ഉയര്‍ന്ന ഇന്ധനവില, പരാതി വോട്ട് ചെയ്ത് ജയിപ്പിച്ച സര്‍ക്കാരുകളോട് പറയൂ എന്ന് നിര്‍മ്മല സീതാരാമന്‍

ഉയര്‍ന്ന ഇന്ധനവില, പരാതി വോട്ട് ചെയ്ത് ജയിപ്പിച്ച സര്‍ക്കാരുകളോട് പറയൂ എന്ന് നിര്‍മ്മല സീതാരാമന്‍

ഇന്ധനവിലയെ കുറിച്ച് ജനങ്ങള്‍ സംസ്ഥാനസര്‍ക്കാരുകളോട് ചോദിക്കൂവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ, വീണ്ടും വില കുറയുന്നതിന് സംസ്ഥാനങ്ങളോട് മൂല്യവര്‍ധിത നികുതി കുറക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും തിങ്കളാഴ്ച രാത്രി മാധ്യമങ്ങളോട് സംസാരിക്കവെ കേന്ദ്രധനമന്ത്രി പറഞ്ഞു. രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിമാരുമായും, ധനമന്ത്രിമാരുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു വാര്‍ത്താസമ്മേളനം.

കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതി കുറച്ചിട്ടും പല സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. ഉയര്‍ന്ന ഇന്ധനവിലയെ കുറിച്ച്, ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ച സര്‍ക്കാരുകളോടാണ് ചോദിക്കേണ്ടതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ജിഎസ്ടി കൗണ്‍സില്‍ നിരക്ക് നിശ്ചയിക്കാത്തതിനാല്‍ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ഇന്ധനവില വര്‍ധനവില്‍ വ്യാപകവിമര്‍ശനം ഉയരുന്നതിനിടെയായിരുന്നു കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചത്. പെട്രോളിന് 5 രൂപയും, ഡീസലിന് 10 രൂപയുമായിരുന്നു കുറച്ചത്.

The Cue
www.thecue.in