അമ്മ ഇടവേള ബാബുവിന്റെ പ്രൈവറ്റ് പ്രോപ്പര്‍ട്ടിയല്ല;  മോഹന്‍ലാല്‍ വിജയ് ബാബുവിന്റെ രാജി ആവശ്യപ്പെടണമെന്ന് ഗണേഷ് കുമാര്‍

അമ്മ ഇടവേള ബാബുവിന്റെ പ്രൈവറ്റ് പ്രോപ്പര്‍ട്ടിയല്ല; മോഹന്‍ലാല്‍ വിജയ് ബാബുവിന്റെ രാജി ആവശ്യപ്പെടണമെന്ന് ഗണേഷ് കുമാര്‍

അമ്മ ക്ലബ്ബാണെന്ന പരാമര്‍ശത്തില്‍ വീണ്ടും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ ഗണേഷ് കുമാര്‍. ക്ലബ്ബ് എന്ന വാക്കിന്റെ വിക്കിപീഡിയ അര്‍ത്ഥമല്ല ചോദിച്ചതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വിഷയത്തില്‍ ഇടവേള ബാബുവിന്റെ മറുപടിക്ക് ശേഷമാണ് ഗണേഷ് കുമാര്‍ വീണ്ടും മാധ്യമങ്ങളെ കണ്ടത്.

അതിജീവിതയുടെ ആരോപണത്തിന് അമ്മ മറുപടി നല്‍കണമെന്നും മോഹന്‍ലാല്‍ വിജയ് ബാബുവിന്റെ രാജി ആവശ്യപ്പെടണമെന്നും ഗണേഷ്. നേരത്തെ ഒരു അതിജീവിതയുടെ വിഷയം വന്നപ്പോള്‍ ദിലീപ് എന്താണോ ചെയ്തത് അത് തന്നെ വിജയ് ബാബുവും ചെയ്യണമെന്നും ഗണേഷ് പറഞ്ഞു.

ഗണേഷ് കുമാര്‍ പറഞ്ഞത്

വിജയ് ബാബുവിന്റെ കേസ് ബലാത്സംഗ കേസാണ്. അതിന് ഇടവേള ബാബു മറുപടി പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പകര്‍പ്പ് എനിക്ക് അയച്ച് തന്നിട്ടുണ്ട്. അതില്‍ അദ്ദേഹം എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചിരിക്കുകയാണ്. ഞാന്‍ അത്രയും വലിയ പരിജ്ഞാനമുള്ള പ്രൊഫസര്‍ ബാബുവല്ല. ഞാനൊരു സാധാരണക്കാരനായ ആളാണ്. പിന്നെ അദ്ദേഹം ജഗതി ശ്രീകുമാറിന്റെ കാര്യമാണ് പറയുന്നത്.

ജഗതിയുടെ കേസ് ഇവിടെ വലിച്ചിഴയ്ക്കുന്നത് ശരിയല്ല. ജഗതി ശ്രീകുമാറിനെ അദ്ദേഹത്തിന്റെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയിട്ടുണ്ട്. അതുകൊണ്ട് ആ വിഷയം ഇതിലേക്ക് വലിച്ചിഴക്കേണ്ട. അന്നൊന്നും ഇടവേള ബാബു അമ്മയുടെ കമ്മിറ്റിയിലൊന്നും ഇല്ല. അതൊക്കെ അദ്ദേഹം ഒരു പൊങ്ങച്ചത്തിന് പറയുന്നതാണ്.

അമ്മ ഇടവേള ബാബുവിന്റെ പ്രൈവറ്റ് പ്രോപ്പര്‍ട്ടിയല്ല. സമാനമായ കേസ് വന്നപ്പോള്‍ ദിലീപ് അമ്മയില്‍ നിന്ന് രാജിവെച്ചു. അതുപോലെ വിജയ് ബാബു രാജിവെക്കണം, അല്ലെങ്കില്‍ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടണം.

ആരെയോ സംരക്ഷിക്കാന്‍ വേണ്ടി ശ്രമം നടത്തുകയാണ്. അവിടെയാണ് അതിജീവിതയായ കുട്ടിയുടെ ആരോപണം നമ്മള്‍ മുഖവിലയ്ക്ക് എടുക്കേണ്ടത്. വാശിയോടെ ഈ ക്ലബ്ബ് എന്ന പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നത് എന്തിനെന്ന് പറയണം. ആരെ രക്ഷിക്കാനാണത്.

അതിജീവിതയായ കുട്ടിയുടെ ഒരു പരാമര്‍ശം ഞാന്‍ മാതൃഭൂമിയില്‍ വായിച്ചിരുന്നു. അതില്‍ പറയുന്നത് ഇങ്ങനെയാണ്. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്ള ആരോ പണമൊക്കെ പറ്റിയിട്ടാണ് ആരോപണ വിധേയനായ ആളുടെ ഒപ്പം നില്‍ക്കുന്നതെന്ന് ആ കുട്ടി പറഞ്ഞിട്ടുണ്ട്. അതിന് മറുപടി ഇല്ലല്ലോ. അതുകൊണ്ട് ആദ്യം ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് മുമ്പേ ആ കുട്ടിയുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ ഇടവേള ബാബു തയ്യാറവട്ടെ. അതൊന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടില്ല.

ക്ലബ്ബാണെങ്കില്‍ എന്നെപ്പോലെ ഒരുപാട് പേര്‍ക്ക് ക്ലബ്ബില്‍ നില്‍ക്കാന്‍ താത്പര്യമില്ല. ഞാന്‍ പറഞ്ഞതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു. ഏത് ക്ലബ്ബാണെന്ന് മനസിലായില്ല. അദ്ദേഹം ബാബുജി ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ക്ലബില്‍ അല്ലല്ലോ അംഗത്വമെടുത്തിരിക്കുന്നത്.

ഇടവേള ബാബുവിന്റെ ഇംഗ്ലീഷോ എന്റെ ഇംഗ്ലീഷിന്റെ പരിജ്ഞാന കുറവോ ഒന്നും അല്ല എന്റെ പ്രശ്‌നം. ഞാന്‍ പ്രൊഫസറല്ലല്ലോ. ക്ലബ്ബ് എന്ന വാക്കിന്റെ വിക്കിപീഡിയ അര്‍ത്ഥമല്ല ചോദിച്ചത്. അത് കണ്ട് പിടിച്ച് തരണേ എന്നല്ല ഞാന്‍ പറഞ്ഞത്. മറ്റൊരു അതിജീവിതയുടെ കേസില്‍ ദിലീപ് എന്ന അംഗത്തോട് എന്ത് നിലപാട് എടുത്തോ അത് തന്നെ ഇവിടെ വേണം. വിജയ് ബാബുവിനോട് രാജിവെക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടണം. ബിനീഷ് കോടിയേരിയെ പുറത്താക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in