ഹിന്ദി സംസാരിക്കുന്ന ബിഹാറികളെ തമിഴ്‌നാട്ടിൽ തൂക്കിക്കൊല്ലുന്നെന്ന് ബിജെപി പ്രചരണം; തമിഴ്‌നാട്ടിൽ നിന്ന് ബിഹാറികളുടെ കൂട്ട പലായനം

ഹിന്ദി സംസാരിക്കുന്ന ബിഹാറികളെ തമിഴ്‌നാട്ടിൽ തൂക്കിക്കൊല്ലുന്നെന്ന് ബിജെപി പ്രചരണം; തമിഴ്‌നാട്ടിൽ നിന്ന് ബിഹാറികളുടെ കൂട്ട പലായനം

ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ തമിഴ് നാട്ടിൽ ആക്രമിക്കപ്പെടുന്നു എന്ന പ്രചരണം ശക്തിപ്പെട്ടതിന് പിന്നാലെ തമിഴ്‌നാട്ടിൽ നിന്ന് ബിഹാർ സ്വദേശികളുടെ കൂട്ടപലായനം. തമിഴ്‌നാട്ടിൽ നോർത്ത് ഇന്ത്യൻ അതിഥി തൊഴിലാളികൾ കൊല്ലപ്പെടുന്നെന്ന് ഉത്തർപ്രദേശിലെ ബിജെപി വക്താവായ പ്രശാന്ത് ഉമാറാവു ട്വീറ്റ് ചെയ്തിരുന്നു. ഹിന്ദി സംസാരിച്ചതിന് ബിഹാറിൽ നിന്നുള്ള പന്ത്രണ്ട് തൊഴിലാളികളെ തമിഴ്നാട്ടിൽ തൂക്കിലേറ്റി എന്നായിരുന്നു ട്വീറ്റ്. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്നാണ് തമിഴ്‌നാട് പ്രതികരിച്ചത്. ട്വീറ്റ് വിവാദമായതോടെ പിൻവലിച്ചെങ്കിലും തമിഴ്‌നാട് പൊലീസ് പ്രശാന്ത് ഉമാറാവുവിനെതിരെ കേസ് എടുത്തിട്ടുണ്ട്.

വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് പ്രശാന്തിനെതിരെയും ദൈനിക് ഭാസ്കർ എന്ന ഹിന്ദി പത്രത്തിനെതിരെയും തൻവീർ പോസ്റ്റ് എന്ന ട്വിറ്റർ ഹാൻഡിലിനെതിരെയും കേസ് എടുത്തത്. ബിഹാറികൾ തമിഴ്‌നാട്ടിൽ 'താലിബാൻ' സ്റ്റൈൽ അതിക്രമം നേരിടുകയാണ് എന്നായിരുന്നു ദൈനിക് ഭാസ്കറിന്റെ റിപ്പോർട്ട്. ഐപിസിയിലെ 153 (എ), 505 (1) (ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. പ്രശാന്ത് ഉമാറാവുവിനെതിരെ തൂത്തുക്കുടി സെൻട്രൽ പൊലീസ് ആണ് കേസ് എടുത്തത്. ദൈനിക് ഭാസ്കറിനെതിരെ തിരുപ്പൂർ നോർത്ത് പൊലീസും തൻവീർ പോസ്റ്റിനെതിരെ തിരുപ്പൂർ നോർത്ത് സൈബർ പൊലീസും കേസ് രജിസ്റ്റർ ചെയ്തു.

സോഷ്യൽമീഡിയ വഴി പ്രചരിച്ച നിരവധി വീഡിയോ സന്ദേശങ്ങളിൽ പരിഭ്രാന്തരായ അതിഥിതൊഴിലാളികൾ കൂട്ടത്തോടെ തമിഴ്‌നാട് വിടുകയാണ്. മൂവായിരത്തിലേറെ ബിഹാറി തൊഴിലാളികൾ താമസിക്കുന്ന കാക്കളൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിന്ന് വലിയൊരു വിഭാഗം ബിഹാറിലേക്ക് തിരിച്ചുകഴിഞ്ഞു. മാർച്ച് രണ്ടിന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തിരുന്നു. ചില പത്ര റിപ്പോർട്ടുകൾ ആശങ്കപ്പെടുത്തുന്നു എന്നായിരുന്നു നിതീഷ് കുമാറിന്റെ ട്വീറ്റ്. വിഷയത്തിൽ അടിയന്തിരമായി ഇടപെടാൻ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിർദേശം നൽകിയതായും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്താൻ ഒരു സംഘത്തെ തമിഴ്‌നാട്ടിലേക്ക് അയക്കുമെന്നും നിതീഷ് കുമാർ പറഞ്ഞിരുന്നു.

