തിൽ ​​തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും വിസി ​ക്രിമിനൽ ആണെന്നും ​ഗവർണർ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in