ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2023 ഏകദിന ലോകകപ്പിന്റെ മത്സരക്രമവും വേദികളും ഐസിസി പ്രഖ്യാപിച്ചു. ഒക്ടോബർ അഞ്ചിനാണ് മത്സരം ആരംഭിക്കുന്നത്. ഇംഗ്ളണ്ടും ന്യൂസിലാൻഡും തമ്മിൽ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഒക്ടോബർ 8ന് ആണ് ഇന്ത്യയുടെ ആദ്യ മത്സരം. അഞ്ചു തവണ ലോകകപ്പ് വിജയികളായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്താൻ മത്സരം ഒക്ടോബർ പതിനഞ്ചിനാണ്. നാല്പത്തിയാറു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ക്രിക്കറ്റ് ആഘോഷത്തിന് നവംബർ 19 നാണ് കൊട്ടിക്കലാശം.
പത്ത് ടീമുകളാണ് ടൂർണമെന്റിൽ അണിനിരക്കുക. അതിൽ 8 ടീമുകൾ നേരത്തെ തന്നെ സൂപ്പർ ലീഗിലൂടെ യോഗ്യത നേടിയവരാണ്. ശേഷിക്കുന്ന രണ്ട് ടീമുകൾ സിംബാബ്‌വെയിൽ വെച്ച് നടക്കുന്ന യോഗ്യത ടൂർണമെന്റിലൂടെ യോഗ്യത നേടും. ഇന്ത്യ, പാകിസ്താൻ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, സൗത്ത് ആഫ്രിക്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്താൻ എന്നീ രാജ്യങ്ങളിലെ ടീമുകളാണ് നിലവിൽ യോഗ്യതയ നേടിയിരിക്കുന്നത്.
ഓരോ ടീമും മറ്റ് ഒമ്പത് ടീമുകളുമായി റൗണ്ട് റോബിൻ ഫോർമാറ്റിൽ ഏറ്റുമുട്ടും. ആദ്യത്തെ നാല് സ്ഥാനക്കാർ സെമി ഫൈനലിന് യോഗ്യത നേടും. ആദ്യ സെമി ഫൈനൽ നവംബർ 15 ന് മുംബൈയിൽ വെച്ചും രണ്ടാം സെമി കൊൽക്കത്തയിൽ വെച്ച് നവംബർ 16 നും നടക്കും. ഉദ്ഘാടന മത്സരവും ഫൈനലും നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ്. മൂന്ന് നോക്ക്ഔട്ട് മത്സരങ്ങളും പകലും രാത്രിയുമായാണ് നടക്കുക.
പത്ത് വേദികളിലായാണ് മത്സരം അരങ്ങേറുന്നത്. കാര്യവട്ടത്ത് കളി നടക്കുമോ എന്ന ആകാംക്ഷയിലായിരുന്ന മലയാളി ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തുന്ന പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. ഹൈദരാബാദ്, അഹമ്മദാബാദ്, ധരംശാല, ഡൽഹി, ലക്ക്നൗ, പൂനെ, ബെംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളാണ് വേദികൾ.