നിതീഷ് കുമാറിന്റെ ട്വീറ്റിന് മണിക്കൂറുകൾക്കകം തമിഴ്‌നാട് ഡിജിപി ശൈലേന്ദ്ര ബാബു, ആശങ്കകൾക്ക് വകയില്ലെന്നും ബിഹാർ തൊഴിലാളികൾ സുരക്ഷിതരാണെന്നും പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തു. മാർച്ച് മൂന്നിന് തമിഴ്‌നാട്ടിലെ തൊഴിൽ ക്ഷേമ വകുപ്പ് മന്ത്രി സി.വി ഗണേശൻ സംഭവം നിഷേധിച്ച് കൊണ്ട് പത്രക്കുറിപ്പുമിറക്കി. പക്ഷെ പരിഭ്രാന്തരായ അതിഥിതൊഴിലാളികൾ സംസ്ഥാനം വിടുന്നത് തുടർന്നു.

ശേഷം മാർച്ച് നാലിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രസ്താവന ഇറക്കി. തമിഴ്‌നാട് ആഥിത്യ മര്യാദ ഉള്ളവരാണെന്നും എല്ലാവരെയും പൂർണ്ണമനസ്സോടെ ആണ് സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു. വ്യാജ വീഡിയോകൾ നിർമ്മിച്ച് സംസ്ഥാനത്ത് ഭയവും പരിഭ്രാന്തിയും പരത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്റ്റാലിൻ അറിയിച്ചു. നോർത്ത് ഇന്ത്യയിലെ തൊഴിലാളികൾ തമിഴ്‌നാട്ടിലെ തൊഴിലാളികളെ പോലെ തന്നെയാണെന്നും അവർ സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും സ്റ്റാലിൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക സംഘത്തെ തമിഴ്‌നാട് പൊലീസ് നിയോഗിച്ചതായി ദ ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു. നോർത്ത് ഇന്ത്യൻ തൊഴിലാളികൾക്കായി ഹെല്പ് ഡെസ്കുകളും പൊലീസ് തുറന്നിട്ടുണ്ട്. 0421 - 2203313, 9498101300, 9498101320 എന്നീ നമ്പറുകളിലൂടെ തമിഴ്‌നാട് പൊലീസിനെ ബന്ധപ്പെടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പ്രചരിക്കുന്ന വീഡിയോകളിൽ ഒരെണ്ണം ട്രെയിനിൽ നിന്ന് എടുത്തതാണ്. തമിഴ്നാട്ടുകാരുടെ ജോലി തട്ടിയെടുക്കുന്നു എന്ന് ആരോപിച്ച് ഒരാൾ മൂന്ന് അതിഥി തൊഴിലാളികളോട് തമിഴിൽ കയർക്കുന്ന വീഡിയോ ഫെബ്രുവരി 17 ന് എൻഡിടിവി പങ്കുവെച്ചിരുന്നു. ഈ വീഡിയോ മുൻനിർത്തി വ്യാജപ്രചരണം അരങ്ങേറുകയാണുണ്ടായത്. ശേഷം പ്രചരിച്ച വീഡിയോകളിൽ പരിശോധിച്ചവയെല്ലാം വ്യാജമായിരുന്നു എന്ന് ദ ക്വിൻറ് റിപ്പോർട്ട് ചെയ്യുന്നു. ജാർഖണ്ഡ് തൊഴിലാളിയുമായുള്ള തർക്കത്തിൽ ബിഹാർ സ്വദേശി കൊല്ലപ്പെട്ടതും ഹിന്ദി സംസാരിക്കുന്നവർക്കെതിരെ തമിഴ്‌നാട് സംഘടിതമായി ആക്രമണം അഴിച്ചുവിടുകയാണ് എന്ന തരത്തിൽ പ്രചരിച്ചിരുന്നതായി ദ ന്യൂസ് മിനിറ്റ് റിപ്പോർട്ടിൽ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in