മന്ത്രി ഇടപെട്ടു; ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കില്ല

മന്ത്രി ഇടപെട്ടു; ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കില്ല

മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍.

''ബാബുവിന്റെ കുടുംബത്തെയോ ബാബുവിനെയോ ഉപദ്രവിക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകില്ല. അത്തരം കേസുമായി മുന്നോട്ട് പോകേണ്ടതില്ല എന്ന് ഇന്ന് വനംവകുപ്പിന്റെ ആലോചനാ യോഗം തീരുമാനിച്ചിട്ടുണ്ട്.

ജനങ്ങളും ഇക്കാര്യത്തില്‍ സഹകരിക്കണം. കാരണം നിയമാനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അത് സ്വന്തം സുരക്ഷയ്ക്കും കൂടി ഭീഷണിയാകുന്നുവെന്ന് മനസിലാക്കി ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ പാടില്ല,'' മന്ത്രി പറഞ്ഞു.

വനമേഖലയില്‍ അനുമതിയിയില്ലാതെ അതിക്രമിച്ച് കയറിയതിന് ബാബുവിനെതിരെ കേസെടുക്കുമെന്ന് വനം വകുപ്പ് പറഞ്ഞിരുന്നു. ഒരു വര്‍ഷം തടവോ പിഴയോ ലഭിക്കുന്ന കുറ്റം ബാബുവിനെതിരെ ചുമത്താനായിരുന്നു ആലോചന.

നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് വാര്‍ഡിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. 48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. ബുധനാഴ്ച ബാബുവിന് ദ്രാവക രൂപത്തിലുള്ള ഭക്ഷണം നല്‍കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in