അധ്യാപകര്‍ക്ക് ഇനി അപ്രൈസലും മാര്‍ക്കും; സ്ഥാനകയറ്റവും ശമ്പളവും മികവ് നോക്കി

അധ്യാപകര്‍ക്ക് ഇനി അപ്രൈസലും മാര്‍ക്കും; സ്ഥാനകയറ്റവും ശമ്പളവും മികവ് നോക്കി

രാജ്യത്തെ സ്‌കൂള്‍ അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ അപ്രൈസല്‍ സംവിധാനം വരുന്നു. ഇതിനായി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ ടീച്ചേഴ്‌സ് (എന്‍പിഎസ്ടി) എന്ന മാര്‍ഗരേഖയുടെ കരട് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ തയ്യാറാക്കി.

അധ്യാപകരുട ശമ്പള വര്‍ധനയും സ്ഥാനക്കയറ്റവും സേവനകാലാവധിയുടെ അടിസ്ഥാനത്തില്‍ മാത്രമാകരുതെന്നും പുതിയ മാനദണ്ഡങ്ങള്‍ ഓരോ സംസ്ഥാനങ്ങളും പരിഗണിക്കണമെന്നുമാണ് കരടു മാര്‍ഗരേഖയിലെ ശുപാര്‍ശ.

പുതിയ മാനദണ്ഡ പ്രകാരം അധ്യാപകര്‍ക്ക് കരിയറില്‍ ബിഗിനര്‍, പ്രൊഫിഷ്യന്റ്, എക്‌സ്പര്‍ട്ട്, ലീഡ് എന്നിങ്ങനെ നാലു ഘട്ടങ്ങളുണ്ടാകും. ബിഗിനര്‍ ആയി ജോലിയില്‍ പ്രവേശിക്കുന്ന അധ്യാപകരുടെ ഓരോ വര്‍ഷവുമുള്ള പ്രവര്‍ത്തന വിലയിരുത്തലിന്റെയും നേടുന്ന വിദഗ്ധ പരിശീലനത്തിന്റെയും അടിസ്ഥാനത്തിലാണ് ഓരോ തലത്തിലേക്കും അപേക്ഷിക്കേണ്ടത്. എക്‌സപേര്‍ട്ട് ടീച്ചറായി അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ച ശേഷമായിരിക്കും ലീഡ് ടീച്ചറായി പരിഗണിക്കപ്പെടുക.

എന്‍സിടിഇയാണ് പ്രവര്‍ത്തന വിലയിരുത്തലിനും ഉന്നത തലത്തിലേക്കു മാറ്റം അനുവദിക്കുന്നതിനുമുള്ള നിയന്ത്രണ സമിതിയായി പ്രവര്‍ത്തിക്കുക. ഇതിന് ഓണ്‍ലൈനായും ഓഫ്‌ലൈനായും മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കും. നിലവില്‍ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്കും ഈ മാറ്റങ്ങള്‍ അനിവാര്യമാണ്. കരടു മാര്‍ഗരേഖയില്‍ പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ പതിനാറ് വരെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in