യൂണിവേഴ്‌സിറ്റി കോളേജെന്ന് കേള്‍ക്കുമ്പോള്‍ ഭയം;  എസ് എഫ് ഐയുടെ ചാപ്പകുത്തലിന് ഇരയായ നിഷാദ് 

യൂണിവേഴ്‌സിറ്റി കോളേജെന്ന് കേള്‍ക്കുമ്പോള്‍ ഭയം; എസ് എഫ് ഐയുടെ ചാപ്പകുത്തലിന് ഇരയായ നിഷാദ് 

യൂണിവേഴ്‌സിറ്റി കോളേജെന്ന് കേള്‍ക്കുന്നത് ഇപ്പോഴും ഭയമാണെന്ന് എസ് എഫ്‌ഐ പ്രവര്‍ത്തകരുടെ ചാപ്പകുത്തിലിന് ഇരയായ മുന്‍ കെഎസ്‌യു നേതാവ് എ ആര്‍ നിഷാദ്. നിലമേല്‍ കോളേജ് യൂണിയന്‍ നേതാവായിരുന്ന തന്നെ ചതിയിലൂടെ യൂണിവേഴ്‌സിറ്റി കോളേജ് കാമ്പസിലെത്തിച്ച് എസ്എഫ്‌ഐ അക്രമിക്കുകയായിരുന്നുവെന്ന് നിഷാദ് ദ ക്യൂവിനോട് പറഞ്ഞു. യൂണിയന്‍ ഉദ്ഘാടനത്തിന് അതിഥിയെ സംഘടിപ്പിച്ച് നല്‍കാമെന്ന വാക്ക് നല്‍കിയാണ് നിഷാദിനെ സുഹൃത്തുക്കളായ കോളേജിലെ എസ്എഫഐ നേതാക്കള്‍ യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ചത്. യാതൊരു പ്രകോപനവും കൂടാതെ വലിച്ചിഴച്ച് കൊണ്ടു പോയി ക്രൂരമായി അക്രമിച്ചതും കഠാര കൊണ്ട് ചാപ്പകുത്തിയതും നിഷാദ് ഓര്‍ത്തെടുക്കുന്നു. അന്നത്തെ സംഭവം നിഷാദ് പറയുന്നു

കേരളത്തിലെ പ്രധാനപ്പെട്ട ഒരു കാമ്പസില്‍ എത്തിയപ്പോഴാണ് ഞാന്‍ അക്രമിക്കപ്പെട്ടത്. കാമ്പസിനെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന ചിത്രമാണ് യൂണിവേഴ്‌സിറ്റി കോളേജ് എനിക്ക് തന്നത്.  

നിലമേല്‍ എന്‍ എസ് എസ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. 2000 നവംബര്‍ 10നാണ് ചാപ്പകുത്തല്‍ അതിക്രമം ഉണ്ടാകുന്നത്. നിലമേല്‍ കോളേജില്‍ ആ വര്‍ഷം ജനറല്‍ സെക്രട്ടറി, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി പോസ്റ്റുകള്‍ ഒഴികെ എസ്എഫ്‌ഐ ആണ് വിജയിച്ചത്. കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന് ഗസ്റ്റിനെ ക്ഷണിക്കുന്നതിന് വേണ്ടിയാണ് കാമ്പസിലെ യൂണിയന്‍ ഭാരവാഹികള്‍ കൂടിയായ എസ് എഫ് ഐ നേതാക്കള്‍ക്കൊപ്പം യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തിയത്. തിരുവനന്തപുരത്തെ എസ് എഫ് ഐ നേതാക്കളും കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികളും സഹായിക്കാമെന്ന് ഏറ്റിരുന്നു. നവംബര്‍ 9നും കാമ്പസില്‍ വച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ആ സമയത്ത് പുറത്ത് കടന്നതിനാല്‍ അവരുടെ ശ്രമം വിജയിച്ചില്ല. പിറ്റെ ദിവസം എത്തിക്കാമെന്ന് തന്റെ കൂടെയുള്ള എസ് എഫ് ഐക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. അഞ്ച് മണിയോടെയാണ് യൂണിവേഴ്‌സിറ്റി കോളേജ് കാമ്പസില്‍ എത്തിയത്. ഉടനെ തന്നെ നേതാക്കള്‍ എന്നെ വലിച്ചിഴച്ച് കൊണ്ടുപോയി ഭീകരമായി മര്‍ദ്ദിക്കുകയും പുറത്ത് എസ്എഫ്‌ഐ എന്ന് ചാപ്പ കുത്തി. കഠാര കൊണ്ടിയിരുന്നു പുറത്തെഴുതിയത്. കൂടെ വന്ന എസ് എഫ് ഐക്കാര്‍ മര്‍ദ്ദിക്കാന്‍ ഉണ്ടായിരുന്നില്ല. ഒരു വാഹനത്തില്‍ തമ്പാനൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് ഇറക്കി വിട്ടു. ബസില്‍ നിലമേലിലെ വീട്ടിലെത്തി.

