ചിലിയിലെ 24 അംഗ മന്ത്രിസഭയില്‍ 14 പേരും വനിതകള്‍, ഫെമിനിസ്റ്റ് മന്ത്രിസഭയെന്ന് ഗബ്രിയേല്‍ ബോറിക്

ചിലിയിലെ 24 അംഗ മന്ത്രിസഭയില്‍ 14 പേരും വനിതകള്‍, ഫെമിനിസ്റ്റ് മന്ത്രിസഭയെന്ന് ഗബ്രിയേല്‍ ബോറിക്

മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഗബ്രിയേല്‍ ബോറിക് ചിലിയുടെ പ്രസിഡന്റായി ചുമതലയേറ്റു. ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ഗബ്രിയേല്‍ ബോറിക്. വെള്ളിയാഴ്ചയാണ് ബോറിക് പ്രസിഡന്റായി ചുമതലയേറ്റത്.

വനിതകളുടെ സാന്നിധ്യമാണ് ബോറിക് മന്ത്രിസഭയുടെ ഏറ്റവും വലിയ പ്രത്യേകത. 24 അംഗ കാബിനറ്റില്‍ 14 പേരും വനിതകളാണ്. മുന്‍ ഇടതുപക്ഷ പ്രസിഡന്റ് ആയിരുന്ന സാല്‍വദോര്‍ അലന്‍ഡെയുടെ കൊച്ചുമകള്‍ മായ ഫെര്‍ണാണ്ടസ് അലന്‍ഡെയാണ് പ്രതിരോധ മന്ത്രി. ചിലിയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവനേതാവായ കാമില്ല വല്ലേജോ മന്ത്രിയും സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവുമാകും.

പുതിയ കാബിനറ്റിനെ ഫെമിനിസ്റ്റ് മന്ത്രിസഭയെന്നാണ് ഗബ്രിയേല്‍ ബോറിക് വിശേഷിപ്പിച്ചത്. പേരുപോലെ തന്നെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ആദ്യം ഊന്നല്‍ കൊടുക്കുന്നത് അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനായിരിക്കും എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

49 വര്‍ഷത്തിന് ശേഷമാണ് ചിലിയില്‍ ഭരണം വീണ്ടും ഇടതുപക്ഷത്തേക്കെത്തുന്നത്. ചിലിയിലെ മുന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി ഉയര്‍ന്ന, പൗരന്മാരുടെ സമരമാണ് വീണ്ടും ഇടതുപക്ഷത്തിന് ഭരിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്.

വേതനത്തിലെ തുല്യത ഉറപ്പുവരുത്തുക, ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുക, വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, പെന്‍ഷന്‍ സംവിധാനം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി 2019 മുതല്‍ നടക്കുന്ന ജനകീയ സമരങ്ങള്‍ക്കൊടുവിലാണ് ചിലിയില്‍ ഭരണം ഇടതുപക്ഷത്തിലേക്കെത്തിയിരിക്കുന്നത്.

ചിലിയിലെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പ്രധാനപ്പെട്ട നേതാക്കളിലൊരാള്‍ ഗബ്രിയേല്‍ ബോറിക് ആയിരുന്നു.

രാജ്യത്തെ സാമ്പത്തിക അസമത്വം ഇല്ലാതാക്കാന്‍ ചിലിയുടെ പെന്‍ഷനും ആരോഗ്യ സംവിധാനവും തിരിച്ചു കൊണ്ടുവരുമെന്നും ജോലി സമയം ആഴ്ചയില്‍ 45 എന്നത് 40 മണിക്കൂറാക്കി ചുരുക്കുമെന്നും ബോറിക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഒരുകാലത്ത് ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും സ്ഥിരതയുള്ള രാജ്യമായിരുന്നു ചിലി. എന്നാല്‍ ഇപ്പോള്‍ സാമ്പത്തിക അസമത്വം നിലനില്‍ക്കുന്ന രാജ്യമാണിത്. ചിലിയില്‍ ജനക്ഷേമ നയങ്ങളിലൂടെ സാമ്പത്തിക വിദ്യാഭ്യാസ രംഗത്തെ അടിമുടിയുള്ള മാറ്റം സാധ്യമാക്കുമെന്നാണ് ഗബ്രിയേല്‍ ബോറിക് തെരഞ്ഞെടുപ്പ് വിജയിച്ചപ്പോള്‍ വ്യക്തമാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in