മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. തൊണ്ടയിലെ അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ബംഗളുരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.30 ഓടെയായിരുന്നു അന്ത്യം. . അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയാണ്. 2004 മുതൽ 2006വരെയും 2011 മുതൽ 2016വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.

ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്തെത്തുക. പിന്നീട് വസതിയിലേക്ക് കൊണ്ടുപോകും. അതുകഴിഞ്ഞ് ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. പൊതുദർശനത്തിന് ശേഷം കെപിസിസി ഓഫീസിൽ പൊതുദർശനം നടക്കും. ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കരയിൽ ആദ്യം മൈതാനത്ത് പൊതു ദർശനത്തിന് വെക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും ന​ഗരം ചുറ്റി വിലാപ യാത്രയും നടക്കും. മറ്റന്നാൾ 2 മണിക്കാണ് സംസ്കാരം.

1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ ഒ ചാണ്ടിയുടേയും ബേബി ചാണ്ടിയുടേയും മകനായിട്ടാണ് ഉമ്മൻ ചാണ്ടിയുടെ ജനനം. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ എസ് യു വിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി. പുതുപ്പളളി എം ഡി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടി പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിലും ശേഷം കോട്ടയം സി എം എസ് കോളേജിലും പഠിച്ചു. ചങ്ങനാശ്ശേരി എസ്ബി കോളേജിൽ നിന്നും ബി എ ബിരുദവും എറണാകുളം ലോ കോളേജിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കി.

കെ എസ് യു യൂണിറ്റ് പ്രസിഡന്റിൽ തുടങ്ങി എഐസിസി ജനറൽ സെക്രട്ടറിവരെയും വർക്കിംഗ് കമ്മിറ്റി അംഗമായും മാറി. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്ന് 12 തവണ തുടർച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടു തവണ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി നാലു തവണ കേരള സർക്കാരിൽ മന്ത്രിയായിട്ടുണ്ട് . ആദ്യ കെ . കരുണാകരൻ മന്ത്രിസഭയിൽ 1977 ഏപ്രിൽ 11 മുതൽ 1977 ഏപ്രിൽ 25 വരെ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം 1978 ഒക്ടോബർ 27 വരെ അതേ വകുപ്പ് കൈകാര്യം ചെയ്തു. 1981 ഡിസംബർ 28 മുതൽ 1982 മാർച്ച് 17 വരെ രണ്ടാം കെ. കരുണാകരൻ മന്ത്രിസഭയിൽ. 1991 ജൂലൈ 2-ന് നാലാമത്തെ കെ.കരുണാകരൻ മന്ത്രിസഭയിൽ അദ്ദേഹം വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ധനകാര്യ വകുപ്പിന്റെ ചുമതല വഹിച്ച അദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. 2004 ൽ പാർലമെന്റിലെ കനത്ത തോൽവിയെ തുടർന്ന് എകെ ആന്റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി തുടർന്നു. തുടർന്ന് അഞ്ച് വർഷം ( 2006 മുതൽ 2011 ) പ്രതിപക്ഷ നേതാവായി. പന്ത്രണ്ടാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു ഉമ്മൻചാണ്ടി.

കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

Related Stories

No stories found.
logo
The Cue
www.thecue.in