ഡ്രൈവിങ് സീറ്റില്‍ ഹൃദയാഘാതത്തില്‍ പിടഞ്ഞ് അച്ഛന്‍; സ്റ്റിയറിംഗ് തിരിച്ച് അപകടമൊഴിവാക്കി പത്തുവയസ്സുകാരന്‍ 

ഡ്രൈവിങ് സീറ്റില്‍ ഹൃദയാഘാതത്തില്‍ പിടഞ്ഞ് അച്ഛന്‍; സ്റ്റിയറിംഗ് തിരിച്ച് അപകടമൊഴിവാക്കി പത്തുവയസ്സുകാരന്‍ 

വാഹനമോടിക്കവെ നടുറോഡില്‍ അച്ഛന് ഹൃദയാഘാതമുണ്ടായപ്പോള്‍ സ്റ്റിയറിംഗ് തിരിച്ച് വന്‍ അപകടമൊഴിവാക്കി 10 വയസ്സുകാരന്‍. കര്‍ണാടകയിലെ തുംകൂറില്‍ മെയ്ദിനത്തിലായിരുന്നു സംഭവം. നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് ഗൂഡ്‌സ് കാരിയര്‍ വാഹനത്തില്‍ പ്രഷര്‍ കുക്കറുകള്‍ വില്‍പ്പനകേന്ദ്രങ്ങളിലെത്തിക്കുകയായിരുന്നു ശിവകുമാര്‍. 97 കിലോമീറ്റര്‍ യാത്ര പിന്നിട്ട് ഹുള്ളിയാരുവിലെത്തുമ്പോള്‍ ഉച്ചയ്ക്ക് 12 മണിയോടടുത്തിരുന്നു.

പൊടുന്നനെയാണ് നെഞ്ചുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടത്. വാഹനം നടുറോഡിലൂടെ കുതിച്ചുകൊണ്ടിരിക്കെ ശിവകുമാറിന് ബോധം നഷ്ടമായി. അച്ഛന് എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ചുപോയെങ്കിലും ഒരു നിമിഷം പോലും വൈകാതെ മകന്‍ പുനീര്‍ത്ഥ് സ്റ്റിയറിങ് തിരിച്ച് വാഹനാപകടമൊഴിവാക്കി. പക്ഷേ ഇതിനകം ശിവകുമാര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. അവന്‍ പലകുറി വിളിച്ചിട്ടും ശിവകുമാര്‍ ഉണര്‍ന്നില്ല.

ശിവകുമാറിനെ ചേര്‍ത്തുപിടിച്ച് പത്തുവയസ്സുകാരന്‍ തേങ്ങുന്നത്, കണ്ടുനിന്നവരെയും സങ്കടത്തിലാഴ്ത്തി. കൊറടാഗരേയിലെ അല്ലലസാന്ദ്ര സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പുനീര്‍ത്ഥ്. ഒന്നാം ക്ലാസുകാരനായ നരസിംഹരാജുവാണ് പുനീര്‍ത്ഥിന്റെ സഹോദരന്‍. വേനലവധിയായതിനാല്‍ അച്ഛനൊപ്പം വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു പുനീര്‍ത്ഥ്. ശിവകുമാറിന്റെ ഭാര്യ മുനിരത്‌നമ്മ ബംഗളൂരുവില്‍ ഒരു ഗാര്‍മെന്റ് കമ്പനിയിലെ തൊഴിലാളിയാണ്. മെയ് ദിനത്തില്‍ അവര്‍ക്ക് അവധിയായിരുന്നെങ്കിലും ശിവകുമാര്‍ ജോലിക്ക് പോവുകയായിരുന്നു.

ഭര്‍ത്താവുപേക്ഷിച്ചതിന് ശേഷം തനിച്ചായിപ്പോയ ഭാര്യാമാതാവിന്റെ സംരക്ഷണാര്‍ത്ഥമാണ് ജന്‍മദേശയമായ ദുര്‍ഗഡഹള്ളിയില്‍ നിന്ന് ശിവകുമാറും കുടുംബവും അല്ലസാന്ദ്രയിലേക്ക് വന്നത്. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറിയിരുന്നയാളും കഠിനാധ്വാനിയുമായിരുന്നു ശിവകുമാറെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ഒരേ സ്വരത്തില്‍ വ്യക്തമാക്കുന്നു. സമയോചിത ഇടപെടലിലൂടെ വന്‍ അപകടമൊഴിവാക്കിയ പുനീര്‍ത്ഥിന്റെ നടപടിയെ ഹുള്ളിയാരു പൊലീസ് അഭിനന്ദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in