രേഖാമൂലം ഉറപ്പ്, മുട്ടുമടക്കി കേന്ദ്രം; കര്‍ഷകര്‍ സമരം അവസാനിപ്പിക്കുന്നു

രേഖാമൂലം ഉറപ്പ്, മുട്ടുമടക്കി കേന്ദ്രം; കര്‍ഷകര്‍ സമരം അവസാനിപ്പിക്കുന്നു

കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കി കേന്ദ്രം. കര്‍ഷകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ക്ക് രേഖമൂലം ഉറപ്പു നല്‍കിയതോടെ കര്‍ഷകര്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചു.

ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ സമരപന്തലുകള്‍ പൊളിച്ചുമാറ്റാന്‍ ആരംഭിച്ചു. കേന്ദ്രം ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമരം അവസാനിപ്പിക്കുകയാണെന്ന് കര്‍ഷക നേതാവ് ഗുര്‍ണം സിംഗ് ചധുണി പറഞ്ഞു.

എന്നാല്‍ കേന്ദ്രം നല്‍കിയ ഉറപ്പില്‍ നിന്ന് പിന്നോട്ട് പോയാല്‍ കര്‍ഷകര്‍ വീണ്ടും സംഘടിക്കുമെന്നും ഗുര്‍ണം സിംഗ് പറഞ്ഞു.

മരിച്ച കര്‍ഷകരുടെ സ്മരണയ്ക്കായി നാളെ ആദരാഞ്ജലി ദിനം ആചരിക്കും. ശനിയാഴ്ച വിജയ ദിവസം ആഘോഷിച്ച് കര്‍ഷകര്‍ അതിര്‍ത്തികളില്‍ നിന്നും മടങ്ങും.

താങ്ങുവില സമിതിയില്‍ കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തും, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ കര്‍ഷകരുടെ കേസുകള്‍ പിന്‍വലിക്കും, മരിച്ച കര്‍ഷക കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കും, വൈദ്യുതി ഭേദഗതി ബില്ലില്‍ കര്‍ഷകരുടെ അഭിപ്രായം തേടും, മലിനീകരണം നിയന്ത്രണ നിയമത്തിലെ കര്‍ഷകര്‍ക്കെതിരായ ക്രിമിനല്‍ നടപടികള്‍ നീക്കം ചെയ്യും എന്നീ ഉറപ്പുകളാണ് കേന്ദ്രം രേഖാമൂലം നല്‍കിയത്.

താങ്ങുവില നിയമപരമാക്കുക, ലഖിംപൂര്‍ സംഭവത്തില്‍ കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി എന്നിവയിലാണ് കര്‍ഷകര്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറായത്.

Related Stories

No stories found.
logo
The Cue
www.thecue.in