'മുഖ്യമന്ത്രിക്ക് ശിവശങ്കറിനെ ഭയം' ; രാജിവെച്ച് ജനവിധി തേടണമെന്ന് രമേശ് ചെന്നിത്തല

'മുഖ്യമന്ത്രിക്ക് ശിവശങ്കറിനെ ഭയം' ; രാജിവെച്ച് ജനവിധി തേടണമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനുനേരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ ഭയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹത്തെ ന്യായീകരിക്കുന്നത്. ശിവശങ്കര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അദ്ദേഹത്തിന് വേണ്ടി പിണറായി വിജയന്‍ മുന്‍കൂര്‍ ജാമ്യമെടുക്കുകയാണ്. അന്താരാഷ്ട്ര കള്ളക്കടത്ത് ഏജന്‍സികളെ സഹായിക്കുന്ന ശിവശങ്കറിനെ വാനോളം പുകഴ്ത്തി സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ല. പദവി രാജിവെച്ച് ജനവിധി തേടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍വീസ് റൂള്‍ പ്രകാരം ശിവശങ്കറിന്റെ പേരില്‍ കേസ് എടുത്ത് സസ്‌പെന്‍ഡ് ചെയ്ത്‌ അറസ്റ്റ് ചെയ്യുകയുമാണ് വേണ്ടത്.

ജനങ്ങളോട് പിണറായി മറുപടി പറയണം. രാജ്യദ്രോഹകുറ്റമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നത്. ആരോപണ വിധേയയായ സ്ത്രീയും സര്‍ക്കാരും തമ്മിലുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണം. അവര്‍ക്ക് ആരാണ് ജോലി കൊടുത്തതെന്ന് വിശദീകരിക്കണം. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ടാല്‍ തോന്നുക അവര്‍ ആരുമറിയാതെ സ്‌പേസ് പാര്‍ക്കിലെ പ്രൊഡക്ഷന്‍ മാനേജരുടെ കസേരയില്‍ പോയി ഇരുന്നു എന്നാണ്. ഏത് ഇടപാടിനും പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് ആണ് സര്‍ക്കാരിന് കൂട്ട്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയ നിയമനമാണത്. ഇതിന്റെ ഗുണഭോക്താവ് സിപിഎം ആണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സ്വപ്‌ന സുരേഷ് ഡിപ്ലോമാറ്റ് ആണെന്നാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറയുന്നത്, അവര്‍ എന്ത് ഡിപ്ലോമാറ്റാണെന്നും ചെന്നിത്തല ചോദിച്ചു. സംസ്ഥാനം കണ്ട ഗുരുതരമായ ക്രമക്കേടിനെ നിസ്സാരവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in