'കറുത്ത മാസ്‌ക് തന്നെ ധരിക്കണം എന്ന് എന്താണ് നിര്‍ബന്ധം?', മുഖ്യന്ത്രിക്ക് സെക്യൂരിറ്റി വേണമെന്ന് ഇ.പി. ജയരാജന്‍

ഇ.പി ജയരാജന്‍
ഇ.പി ജയരാജന്‍

മുഖ്യമന്ത്രിയുടെ പൊതുപരിപാടികളില്‍ കറുത്ത മാസ്‌കും കറുത്ത വസ്ത്രങ്ങളും ധരിക്കരുതെന്ന സുരക്ഷാ നിര്‍ദേശത്തിനെതിരെയുണ്ടായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. എന്തിനാണ് കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമെന്ന് ഇ.പി. ജയരാജന്‍ ചോദിച്ചു.

ആര്‍.എസ്.എസും സംഘപരിവാറും യു.ഡി.എഫും ഒന്നിച്ച് വടിയും കത്തിയും വാളും എടുത്ത് നടക്കുകയാണ്. അത്തരം ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രിക്ക് ഒരു സുരക്ഷാ സംവിധാനവും വേണ്ട എന്നാണോ എന്നും ഇ.പി. ജയരാജന്‍ ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി സ്വപ്‌ന സുരേഷ് രംഗത്തെത്തിയതിന് പിന്നാലെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടികളില്‍ സുരക്ഷ കര്‍ശനമാക്കിയത്. പരിപാടികളില്‍ പങ്കെടുക്കുന്നവരോട് കറുത്ത വസ്ത്രം ധരിക്കരുതെന്നും കറുത്ത മാസ്‌ക് ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഇ.പി. ജയരാജന്റെ വാക്കുകള്‍

കറുത്ത മാസ്‌ക് തന്നെ ഇടണമെന്ന് നിങ്ങള്‍ക്ക് എന്താണിത്ര നിര്‍ബന്ധം? കറുത്ത ഷര്‍ട്ട് ഇട്ട് മാത്രമേ പോകൂ എന്ന് എന്താണ് നിര്‍ബന്ധം? ഇതുവരെ കറുത്ത മാസ്‌ക് ധരിച്ചിരുന്നോ?

ഒരു മുഖ്യന്ത്രിക്ക് സെക്യൂരിറ്റി ഒന്നും വേണ്ടേ? ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പ്രതിപക്ഷം ഞങ്ങള്‍ ആണ്. ഞങ്ങള്‍ അക്രമം കാണിക്കില്ലെന്ന് ഉമ്മന്‍ചാണ്ടിക്കുമറിയാം, എല്ലാവര്‍ക്കുമറിയാം. ആര്‍.എസ്.എസും സംഘപരിവാറും യുഡിഎഫും ഒന്നിച്ച് വടിയും കത്തിയും വാളും എടുത്ത് നടക്കുകയല്ലേ ഇന്ന്. അപ്പോള്‍ ഒരു സുരക്ഷാ സംവിധാനവും വേണ്ട എന്നാണോ?എന്തിനാണ് മാധ്യമങ്ങളൊക്കെ ഇങ്ങനെ തെറ്റായ ചിത്രീകരണം നടത്തുന്നത്?, ഇ.പി. ജയരാജന്‍ ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in