

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അതിദരിദ്രരുള്ളത് മലപ്പുറത്തെന്ന് റിപ്പോര്‍ട്ട്. കുടുംബശ്രീ പിന്തുണയില്‍ തദ്ദേശ ഭരണ വകുപ്പ് തയ്യാറാക്കിയ കണക്കെടുപ്പിലാണ് അതിദരിദ്രര്‍ മലപ്പുറത്താണെന്ന് കണ്ടെത്തിയിരിക്കുന്നത്.
ആകെ മൊത്തം 64,006 പേരാണ് സംസ്ഥാനത്തെ അതിദരിദ്രരായി കണ്ടെത്തിയത്. ഇതില്‍ 8553 പേരും മലപ്പുറത്താണെന്നാണ് കണക്ക്. തിരുവനന്തപുരമാണ് തൊട്ട് പിറകില്‍. ഇവിടെ 7278 പേരാണ് അതി ദരിദ്രരായി ഉള്ളത്.
അതിദാരിദ്ര്യ ലഘൂകരണത്തിന് ത്രിതല പദ്ധതി തദ്ദേശ ഭരണ വകുപ്പ് തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു അതി ദരിദ്രരെ കണ്ടെത്താനുള്ള സര്‍വ്വേ.
കണക്കെടുപ്പില്‍ കണ്ടെത്തിയ 64,006 അതിദരിദ്രരില്‍ 12736 പേര്‍ പട്ടിക ജാതിക്കാരും 3021 പേര്‍ പട്ടിക വര്‍ഗക്കാരുമായിരിക്കും.
കടുത്ത ദാരിദ്രമനുഭവിക്കുന്നവരില്‍ ഏറ്റവും കുറവ് കോട്ടയം ജില്ലയിലാണ്. കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി അതി ദരിദ്ര ലഘൂകരണമാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ലക്ഷ്യം.
ആവശ്യത്തിന് ആഹാരം എത്തിക്കുന്നത് അടക്കം ഉടന്‍ നടപ്പാക്കേണ്ട പദ്ധതികളാണ് ഇതിനായി തയ്യാറാക്കിയത്. ഭവന രഹിതരുടെ പുനരധിവാസം പോലുള്ള ഹ്രസ്വകാല പദ്ധതികള്‍, ഉപജീവന മാര്‍ഗമടക്കം ഉറപ്പാക്കുന്ന ദീര്‍ഘകാല പദ്ധതികള്‍ തുടങ്ങി ത്രിതല സംവിധാനത്തോടെ ഇടപെടല്‍ നടത്താനാണ് തീരുമാനം.
തനത് ഫണ്ടില് നിന്ന് പണം ചെലവഴിച്ച് ക്ഷേമ പദ്ധതി ഉറപ്പാക്കേണ്ട ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. അതി ദരിദ്രര്‍ക്കുള്ള ഫണ്ടും സമൂഹ അടുക്കള പോലുള്ള സംരംഭങ്ങള്‍ക്ക് സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും നിര്‍ദേശമുണ്ട്.