മിണ്ടിയാല്‍ പടിക്ക് പുറത്ത്, ഇവരില്‍ നിന്നും നിങ്ങള്‍ നീതി പ്രതീക്ഷിച്ചിരുന്നോ നിഷ്‌കളങ്കരേ? ലീഗിനെതിരെ ഹരിത മുന്‍ നേതാവ്

മിണ്ടിയാല്‍ പടിക്ക് പുറത്ത്, ഇവരില്‍ നിന്നും നിങ്ങള്‍ നീതി പ്രതീക്ഷിച്ചിരുന്നോ നിഷ്‌കളങ്കരേ? ലീഗിനെതിരെ ഹരിത മുന്‍ നേതാവ്

എം.എസ്.എഫിന്റെ വനിത വിഭാഗമായ ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടിയെ വിമര്‍ശിച്ച് മുന്‍ നേതാവ്. ഹരിതയുടെ മുന്‍ സംസ്ഥാന ഭാരവാഹിയായ ഹഫ്‌സമോള്‍ ആണ് ഫെയ്‌സ്ബുക്കിലൂടെ ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

പുതുതായി രൂപീകരിക്കുന്ന സംസ്ഥാന കമ്മിറ്റിയെ ഇന്നേ അവര്‍ പൊക്കിയടിക്കൂ എന്നും അടുത്ത ദിവസം മുതല്‍ മിണ്ടരുത് മിണ്ടിയാല്‍ പടിക്ക് പുറത്ത് എന്നാകും പറയുകയെന്നാണ് ഹഫ്‌സയുടെ പോസ്റ്റ്. ഭരണഘടനയില്‍ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതിയാണ് പുറത്താക്കുക എന്നും ഹഫ്‌സ കൂട്ടിച്ചേര്‍ത്തു

ഇവരില്‍ നിന്നും അല്ലെങ്കിലും നിങ്ങള്‍ നീതി പ്രതീക്ഷിച്ചിരുന്നോ എന്നും വിസ്മയമാണെന്റെ ലീഗ് എന്നും ഹഫ്‌സ പരിഹസിക്കുന്നു.

ബുധനാഴ്ച മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തിലായിരുന്നു ഹരിത സംസ്ഥാനകമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനമുണ്ടായത്. കടുത്ത അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടിയെന്നായിരുന്നു വിശദീകരണം. നിലവിലെ കമ്മിറ്റി കാലാവധി കഴിഞ്ഞതാണെന്നും ഹരിതയ്ക്ക് പുതിയ കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്നുമാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞത്.

അതേസമയം അപമാനിച്ചവര്‍ക്കെതിരെ പോരാട്ടം തുടരുമെന്ന് സംസ്ഥാന അധ്യക്ഷ മുഫീദ തെസ്നി പറഞ്ഞു.

സംഘടന അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. പോരാടാന്‍ തങ്ങളെ പ്രാപ്തരാക്കുകയാണ് ചെയ്തതെന്നും മാധ്യമം പത്രത്തിലെഴുതിയ ലേഖനത്തില്‍ മുഫീദ പറയുന്നു.

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വ്യക്തി അധിക്ഷേപങ്ങളും പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷ. അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. വനിത കമ്മീഷനില്‍ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണെന്നും തെസ്‌നി പറഞ്ഞു.

ഹഫ്‌സയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പുതുതായി വരുന്ന എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കാന്‍ പോവുന്ന

പ്രസിഡന്റ് : ആയിഷ ബാനു

വൈസ് പ്രെസി : നജ്വ ഹനീന കുറുമാടന്‍, നഹാല സഹീദ്, അഖീല

ജനറല്‍ സെക്രട്ടറി : റുമൈസ കണ്ണൂര്‍

ജോ. സെക്രട്ടറി :തൊഹാനി, റംസീന നരിക്കുനി, നയന സുരേഷ്

ട്രഷറര്‍ : സുമയ്യ

തുടങ്ങിയവര്‍ക്ക് മുന്‍കൂര്‍ അഭിവാദ്യങ്ങള്‍. വിശദമായ അഭിവാദ്യങ്ങള്‍ കമ്മിറ്റി നിലവില്‍ വന്ന ശേഷം നേരുന്നതാണ്.

ഇന്നേ പൊക്കിയടിക്കാന്‍ തുടങ്ങൂ.. നാളെ കമ്മിറ്റിയില് വരാം..

മിണ്ടരുത്.. മിണ്ടിയാല്‍ പടിക്ക് പുറത്താണ്..

ആരാണ് പുറത്താക്കുക എന്ന് അറിയുമോ ?

ഭരണഘടനയില്‍ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതി..

അല്ലേലും നിങ്ങള്‍ ഇവരില്‍ നിന്ന് നീതി പ്രതീക്ഷിച്ചിരുന്നോ നിഷ്‌കളങ്കരെ...?

സ്രാങ്ക് പറയും അപ്പം കേട്ടാല്‍ മതി

സ്രാങ്ക് ചെയ്യും അപ്പം കണ്ടാല്‍ മതി..

ജയ് സദിഖലി ശിഹാബ് തങ്ങള്‍

വിസ്മയമാണെന്റെ ലീഗ്

Related Stories

No stories found.
logo
The Cue
www.thecue.in