അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു; ഷാജൻ സ്കറിയക്കെതിരെ ഡൽഹി ഹൈക്കോടതി

അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു; 
ഷാജൻ സ്കറിയക്കെതിരെ ഡൽഹി ഹൈക്കോടതി

മറുനാടൻ മലയാളിയും ഷാജൻ സ്കറിയയും ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതായി ഡൽഹി ഹൈക്കൊടതിയുടെ രൂക്ഷ വിമർശനം. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യുസഫലിക്കെതിരായ അപകീർത്തികരമായ എല്ലാ വീഡിയോകളും വാർത്തകളും പിൻവലിക്കാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു. ഷാജൻ സ്കറിയക്ക് ഹൈക്കോടതി സമൻസ് അയച്ചു. തനിക്കെതിരെ മറുനാടൻ നൽകിയ വാർത്തകൾക്കെതിരെ യൂസഫലി നൽകിയ പരാതിയിലാണ് ഡൽഹി ഹൈക്കോടതി ഇപ്പോൾ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്

അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിൻ്റെ അവിഭാജ്യ ഘടകമാണ്. എന്നാൽ ഇത് മറ്റൊരു വ്യക്തിയെ അപകാനിക്കുന്നതിനോ വ്യക്തിഹത്യ നടത്തുന്നതിനോ, അവരുടെ സ്വാതന്ത്ര്യത്തെ അവഹേളിക്കുന്നതിനോ ഉള്ള അവകാശമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാജ്യത്തിൻറെ ഉന്നത ഭരണഘടനാ സ്ഥാനങ്ങളിലിരിക്കുന്നവരും ഇത്തരം വ്യാജവാർത്തകളിലൂടെ അവഹേളിക്കപ്പെടുന്നു എന്നും കോടതി അഭിപ്രായപ്പെട്ടു. ലുലു ഗ്രൂപ്പിനും തനിക്കും എതിരെ മറുനാടൻ മലയാളി നൽകുന്ന വ്യാജവാർത്തകൾ വിലക്കണമെന്നായിരുന്നു യൂസഫലിയുടെ പ്രധാനപ്പെട്ട ആവശ്യം.

24 മണിക്കൂറിനുള്ളിൽ യുസഫലിക്കും ലുലു ഗ്രൂപിനുമെതിരെ നൽകിയ എല്ലാ അപകീർത്തികരമായ വാർത്തകളും നീക്കം ചെയ്യണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നിർദ്ദേശം പാലിക്കാൻ മറുനാടൻ മലയാളി തയ്യാറായില്ലെങ്കിൽ മറുനാടൻ ചാനൽ സസ്പെൻഡ് ചെയ്യാനും അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കൊടതി നിർദ്ദേശം നൽകി.

കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരെ അപ്രകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കരുത് എന്നും കോടതി പറഞ്ഞു.

പലതവണ നിരവധി കോടതികൾ വിലക്കിയിട്ടും യൂസഫലിക്കും ലുലു ഗ്രൂപ്പിനുമെതിരായ അപകീർത്തികരമായ വാർത്തകൾ കൊടുക്കുന്നത് മറുനാടൻ മലയാളി തുടരുകയാണെന്ന് യൂസഫലിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായിരുന്ന മുകുൾ റോത്തഗി ആരോപിച്ചു. എന്നാൽ ഡൽഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹർജി പരിഗണിക്കാൻ നിയമപരമായ അവകാശം ഇല്ലെന്നായിരുന്നു ഷാജൻ സ്കറിയയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രധാരി സിംഗ് ഷാജൻ സ്കറിയക്കെതിരെ രൂക്ഷ വിമർശനത്തോടെയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in