എച്ച്. ആര്‍.ഡി.എസിനെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍, ആദിവാസി ഭൂമി തട്ടിയെടുത്തതിന് കേസ്

എച്ച്. ആര്‍.ഡി.എസിനെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍, ആദിവാസി ഭൂമി തട്ടിയെടുത്തതിന് കേസ്

സ്വപ്‌ന സുരേഷ് ജോലി ചെയ്യുന്ന സംഘപരിവാര്‍ അനുഭാവമുള്ള എച്ച്.ആര്‍.ഡി.എസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംഘടന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ആദിവാസികളുടെ പട്ടയ ഭൂമി കൈയ്യേറി കുടിലുകള്‍ തീവെച്ച് നശിപ്പിച്ചുവെന്ന പരാതിയിലാണ് എച്ച്.ആര്‍.ഡി.എസിനെതിരെ അന്വേഷണം. അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സിലാണ് എസ് സി / എസ് ടി കമ്മീഷന് പരാതി നല്‍കിയത്.

ആദിവാസി ഭൂമി തട്ടിയെടുത്തതില്‍ നിയമ സാധുത പരിശോധിച്ച് കേസെടുക്കാനും പരാതി അന്വേഷിച്ച് 3 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന പട്ടികജാതി പട്ടിക വകുപ്പ് കമ്മീഷന്‍ ഒറ്റപ്പാലം സബ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അട്ടപ്പാടിയിലെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും യോജിക്കാത്ത വാസയോഗ്യമല്ലാത്ത വീടുകള്‍ നിര്‍മ്മിക്കാന്‍ എച്ച്.ആര്‍.ഡി.എസിന് അനുവാദം നല്‍കരുതെന്നും കമ്മീഷന്‍ ജില്ലാ കളക്ടറോട് നിര്‍ദേശിച്ചു.

കാലാകാലങ്ങളായി ആദിവാസികള്‍ വസിച്ചു വന്നിരുന്ന ഏകദേശം 45 ഏക്കറോളം പട്ടയ ഭൂമി എച്ച്.ആര്‍.ഡി.എസ് ഇന്ത്യ കൈയ്യേറി ആദിവാസി കുടിലുകള്‍ തീവെച്ച് നശിപ്പിച്ചുവെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ സുരേഷ് പി.വി നല്‍കിയ പരാതിയില്‍ പറയുന്നു. വ്യാജ രേഖ ചമച്ച് ഈ ഭൂമി പട്ടിക വര്‍ഗക്കാരല്ലാത്തവര്‍ക്ക് അളന്നു കൊടുത്തു എന്നും പരാതിയില്‍ പറയുന്നുണ്ട്. അന്യാധീനപ്പെട്ട ഭൂമി തിരികെ ആദിവാസികള്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഭൂമി അപഹരിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ പരാതിയിലൂടെ ആവശ്യപ്പെട്ടു.

മണ്ണാര്‍ക്കാട് മൂപ്പില്‍ സ്ഥാനം കുന്നത്താട്ട് താത്തുണി മൂപ്പില്‍ നായര്‍ കൊല്ലവര്‍ഷം 1129 മുതല്‍ അട്ടപ്പാടി താലൂക്കില്‍ കോട്ടത്തറ വില്ലേജില്‍ വട്ടലക്കി എന്ന സ്ഥാലത്ത് 111 നമ്പര്‍ ബ്ലോക്കില്‍ 45 ഏക്കറോളം ഭൂമി ആദിവാസികള്‍ക്ക് പട്ടയം നല്‍കിയിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ഇതില്‍ ആദിവാസികളുടെ കമ്മ്യൂണല്‍ ലാന്റ് മാത്രമാണുള്ളത്. ഇവിടെ നികുതി പിരിക്കാന്‍ പാടില്ലെന്നും ഭൂമി പതിവ് ഓഫീസുകള്‍ പാടില്ലെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ എച്ച്.ആര്‍.ഡി.എസ് 2021 ജൂണ്‍ 24ന് അവരുടെ ഭൂമിയില്‍ കയറുവാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് പൊലീസില്‍ വ്യാജ പരാതി നല്‍കിയ ശേഷം ആദിവാസികളുടെ കുടിലുകള്‍ തീവെച്ച് നശിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

