'പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം, വിചാരണ നിര്‍ത്തിവെക്കണം'; അട്ടപ്പാടിയിലെ മധുവിന്റെ കുടുംബം കോടതിയില്‍

'പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം, വിചാരണ നിര്‍ത്തിവെക്കണം'; അട്ടപ്പാടിയിലെ മധുവിന്റെ കുടുംബം കോടതിയില്‍

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്ന് ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം. മധുവിന്റെ സഹോദരി സരസുവാണ് മണ്ണാര്‍ക്കാട് വിചാരണ കോടതിയെ സമീപിച്ചത്. കേസില്‍ സാക്ഷി വിസ്താരം നടക്കുന്നതിനിടയിലാണ് സരസുവിന്റെ ഹര്‍ജി.

അതേസമയം സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകനെ കോടതിയല്ല മാറ്റേണ്ടതെന്ന് വിചാരണ കോടതി പറഞ്ഞു. കുടുംബത്തിന് അങ്ങനെ ഒരു ആവശ്യം ഉണ്ടെങ്കില്‍ സര്‍ക്കാരിനെയാണ് സമീപിക്കേണ്ടതെന്നും കോടതി പറഞ്ഞു.

വിചാരണ നിര്‍ത്തിവെക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കേസില്‍ പല സാക്ഷികളും ഇതിനോടകം കൂറുമാറിയിരുന്നു. സാക്ഷികളെ പ്രതികള്‍ ഒളിവില്‍ പാര്‍പ്പിച്ച് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നുവെന്നും കുടുംബം ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍, പതിനൊന്നാം സാക്ഷി ചന്ദ്രന്‍ എന്നിവര്‍ പ്രതികള്‍ക്ക് അനുകൂലമായി കൂറ് മാറിയിരുന്നു. മധുവിനെ മര്‍ദിക്കുന്നത് കണ്ടു എന്ന് മജിസ്‌ട്രേറ്റിന് മുമ്പില്‍ മൊഴി നല്‍കിയവരാണ് ഉണ്ണികൃഷ്ണനും ചന്ദ്രനും. എന്നാല്‍ സാക്ഷിവിസ്താരത്തിനിടെ നേരത്തെ നല്‍കിയ മൊഴി ഇരുവരും നിഷേധിച്ചു.

പൊലീസ് ഭീഷണിക്ക് വഴങ്ങിയാണ് ആദ്യമൊഴിയെന്ന് ഇരുവരും കോടതിയില്‍ തിരുത്തി പറഞ്ഞത്. പ്രതികള്‍ പലവിധത്തില്‍ സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നാണ് മധുവിന്റെ സഹോദരി പറയുന്നു. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂട്ടറെ മാറ്റണമെന്നും അതുവരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സരസു കോടതിയെ സമീപിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in