വീട്ടിലേക്ക് തള്ളിക്കയറാനോ ആക്രമിക്കാനോ ഒരിക്കലും പാടില്ല; ഡി.വൈ.എഫ്.ഐ ചെയ്തത് ന്യായീകരിക്കില്ലെന്ന് ഇ.പി. ജയരാജന്‍

വീട്ടിലേക്ക് തള്ളിക്കയറാനോ ആക്രമിക്കാനോ ഒരിക്കലും പാടില്ല; ഡി.വൈ.എഫ്.ഐ ചെയ്തത് ന്യായീകരിക്കില്ലെന്ന് ഇ.പി. ജയരാജന്‍
Published on

പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ കയറിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രവൃത്തിയെ ന്യായീകരിക്കില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. വീട്ടിലേക്ക് തള്ളിക്കയറാനോ ഏതെങ്കിലും കുടുംബാംഗങ്ങളെ അക്രമിക്കാനോ ഒരിക്കലും പാടില്ലാത്തതാണ്. ആരാണ് ചെയ്തത്, എന്താണ് ചെയ്തത് എന്നത് സംബന്ധിച്ച് അന്വേഷിക്കും എന്നാണ് ഇ.പി. ജയരാജന്‍ പറഞ്ഞത്.

'വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയിറിയുട്ടുണ്ടോ എന്ന് അറിയില്ല. അന്വേഷിക്കാം. പ്രതിപക്ഷ നേതാവാണ് ഈ കലാപങ്ങള്‍ക്കൊക്കെ കേരളത്തില്‍ നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് യുവജനങ്ങള്‍ പ്രത്യേകിച്ച് അവരുടെ തൊഴില്‍ സാധ്യതകള്‍ ഇല്ലാതാക്കാനും അവരെ വഴിമുടക്കാനും കൂട്ടുനില്‍ക്കുന്ന പ്രതിപക്ഷനേതാവിനെതിരെ പ്രതിഷേധിക്കും. വീട്ടിലേക്ക് തള്ളിക്കയറാനോ ഏതെങ്കിലും കുടുംബാംഗങ്ങളെ അക്രമിക്കാനോ ഒരിക്കലും പാടില്ലാത്തതാണ്. കെ.പി.സി.സി ഓഫീസ് എവിടെയാണ് ആക്രമിക്കപ്പെട്ടത്? മുന്നിലെ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചു എന്നത് ശരിയാണ്. അതും പാടില്ലാത്തതാണ്. ആരാണ് ചെയ്തത് എന്താണ് ചെയ്തത് എന്നൊക്കെ ഞങ്ങള്‍ അന്വേഷിക്കുന്നുണ്ട്,' ഇ.പി. ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നുണ്ട്. ഇതിനിടെയാണ് കന്റോണ്‍മെന്റ് ഹൗസിലേക്ക് മാര്‍ച്ച് നടന്നത്.

മുഖ്യമന്ത്രി സഞ്ചരിച്ച ഇന്‍ഡിഗോ വിമാനത്തിനകത്ത് വെച്ചാണ് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ഉടനെയായിരുന്നു മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ നവീന്‍ കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആളെയും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് വിഡി സതീശന്‍ പറഞ്ഞത്. അവരുടെ കയ്യില്‍ മാരകായുധങ്ങളൊന്നുമുണ്ടായിരുന്നില്ലല്ലോ. ആകാശത്തായാലും ഭൂമിയിലായാലും പ്രതിഷേധം പ്രതിഷേധം തന്നെയാണ്. കോണ്‍ഗ്രസ് ഇനിയും ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും സതീശന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in