അട്ടപ്പാടി താലൂക്കില്‍ കോട്ടത്തറ വില്ലേജില്‍ വട്ടലക്കി എന്ന സ്ഥലത്ത് വിവിധ സര്‍വ്വേ നമ്പറുകളിലായി 17 തീര്‍ ആധാരങ്ങള്‍ പ്രകാരം വിദ്യാദിരാജ വിദ്യാസമാജം ട്രസ്റ്റ് എന്ന സംഘടനയുടെ പേരില്‍ 21.8340 ഹെക്ടര്‍ ഭൂമി മണ്ണാര്‍ക്കാട് സബ് രജിസ്റ്റാര്‍ ഓഫീസിലെ 1982-83 വര്‍ഷത്തെ രേഖകള്‍ പ്രകാരം വിലക്ക് വാങ്ങി ഭൂനികുതി അടച്ചു വരികയാണെന്നും സര്‍വ്വേ നമ്പര്‍ 307/03,307/04,579 എന്നിവയില്‍ ഉള്‍പ്പെടുന്ന വസ്തുക്കള്‍ ആദിവാസി ഭൂമി ആയിരുന്നുവെന്ന് ബോധ്യപ്പെട്ടതായി കമ്മീഷന്റെ ഉത്തരവില്‍ പറയുന്നുണ്ട്. വിദ്യാദിരാജ വിദ്യാസമാജം ട്രസ്റ്റിനുവേണ്ടി വിലയാധാരം ചെയ്ത ഭൂമിയെല്ലാം 1999ലെ കെ.എസ്.ടി ആക്ട് പ്രാബല്യത്തില്‍ വരുന്ന 25.01.1989 ന് മുമ്പായിരുന്നു എന്നും ഈ ട്രസ്റ്റിന്റെ കൈവശമുള്ള ഭൂമി എച്ച്.ആര്‍.ഡി.എസിന് നല്‍കിയതില്‍ തദ്ദേശീയരായ ആദിവസികള്‍ തര്‍ക്കമുന്നയിച്ചിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

എസ്.സി / എസ്.ടി കമ്മീഷിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ നടത്തിയ ഹിയറിങ്ങില്‍ തര്‍ക്കപ്രദേശത്ത് എച്ച്.ആര്‍.ഡി .എസ് നടത്തുന്ന ഭൂമി വികസന പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പട്ടിക വര്‍ഗക്കാരായ തദ്ദേശിയരും എച്ച്.ആര്‍.ഡി.എസും തമ്മില്‍ തര്‍ക്കവും ഷോളയാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമുള്ളതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂമിയുമായി ബന്ധപ്പെട്ട് ആദിവാസികളില്‍ ഉയര്‍ന്നു വന്ന സംശയവും തര്‍ക്കവും ദൂരീകരിക്കുന്നതിന് വിദ്യദിരാജ വിദ്യാസമാജം ട്രസ്റ്റിന്റെ കൈവശമുള്ള ഭൂമി ആരുടേതാണെന്ന പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഈ ഭൂമിയില്‍ കുറേ ഭാഗം ആദിവാസികളുടെ പൂര്‍വ്വിക സ്വത്താണെന്ന അവകാശവാദം വസ്തുതാ പരമായി പരിശോധിക്കാന്‍ റവന്യു/സര്‍വ്വേ, പട്ടിക വര്‍ഗ വികസന വകുപ്പ്, പൊലീസ്, അട്ടപ്പാടി ഭൂരേഖ തഹസില്‍ദാര്‍ എന്നിവരുടെ സംയുക്ത സംഘത്തെ നിയോഗിക്കാനും എസ്‌സി / എസ്ടി കമ്മീഷിന്‍ ഉത്തരവിട്ടു. വിദ്യാദിരാജ വിദ്യാസമാജം ട്രസ്റ്റ് കൈവശപ്പെടുത്തി എച്ച് ആര്‍ ഡി എസിന് കൈമാറിയ ഭൂമി ക്രയവിക്രയം സംബന്ധിച്ച് 1999 ലെ കേരള പട്ടിക വര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനഃഅവകാശ ആക്ട്, കേരള ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് ആക്ട് 1975 എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നിയമ സാധ്യത പരിശോധിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എച്ച്.ആര്‍.ഡി.എസ് ഇന്ത്യ ആദിവാസികള്‍ക്കിടയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ തട്ടിപ്പ് ആരോപിച്ച് വേറെയും പരാതികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട് അട്ടപ്പാടി ഷോളയാര്‍ പഞ്ചായത്തില്‍ എച്ച്.ആര്‍.ഡി.എസ് ആദിവസാകള്‍ക്കായി നല്‍കിയ വീടുകള്‍ വന്യമൃഗ ശല്യമുള്ള മേഖലയില്‍ ആണെന്നും വാസയോഗ്യമാണോ എന്ന് പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി വൈശാഖ് ബീന കേരളീയന്‍ എന്നയാള്‍ സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന് പരാതി നല്‍കിയിട്ടുള്ളതാണ്. മേല്‍ പരാതിയില്‍ വീട് നിര്‍മ്മാണത്തിനായി ഊരിലെ ജനങ്ങളെ തെരഞ്ഞെടുത്ത മാനദണ്ഡം, സര്‍വ്വേ നടത്തിയത് ആരാണ്, വീട് നിര്‍മ്മാണത്തിന്റെ മറവില്‍ പരമ്പരാഗതമായി പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് കിട്ടുന്ന ഭൂമി തട്ടിയെടുക്കാന്‍ ശ്രമം നടന്നോ തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