അക്രമിക്കാനായി യൂണിവേഴ്‌സിറ്റി കാമ്പസില്‍ കൊണ്ടുചെന്നാക്കിയ എസ് എഫ് ഐക്കാര്‍ തന്നെയാണ് പിറ്റേ ദിവസം പണി കൊടുത്തുവെന്ന് പറഞ്ഞു പരത്തിയത്. അതിന് ശേഷം നാട്ടിലെ സിപിഎം സുഹൃത്തുക്കള്‍ ഉള്‍പ്പെടെ എത്തി പുറത്തെ മുറിവും ശരീരത്തിലെ ചതവുകളും പാടുകളും കണ്ട് ആശുപത്രിയിലെത്തിച്ചു. പിറ്റെ ദിവസം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതോടെയാണ് വാര്‍ത്തയായി പുറത്തറിഞ്ഞത്.

തിരുവനന്തപുരം ജുഡീഷ്യല്‍ മൂന്നാം കോടതിയിലായിരുന്നു കേസ്. നാല് എസ് എഫ് ഐക്കാരെ നേതാക്കളെ രണ്ട് വര്‍ഷം തടവിനും ഇരുപതിനായിരം രൂപ പിഴയും ശിക്ഷിച്ചിരുന്നു. വിചാരണ കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീലില്‍ ജില്ലാ കോടതി ഇവരെ വെറുതെ വിട്ടു.

ഒരു കോടതിയെങ്കിലും ഇതൊരു ക്രൈം ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. സാക്ഷിയും സാഹചര്യവും ഞാന്‍ മാത്രമായിരുന്നല്ലോ.

കോണ്‍ഗ്രസ് നേതാക്കളുടെ ഗൂഡാലോചനയായിരുന്നുവെന്ന് കെ എസ് യു നേതാവായിരുന്ന പി കെ ശ്യാംകുമാര്‍ ആരോപിച്ചിരുന്നു.കോണ്‍ഗ്രസിലുള്ള ആരെങ്കിലും മറ്റെന്തെങ്കിലും പ്രേരണയുടെ ഭാഗമായി കള്ളപ്രചരണം നടത്തിയെന്നത് തന്നെ ബാധിക്കുന്ന വിഷയമല്ല. അതിന്റെ കാരണം ഇന്ന് വരെ ചോദിക്കാന്‍ പോയിട്ടില്ല. കുറ്റക്കാരാണെന്ന് കണ്ടെത്തിയവരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. യഥാര്‍ത്ഥ പ്രതികള്‍ക്കെതിരെയായിരുന്നില്ല നടപടി. രാഷ്ട്രീയമായ അക്രമണം നടന്നുവെന്ന് അവര്‍ അംഗീകരിച്ചു എന്നതിന്റെ തെളിവാണല്ലോ ഇതെല്ലാം. എല്ലാ അക്രമണങ്ങളെയും ഒറ്റപ്പെട്ട സംഭവമെന്ന് വിളിക്കുന്നവരാണല്ലോ ഇവര്‍. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഈ സംഭവത്തില്‍ പ്രതിഷേധിച്ചിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജ് മാറില്ല. പെണ്‍കുട്ടികള്‍ക്ക് നേരെ വരെ അക്രമണം നടത്താന്‍ മടിയില്ലാത്ത നേതാക്കളായ ഗുണ്ടകളെ പ്രതിരോധിക്കാന്‍ സിപിഎം തയ്യാറാകണം. ഇവരെ സംരക്ഷിക്കില്ലെന്ന് പാര്‍ട്ടി തീരുമാനിച്ച് നടപ്പാക്കിയാല്‍ മാത്രമേ യൂണിവേഴ്‌സിറ്റി കോളേജ് മാറുകയുള്ളൂ. അക്രമിയെ സംരക്ഷിക്കാന്‍ പാര്‍ട്ടി തയ്യാറാകുമ്പോള്‍ ഇത്തരം പ്രവര്‍ത്തിയില്‍ നിന്ന് മാറാന്‍ എസ്എഫ്‌ഐക്കാര്‍ തയ്യാറാകില്ല. സിപിഎം വിചാരിച്ചാല്‍ മാത്രമേ ഇത് അവസാനിക്കുകയുള്ളൂ.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം എന്റെ കോളേജ് കാലം മുതലുള്ള സുഹൃത്താണ്.അന്നത്തെ ഞങ്ങളുടെ കാമ്പസിലെ നേതാവായിരുന്നു റഹിം. സിപിഎമ്മിലും സുഹൃത്തുക്കളുണ്ട്. സൗഹൃദങ്ങളില്‍ രാഷ്ട്രീയമില്ല.

നിഷാദ്

Related Stories

No stories found.
logo
The Cue
www.thecue.in