'യു.ഡി.എഫ് 13 തവണ കൂട്ടി, എല്‍.ഡി.എഫ് വര്‍ധിപ്പിച്ചിട്ടില്ല'; ഇന്ധനനികുതിയില്‍ ഇളവ് നല്‍കാനാകില്ലെന്ന് ധനമന്ത്രി

'യു.ഡി.എഫ് 13 തവണ കൂട്ടി, എല്‍.ഡി.എഫ് വര്‍ധിപ്പിച്ചിട്ടില്ല'; ഇന്ധനനികുതിയില്‍ ഇളവ് നല്‍കാനാകില്ലെന്ന് ധനമന്ത്രി

ഇന്ധനനികുതിയില്‍ ഇളവ് നല്‍കാനാകില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി കേരളവും വില കുറച്ചിട്ടുണ്ട്. ബി.ജെ.പിയും കോണ്‍ഗ്രസും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ധനമന്ത്രി ആരോപിച്ചു.

'പ്രതിപക്ഷം ബി.ജെ.പിയെ സഹായിക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 13 തവണ ഇന്ധന നികുതി കൂട്ടിയിട്ടുണ്ട്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടില്ല. പകരം ഒരു തവണ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ശതമാന അടിസ്ഥാനത്തിലാണ് ഇന്ധനവില കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വില കുറച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ ഒരു ലീറ്റര്‍ പെട്രോളിന് 32.9 രൂപയാണ് നികുതി. ഡീസലിന് 31.8 രൂപ. കേരളത്തില്‍ 30.08 ശതമാനം ആണ് പെട്രോളിന്റെ നികുതി ഘടന. ഡീസലിന് 22.76 ശതമാനം. കേന്ദ്രത്തില്‍ വിലകൂടുമ്പോള്‍ നികുതി കൂടുകയും കുറയുമ്പോള്‍ നികുതി കുറയുകയും ചെയ്യുന്നതാണ് ഇവിടുത്തെ രീതി. ഇതനുസരിച്ച് 2.30 രൂപ ഡീസലിനും 1.60 രൂപ പെട്രോളിനും സംസ്ഥാനത്ത് കുറഞ്ഞു.'

ഇന്ധനവില നിര്‍ണയം കമ്പനികള്‍ക്ക് വിട്ടുനല്‍കിയത് യുപിഎ സര്‍ക്കാരാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ഓയില്‍ പൂള്‍ അക്കൗണ്ട് എന്ന സംവിധാനം ഉണ്ടായിരുന്നു. സബ്സിഡി നല്‍കിക്കൊണ്ട് പെട്രോള്‍ വില നിശ്ചിത നിരക്കില്‍ നിലനിര്‍ത്താനുള്ള സംവിധാനമായിരുന്നു ഇത്. ഈ സംവിധാനം എടുത്തുകളഞ്ഞത് മന്‍മോഹന്‍ സിങ് ആണ്. കേന്ദ്രം അനിയന്ത്രിതമായി സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി ഈടാക്കുന്നതാണ് വിലക്കയറ്റത്തിന് മറ്റൊരു കാരണം. ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും കേന്ദ്രം തീരുവ ഉയര്‍ത്തിയെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
The Cue
www.thecue.in