സ്‌കൂളും കൊടൈക്കനാല്‍ ഫ്‌ളാറ്റും ഗണേഷ് കുമാറിന്, ഗണേഷിനെ പിന്തുണച്ച് ഇളയസഹോദരി, പിന്നീട് പ്രതികരിക്കാമെന്ന് ഉഷ

സ്‌കൂളും കൊടൈക്കനാല്‍ ഫ്‌ളാറ്റും ഗണേഷ് കുമാറിന്, ഗണേഷിനെ പിന്തുണച്ച് ഇളയസഹോദരി, പിന്നീട് പ്രതികരിക്കാമെന്ന് ഉഷ

ആര്‍.ബാലകൃഷ്ണപ്പിള്ളയുടെ വില്‍പ്പത്രവിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളും ആരോപണങ്ങളും. പിണറായി മന്ത്രിസഭയില്‍ ആദ്യഊഴത്തില്‍ കെ.ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കാത്തതിന് കാരണം സഹോദരി ഉഷ മോഹന്‍ദാസിന്റെ ആരോപണങ്ങളാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഗണേഷിന് പിന്തുണയുമായി മറ്റൊരു സഹോദരി ബിന്ദു ബാലകൃഷ്ണന്‍ രംഗത്ത് വന്നിട്ടുണ്ട്. ബാലകൃഷ്ണപ്പിള്ള 2020 ഓഗസ്റ്റില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വില്‍പ്പത്രം മാറ്റിയെഴുതിയതെന്നാണ് ബിന്ദു പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ വില്‍പ്പത്രത്തില്‍ സ്വത്ത് ഭാഗം വച്ചതിലെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്.

3 മക്കള്‍ക്കും 2 ചെറുമക്കള്‍ക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിള്‍ ട്രസ്റ്റിനും സ്വത്ത് വീതിച്ചു നല്‍കിയാണു വില്‍പത്രം തയാറാക്കിയിട്ടുള്ളത്. 2020 ഓഗസ്റ്റ് 9 ന് ബാലകൃഷ്ണ പിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് വില്‍പത്രം തയ്യാറാക്കിയതെന്നും പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും വില്‍പത്രം തയാറാക്കിയതിനു സാക്ഷ്യം വഹിച്ച കേരള കോണ്‍ഗ്രസ്(ബി) മണ്ഡലം പ്രസിഡന്റ് കെ.പ്രഭാകരന്‍ നായര്‍ പറഞ്ഞു. വില്‍പ്പത്രത്തിലെ സാക്ഷി കൂടിയാണ് പ്രഭാകരന്‍ നായര്‍.

എംസി റോഡില്‍ ആയൂരിനു സമീപം 15 ഏക്കര്‍ റബര്‍ത്തോട്ടം മൂത്തമകള്‍ ഉഷ മോഹന്‍ദാസിന് അവകാശപ്പെട്ടതാണെന്നാണ് വില്‍പത്രത്തില്‍ പറയുന്നത്. ഇടമുളയ്ക്കല്‍ മാര്‍ത്താണ്ടംകര സ്‌കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്‌ലാറ്റും ഗണേഷ് കുമാറിനാണ്. ബാലകൃഷ്ണ പിള്ളയുടെ മരണശേഷം ഗണേഷാണു സ്‌കൂള്‍ മാനേജരെന്നും വില്‍പത്രത്തില്‍ പരാമര്‍ശിക്കുന്നു . വാളകം ബിഎഡ് സെന്റര്‍, കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും പാര്‍ട്ടി ഓഫിസുകള്‍ എന്നിവ ട്രസ്റ്റിന്റെ പേരിലാണ്. പാര്‍ട്ടി ചെയര്‍മാനാണു ട്രസ്റ്റിന്റെയും ചെയര്‍മാന്‍.

