ഈ പ്രശ്‌നങ്ങളെല്ലാം നേരിട്ടറിയാം; വിപണി കണ്ടെത്താന്‍ പ്രയാസപ്പെടുന്ന കര്‍ഷകര്‍ക്കായി ഭക്ഷ്യവകുപ്പിന് പദ്ധതികളുണ്ടെന്ന് ജി ആര്‍ അനില്‍

ഈ പ്രശ്‌നങ്ങളെല്ലാം നേരിട്ടറിയാം; വിപണി കണ്ടെത്താന്‍ പ്രയാസപ്പെടുന്ന കര്‍ഷകര്‍ക്കായി ഭക്ഷ്യവകുപ്പിന് പദ്ധതികളുണ്ടെന്ന് ജി ആര്‍ അനില്‍

തിരുവനന്തപുരം: കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും കേരളത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥ ഉണ്ടാകേണ്ടതുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ദ ക്യൂവിനോടായിരുന്നു ജി.ആര്‍ അനിലിന്റെ പ്രതികരണം.

ഇതുമായി ബന്ധപ്പെട്ട് കൃഷിവകുപ്പ് തന്നെ നേരത്തെ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ പ്രശ്‌നങ്ങളെല്ലാം നേരിട്ട് അറിയുന്ന ആള്‍ കൂടിയാണ് താനെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്ക് വിപണി കണ്ടെത്താന്‍ സഹായിക്കുന്നതിനായി ഭക്ഷ്യവകുപ്പിന്റെ ഓണ്‍ലൈന്‍ ബിസിനസിലേക്ക് പച്ചക്കറിയും പഴവര്‍ഗങ്ങളും മത്സ്യ മാംസങ്ങളും വില്‍ക്കാനുള്ള അവസരം കര്‍ഷകര്‍ക്ക് ഉണ്ടാക്കികൊടുക്കാനുള്ള ശ്രമം നടത്തുമെന്ന് ജിആര്‍ അനില്‍ പറഞ്ഞു. പൊതുവിതരണ സ്ഥാപനങ്ങളുമായി ഇത് ബന്ധിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യകിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ പട്ടിണികിടക്കരുത് എന്ന ഉദ്ദേശമായിരുന്നു സര്‍ക്കാരിനുണ്ടായിരുന്നത്. അതില്‍ നിന്ന് അയല്‍ സംസ്ഥാന തൊഴിലാളികളെയും ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി ദ ക്യൂവിനോട് പ്രതികരിച്ചു.

പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം പലരും തന്നോട്, സമ്പന്നരായിട്ടുള്ള ആളുകളെ സൗജന്യ ഭക്ഷ്യകിറ്റില്‍ നിന്ന് ഒഴിവാക്കികൂടേ, ശമ്പളം ലഭിക്കുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കികൂടെ എന്ന ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. പക്ഷേ സര്‍ക്കാര്‍ നയപരമായി ഈ വിഷയത്തില്‍ ഒരു തീരുമാനം എടുക്കാത്തതുവരെ ഭക്ഷ്യമന്ത്രി എന്ന നിലയില്‍ കിറ്റ് ആവശ്യമില്ലാത്ത ആളുകള്‍ മുന്‍പോട്ട് വന്ന് ഉപേക്ഷിക്കുക എന്ന് മാത്രമേ എനിക്ക് പറയാന്‍ സാധിക്കുകയുള്ളൂ.ഈ വിഷയത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഉള്‍പ്പെടുന്ന ക്യാബിനറ്റാണ് അന്തിമമായ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related Stories

No stories found.
logo
The Cue
www.thecue.in