അമ്മ ക്ലബ്ബായെങ്കില്‍ ഞാന്‍ രാജിവെക്കും; ഇടവേള ബാബു പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഗണേഷ് കുമാര്‍

അമ്മ ക്ലബ്ബായെങ്കില്‍ ഞാന്‍ രാജിവെക്കും;  ഇടവേള ബാബു പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഗണേഷ് കുമാര്‍

താരസംഘടനയായ അമ്മ ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.ബി ഗണേഷ് കുമാര്‍. പ്രസ്താവന പിന്‍വലിച്ച് ഇടവേള ബാബു മാപ്പ് പറയണം. അമ്മ ക്ലബ്ബായെങ്കില്‍ താന്‍ രാജിവെക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ദിലീപ് എന്താണോ ചെയ്തത് അത് വിജയ് ബാബുവും ചെയ്യണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബു വിദേശത്തേക്ക് കടന്ന സമയത്ത് തന്നെ ഇടവേള ബാബു എന്തിന് വിദേശത്തേക്ക് പോയി. അവിടെ പലയിടത്തും കണ്ടതായി പലരും പറയുന്നു. ഇതില്‍ അന്വേഷണം വേണമെന്നും ഗണേഷ് കുമാര്‍

ഗണേഷ് കുമാര്‍ പറഞ്ഞത്

സാധാരണ ക്ലബ്ബുകളില്‍ കാണുന്നത് പോലെ ചീട്ട് കളിക്കാനുള്ള സൗകര്യവും ബാറിലുള്ള സൗകര്യവും അമ്മയില്‍ ഒരുക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വലിയൊരു ആശങ്കയുണ്ടായി. എന്റെ അറിവില്‍ അമ്മ ഒരു ക്ലബ്ബല്ല. അമ്മ ഒരു ചാരിറ്റബില്‍ സംഘടനയായാണ് രജിസ്റ്റര്‍ ചെയ്തത്. ഏതെങ്കിലും സാഹചര്യത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് ശ്രീ ഇടവേള ബാബുവും അമ്മയുടെ ബഹുമാന്യനായ പ്രസിഡന്റ് മോഹന്‍ലാലും വ്യക്തമാക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്.

അമ്മയില്‍ ജോലി ചെയ്യുന്ന ആളുകള്‍ വാര്‍ദ്ധക്യത്തില്‍ കഷ്ടപ്പെടാന്‍ പാടില്ല. അവര്‍ക്ക് താങ്ങും തണലുമായി നില്‍ക്കാന്‍ കഴിയണം എന്ന ലക്ഷ്യത്തിലാണ് ഈ സംഘടന ആരംഭിക്കുന്നത്. ഒരു ക്ലബ്ബായി പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍ ഇടവേള ബാബു തന്റെ സ്റ്റേറ്റ്‌മെന്റ് പിന്‍വലിച്ച് മാപ്പ് പറയണം. അമ്മ ക്ലബ്ബായി മാറിയെന്ന് ഇടവേള ബാബു പ്രഖ്യാപിച്ചാല്‍ ആ നിമിഷം അമ്മയില്‍ നിന്ന് ഞാന്‍ രാജിവെക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ്. എനിക്കങ്ങനെയൊരു ക്ലബ്ബില്‍ അംഗമായിരിക്കാന്‍ താത്പര്യമില്ല.

ആരോപണവിധേയനായ ആള്‍ അമ്മയില്‍ നിന്ന് രാജിവെച്ച് പോയി. മോഹന്‍ലാല്‍ ആവശ്യപ്പെട്ടിട്ടാണ് രാജികൊടുത്തതെന്ന് പറയുന്നു. സ്വയം വെച്ചതാണെന്ന് പറയുന്നു. അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.

അദ്ദേഹത്തിനെ കോടതി വെറുതെ വിട്ടതായി അറിവില്ല. ദിലീപ് എന്താണോ ചെയ്തത് അത് ഇദ്ദേഹവും ചെയ്യണം. ഇദ്ദേഹം ഇന്ത്യയ്ക്ക് പുറത്തേക്ക് കടന്ന സമയത്ത് ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്തിന് വിദേശത്തേക്ക് പോയി. അവിടെ പലയിടത്തും കണ്ടതായി പറയുന്നു ഇതേസമയത്ത് തന്നെ. അതൊക്കെ എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in