പ്രതികരണം പിന്നീടെന്ന് ഉഷാ മോഹന്‍ദാസ്

അതെ സമയം വില്പത്ര ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന്റെ വിവരങ്ങള്‍ സമയമാകുമ്പോള്‍ പറയാമെന്നു സഹോദരി ഉഷ മോഹന്‍ദാസ് പ്രതികരിച്ചു. മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള തയാറാക്കിയ വില്‍പത്രവുമായി ബന്ധപ്പെട്ടു ഗണേഷിനെതിരെ പരാതിയുമായി സഹോദരി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് കെ.ബി ഗണേഷ് കുമാറിന് ആദ്യ ഊഴത്തില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. .'അച്ഛന്റെ വില്‍പത്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാന്‍ കഴിയുമോയെന്നു നോക്കട്ടെ. ബാക്കി അപ്പോള്‍ പുറത്തുവിടാം' എന്നായിരുന്നു ഉഷയുടെ പ്രതികരണം. വില്‍പത്രത്തില്‍. ഉഷയ്ക്ക് വേണ്ടി സ്വത്ത് ഭാഗം വെക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചിട്ടില്ല. ഇതില്‍ ഗണേഷ് കുമാറിന്റെ ഇടപെടലുണ്ടെന്നാണ് ഉഷയുടെ ആരോപണം.അതേസമയം, രാഷ്ട്രീയ കാരണങ്ങളും സാമൂഹിക പരിഗണനകളുമാണ് മന്ത്രി സ്ഥാനം രാണ്ടാം ഊഴത്തില്‍ ആകുവാന്‍ കാരണമെന്ന് വില്‍പത്ര ആരോപണങ്ങള്‍ നിഷേധിച്ചുക്കൊണ്ട് കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.

ഉഷ മോഹന്‍ദാസ് മുഖ്യമന്ത്രി പിണറായി വിജയന് പുറമേ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഗണേഷ് കുമാറിനെതിരെ സാമ്പത്തികത്തട്ടിപ്പുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സഹോദരി ഉയര്‍ത്തിയെന്നാണ് സൂചന. ബാലകൃഷ്ണ പിള്ള തയ്യാറാക്കിയ വില്‍പത്രത്തില്‍ കള്ളക്കളി നടന്നിട്ടുണ്ടെന്നും അതില്‍ ഗണേഷ് കുമാറിന് പങ്കുള്ളതായി സംശയിക്കുന്നതായാണ് ഉഷ പിണറായിയെ അറിയിച്ചത്. വില്‍പത്രവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഉഷ തെളിവും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസത്തെ എല്‍.ഡി.എഫ് യോഗത്തില്‍ ആദ്യത്തെ ടേമില്‍ മന്ത്രിയാക്കണമെന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യത്തെ ടേം ആന്റണി രാജുവിനും രണ്ടാമത്തെ ടേം കെ.ബി ഗണേഷ്‌കുമാറിനും പങ്കിടാമെന്നായിരുന്നു കോടിയേരി പറഞ്ഞത്.

പത്തനാപുരം എം.എല്‍.എ ആയ ഗണേഷ് കുമാര്‍ 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്നു. 2013 ല്‍ ഗാര്‍ഹി പീഡനവുമായി ബന്ധപ്പെട്ട് മുന്‍ഭാര്യ യാമിനി തങ്കച്ചി നല്‍കിയ പരാതിയെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. വില്‍പത്ര വിവാദത്തില്‍ ഗണേഷ് കുമാറിനെ പിന്തുണക്കുകയാണ് ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണന്‍. സ്വന്തം ഇഷ്ടപ്രകാരമാണ് ബാലകൃഷ്ണപിള്ള വില്‍പത്രം എഴുതിയതെന്ന് ബിന്ദു. ഗണേഷ് ഇതില്‍ ഇടപെട്ടിട്ടില്ല. മരിക്കുന്നതിന് തൊട്ടുമുന്‍പ് മാത്രമാണ് അച്ഛന് ഓര്‍മക്കുറവ് ഉണ്ടായിരുന്നത്. അതിന് മാസങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ തന്നെ സ്വന്തം ഇഷ്ടപ്രകാരമാണ് വില്‍പത്രം തയ്യാറാക്കിയത്. സഹോദരി ഉഷയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ബിന്ദുവിന്റെ വാദം. ആരുടെയും സ്വാധീനത്തിന് വഴങ്ങുന്ന ആളല്ല അച്ഛന്‍ ബാലകൃഷ്ണപിള്ള എന്നും ബിന്ദു പറഞ്ഞു. ഗണേഷ് ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച ആളാണ്. ഇനിയെങ്കിലും ഗണേഷിന് മനസമാധാനം നല്‍കണമെന്നും ബിന്ദു

തര്‍ക്കം പരിഹരിച്ചശേഷം കെ.ബി ഗണേഷ്‌കുമാറിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് എല്‍ഡിഎഫും സിപിഎമ്മും. കേരളകോണ്‍ഗ്രസ് (ബി)യ്ക്ക് മന്ത്രി സ്ഥാനം രണ്ടാം ഊഴത്തിലാണെന്നും മറ്റ് പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കെ.ബി ഗണേഷ് കുമാര്‍.

Related Stories

No stories found.
logo
The Cue
www.thecue.in