എച്ച്.ആര്‍.ഡി.എസ് നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദിത്വപ്പെട്ട ആരുടെയും അനുമതി വാങ്ങിയില്ല എന്നാണ് അട്ടപ്പാടി പ്രോജക്ട് ഓഫീസര്‍ ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ഈ സംഘടനയ്ക്ക് ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരോ ബന്ധപ്പെട്ട ജില്ല മജിസ്‌ട്രേറ്റോ അനുമതി നല്‍കിയിട്ടില്ല. മൂന്ന് പതിറ്റാണ്ടുകളായി തരിശുഭൂമിയായി കിടന്ന വട്ടലക്കിയിലെ 45 ഏക്കറോളം സ്ഥലം എച്ച്.ആര്‍.ഡി.എസ് പാട്ടത്തിനെടുത്തു എന്ന വ്യാജേന ഭൂമി കൈയ്യേറുന്നതിനുള്ള ശ്രമം നടന്നിരുന്നതായും പട്ടിക വര്‍ഗക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൊലീസിലും കോടതിയിലും കേസുകളുണ്ടെന്നും അട്ടപ്പാടി പ്രോജക്ട് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.

ഇത് കൂടാതെ എച്ച്.ആര്‍.ഡി.എസ് ആദിവാസി മേഖലയില്‍ നടത്തുന്ന ഹോമിയോ മരുന്നു വിതരണം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ലഭിച്ചിട്ടില്ല എന്നും പ്രോജക്ട് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആളുകളില്‍ നിന്ന് ആധാര്‍ കാര്‍ഡ് നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും ശേഖരിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ആദിവാസി മേഖലയില്‍ പ്രവേശിക്കുന്നതിനും വീട് വച്ച് നല്‍കുന്നതിനും പട്ടിക വര്‍ഗ വികസന വകുപ്പ് എച്ച്.ആര്‍.ഡി.എസിന് അനുമതി നല്‍കിയിട്ടില്ല.

വന്യമൃഗശല്യം നേരിടുന്ന സ്ഥലങ്ങളില്‍ എച്ച് ആര്‍ ഡി എസ് നിര്‍മ്മിച്ച വീടുകള്‍ സുരക്ഷിതമല്ലെന്നും വീടുകളുടെ നിര്‍മ്മാണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ സര്‍ക്കാര്‍ വകുപ്പുകളിടെയോ അനുമതി ലഭിച്ചിട്ടില്ലാത്തതിനാല്‍ ഭൂരിപക്ഷം വീടുകള്‍ക്കും വൈദ്യൂതി കണക്ഷന്‍ ലഭിച്ചിട്ടുമില്ല. ഷോളയാര്‍, അഗളി പഞ്ചായത്തുകളില്‍ എച്ച്.ആര്‍.ഡി.എസ് നിര്‍മ്മിച്ച വീടുകളുടെ ഗുണനിലവാരം വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കാവുന്നതാണ് എന്നും പ്രോജക്ട് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത്തരം പരാതികളുടെയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ അട്ടപ്പാടി മേഖലയില്‍ സര്‍ക്കാര്‍ ഇതര സന്നദ്ധസംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ മേല്‍ അധികാരിയുടെ അംഗീകാരത്തോടെ മാത്രമേ നടത്താന്‍ പാടുള്ളു എന്നും ഹോമിയോ മരുന്നു വിതരണം അടക്കമുള്ള അനുമതിയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസിര്‍ ബന്ധപ്പെട്ട ഓഫീസില്‍ പരാതി നല്‍കണമെന്നും പട്ടികജാതി കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എച്ച്.ആര്‍.ഡി.എസ് ഷോളയൂര്‍ പഞ്ചായത്തില്‍ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ നടത്തു പ്രവര്‍ത്തനങ്ങളിലെ ദുരൂഹതയും നിയമ വിരുദ്ധ നടപടികളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി വുമണ്‍സ് മുവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് അമ്മിണി കെ വയനാടും അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ എച്ച്.ആര്‍.ഡി.എസിന്റെ പൂര്‍വ്വകാല പ്രവര്‍ത്തനങ്ങളും ഭൂമി ഇടപാടുകളു ഉള്‍പ്പെടെ സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്നും ഉചിതമായ നിയമ നടപടികള്‍ സ്വീകരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രമേയവും പാസാക്കിയിട്ടുണ്ട്.

The Cue
www.thecue.in