മത-രാഷ്ട്രീയ സംഘടനകള്‍ക്ക് പരിശീലനം നല്‍കേണ്ടതില്ല; സര്‍ക്കുലര്‍ പുറത്തിറക്കി ബി സന്ധ്യ

മത-രാഷ്ട്രീയ സംഘടനകള്‍ക്ക് പരിശീലനം നല്‍കേണ്ടതില്ല; സര്‍ക്കുലര്‍ പുറത്തിറക്കി ബി സന്ധ്യ

മത-രാഷ്ട്രീയ സംഘടനകള്‍ക്ക് അഗ്നിശമന സേനാംഗങ്ങള്‍ പരിശീലനം നല്‍കേണ്ടെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത് വിവാദമായ സാഹചര്യത്തില്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

സര്‍ക്കാര്‍ അംഗീകൃത സംഘടനകള്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രം പരിശീലനം നല്‍കുക എന്നാണ് സര്‍ക്കുലറില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

പരിശീലന അപേക്ഷകളില്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന വേണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയതില്‍ അഗ്‌നിരക്ഷാസേനയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചുണ്ടെന്ന് കഴിഞ്ഞ ദിവസം ഫയര്‍ഫോഴ്സ് മേധാവി ബി.സന്ധ്യ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരിശീലനം നല്‍കിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.

ഫയര്‍ഫോഴ്സ് റീജിയണല്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, പരിശീലനം നല്‍കിയ മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരായാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അനുമതിയില്ലാതെയാണ് പരിശീലനം നല്‍കിയതെന്നും ചട്ടങ്ങള്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പരിശീലനം നല്‍കിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

പോപുലര്‍ ഫ്രണ്ട് രൂപീകരിച്ച റസ്‌ക്യു ആന്‍ഡ് റിലീഫ് വിഭാഗത്തിനാണ് മാര്‍ച്ച് 30ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത്. ആലുവയിലായിരുന്നു സംസ്ഥാനതല ഉദ്ഘാടനം. ഉദ്ഘാടന ചടങ്ങില്‍ പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഇതിലാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in