പതിനാല് വര്‍ഷം, 5 പ്രധാനമന്ത്രിമാര്‍; ബ്രിട്ടനിലെ ടോറി ഭരണകാലം ഏറെ പ്രത്യേകതകള്‍ നിറഞ്ഞത്

ബ്രിട്ടന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സംഭവ ബഹുലമായ 14 വര്‍ഷങ്ങള്‍ക്ക് ശേഷം ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തുകയാണ്. ഇക്കഴിഞ്ഞ പതിനാലു വര്‍ഷങ്ങള്‍ക്കിടെ അഞ്ചു പ്രധാനമന്ത്രിമാരാണ് ബ്രിട്ടന്‍ ഭരിച്ചത്. അവരില്‍ രണ്ട് വനിതകളും ഒരു ഇന്ത്യന്‍ വംശജനും ഉള്‍പ്പെടുന്നു. ബ്രെക്‌സിറ്റ് മൂലമുണ്ടായ രാഷ്ട്രീയ കലുഷിതമായ കാലാവസ്ഥയും കോവിഡ് മരണങ്ങളുമെല്ലാം ഇക്കാലയളവില്‍ ബ്രിട്ടനെ ശ്രദ്ധാകേന്ദ്രമാക്കി. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ കാലഘട്ടത്തിനു ശേഷമാണ് ലേബര്‍ വീണ്ടും അധികാരത്തില്‍ എത്തുന്നത്. കുടിയേറ്റത്തിലടക്കം താരതമ്യേന മൃദുസമീപനം സ്വീകരിക്കുന്ന ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ എത്തുന്നത് മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസി സമൂഹവും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

പതിനാലു വര്‍ഷത്തിനിടെ അഞ്ച് പ്രധാനമന്ത്രിമാരെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മാറിമാറി പരീക്ഷിച്ചത്. ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനാക് പ്രധാനമന്ത്രിയാകുമ്പോള്‍ എത്‌നിക് ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള ആദ്യ പ്രധാനമന്ത്രിയെന്ന പേരും അദ്ദേഹത്തെ തേടിയെത്തി. ഇന്ത്യന്‍ വംശജനാണെങ്കിലും കുടിയേറ്റ നിയമങ്ങള്‍ പലതും കര്‍ക്കശമാക്കിക്കൊണ്ട് താന്‍ ഹൃദയംകൊണ്ട് ബ്രിട്ടീഷുകാരനാണെന്ന് തെളിയിക്കാനുള്ള ശ്രമം സുനാക് നടത്തിയിരുന്നു. ഒരു ദശാബ്ദത്തിലേറെ അധികാരത്തിലിരുന്ന ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് 2010ലെ പൊതു തെരഞ്ഞെടുപ്പില്‍ ഡേവിഡ് കാമറോണിന്റെ നേതൃത്വത്തില്‍ ഭരണം പിടിച്ചെടുത്തതോടെയാണ് മാര്‍ഗരറ്റ് താച്ചര്‍ യുഗത്തിന് ശേഷം മറ്റൊരു ടോറി കാലഘട്ടത്തിന് തുടക്കമിട്ടത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക് പോവുകയും അമേരിക്കയെപ്പോലെ സ്വതന്ത്ര സാമ്പത്തിക ശക്തിയായി മാറുകയും ചെയ്യുമെന്ന സ്വപ്‌നം പങ്കുവെച്ചുകൊണ്ട് 2013ല്‍ ബ്രെക്‌സിറ്റ് എന്ന ആശയം കാമറോണ്‍ അവതരിപ്പിച്ചു. 2016ല്‍ തന്റെ രണ്ടാമൂഴത്തില്‍ കാമറോണ്‍ നടത്തിയ ഹിതപരിശോധനയില്‍ ജനങ്ങള്‍ ബ്രെക്‌സിറ്റിനെ പിന്തുണച്ചു.

ഹിതപരിശോധനയ്ക്കു ശേഷം പക്ഷേ ബ്രെക്‌സിറ്റില്‍ കാലിടറി കാമറോണ്‍ പ്രധാനമന്ത്രിപദം രാജിവെച്ചു. തുടര്‍ന്ന് തെരേസ മേയ് പ്രധാനമന്ത്രിയായി. ബ്രെക്‌സിറ്റില്‍ തന്നെ തെരേസ മേയും വീണു. മൂന്നു വര്‍ഷം മാത്രമേ അവര്‍ക്ക് ഭരിക്കാനായുള്ളു. കടുത്ത ബ്രെക്‌സിറ്റ് അനുകൂലിയായ ബോറിസ് ജോണ്‍സണായിരുന്നു അതിനു ശേഷം അധികാരത്തിലെത്തിയത്. 2019 മുതല്‍ 2022 വരെ അധികാരത്തിലിരുന്ന ബോറിസ് ജോണ്‍സണെയും ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തി. കോവിഡ് പ്രതിസന്ധി ശരിയായി കൈകാര്യം ചെയ്യാന്‍ ബോറിസ് ജോണ്‍സണ്‍ പരാജയപ്പെട്ടിരുന്നു. പിന്നാലെ ബ്രിട്ടന്റെ മൂന്നാം വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരത്തിലെത്തി. 2022 സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെ മാത്രമേ അവര്‍ക്ക് പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ കഴിഞ്ഞുള്ളു. അതിനു ശേഷമാണ് ഋഷി സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായത്.

ബ്രിട്ടനില്‍ ശക്തമായ ഇന്ത്യന്‍ ഹിന്ദു സമൂഹത്തിന്റെ വോട്ടുകള്‍ ആകര്‍ഷിക്കുകയെന്ന ലക്ഷ്യം കൂടി സുനാകിനെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ ടോറികള്‍ക്കുണ്ടായിരുന്നു. 2024ലെ തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നായി നൂറിലേറെ ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് ആദ്യമായി ഒരു മലയാളി തെരഞ്ഞെടുക്കപ്പെട്ടുവെന്ന അപൂര്‍വതയും ഇത്തവണയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in