കള്ളപ്പണ കേസ്: വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ രേഖകള്‍ കൈമാറിയില്ല, വിജിലന്‍സ് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

കള്ളപ്പണ കേസ്: വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ രേഖകള്‍ കൈമാറിയില്ല, വിജിലന്‍സ് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസില്‍ അന്വേഷണം ആരംഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും വിജലന്‍സ് കൈമാറിയില്ല. അന്വേഷണവുമായി വിജിലന്‍സ് സഹകരിക്കുന്നില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചു.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അഞ്ച് തവണ വിജിലന്‍സിന് കത്തയച്ചു. മറുപടി ലഭിച്ചില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.

സാക്ഷി മൊഴികള്‍ മാത്രമാണ് വിജിലന്‍സ് എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറിയിട്ടുള്ളത്. ഈ വിവരങ്ങള്‍ വെച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. പത്രത്തിന്റെ അകൗണ്ട് വഴി നോട്ട് നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിച്ചെന്നാണ് വികെ ഇബ്രാഹിംകുഞ്ഞിനെതിരായ കേസ്.

നോട്ട് നിരോധന കാലത്ത് ഇബ്രാഹിംകുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനത്തിന്റെ രണ്ട് അക്കൗണ്ടുകള്‍ വഴി 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. പാലാരിവട്ടം പാലം അഴിമതിയില്‍ നിന്ന് ലഭിച്ച പണമാണ് ഇതെന്നാണ് ആരോപണം. ഗിരീഷ് ബാബു എന്ന ആളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസില്‍ നിന്ന് പിന്‍മാറാന്‍ ഇബ്രാഹംകുഞ്ഞ് അഞ്ച് ലക്ഷം വാഗ്ദാനം ചെയ്തതായി ഗിരീഷ് ബാബുവിന്റെ ആരോപണം ഉന്നയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in