കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പത്ത് വര്‍ഷം എടുത്താല്‍ അതുവരെയും സമരം: രാകേഷ് ടികായത്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പത്ത് വര്‍ഷം എടുത്താല്‍ അതുവരെയും സമരം: രാകേഷ് ടികായത്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പത്ത് വര്‍ഷം വേണ്ടി വന്നാല്‍ അതുവരെയും സമരം ചെയ്യുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 10 മാസമായി സമരം ചെയ്യുന്ന കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ടികായതിന്റെ പരാമര്‍ശം.

'പത്തു മാസമായി തുടരുന്ന സമരമാണ്. തുറന്ന കാതുകളുമായി സര്‍ക്കാര്‍ ഇത് കേള്‍ക്കണം. പത്തുവര്‍ഷം വേണ്ടി വന്നാല്‍ അതുവരെയും സമരം ചെയ്യാന്‍ കര്‍ഷകര്‍ ഒരുക്കമാണ്,' പാനിപൂരിലെ കിസാന്‍ മഹാപഞ്ചായത്തില്‍ സംസാരിക്കവെ രാകേഷ് ടികായത് പറഞ്ഞു.

എപ്പോള്‍ വേണമെങ്കിലും എടുക്കാന്‍ പാകത്തില്‍ കര്‍ഷകര്‍ അവരുടെ ട്രാക്ടറുകള്‍ തയ്യാറാക്കി വെക്കണമെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കര്‍ഷകര്‍ സമരം കടുപ്പിക്കുമെന്നും രാകേഷ് ടികായത് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പക്ഷെ ഉപാധികളില്ലാതെയാവണം സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവേണ്ടതെന്നും ടികായത് പറഞ്ഞു.

ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും രംഗത്തെത്തിയിരുന്നു. രാവിലെ ആറുമുതല്‍ വൈകീട്ട് നാലുവരെയാണ് ഭാരത് ബന്ദ്. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് ഹര്‍ത്താല്‍ നടത്തുന്ന സമര സമിതി അറിയിച്ചിട്ടുണ്ട്.

കേരളത്തിന് പുറമെ ആന്ധ്ര് പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികളും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in