വൈഎസ് ജഗ്ഗൻ മോഹൻ റെഡ്‌ഡി V/S വൈഎസ് ശർമിള, ആന്ധ്രയിൽ വൈഎസ് സഹോദരങ്ങളിൽ ആര് ജയിക്കും ?

ഒരു തെലുങ്ക്‌ മാസ്സ് സിനിമ പോലെ കാണേണ്ടതാണ് ആന്ധ്ര രാഷ്ട്രീയം. ഞാൻ ഈ പറഞ്ഞതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദാ ഇതൊന്ന് കേട്ടോളു. ആന്ധ്രയിലെ ജനങ്ങൾ നെഞ്ചോട് ചേർത്ത് വെച്ചൊരു നേതാവ്,ആൾക്കൂട്ടത്തിന് ആരാധിക്കാനും തങ്ങളുടെ പരാതികൾ പറയാനും കഴിയുന്ന ആ നേതാവ് പെട്ടെന്നൊരു ദിവസം ഒരു ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെടുന്നു. മരണത്തിന് ശേഷം രണ്ട് ചേരിയിലാവുന്ന മക്കൾ , ചേട്ടനും അനിയത്തിയും ഒന്നിനൊന്ന് ശ്കതർ .ഒത്തൊരുമിച്ച് നിന്ന ആ കുടുംബം നേർക്ക് നേർ പൊരുതാൻ ആരംഭിക്കുന്നു ആരാവും ആന്ധ്രയിൽ മുന്നേറുക ആർക്കൊപ്പമാവും ജനങ്ങൾ നിൽക്കുക.

അതെ വൈഎസ്ആർ കുടുംബത്തെ പറ്റിയാണ് പറഞ്ഞ വരുന്നത്. വൈഎസ്ആർന്റെ മരണത്തിന് ശേഷം രണ്ട് ചേരികളിലായി പോയ അദ്ദേഹത്തിന്റെ മക്കളായ ജഗൻ മോഹൻ റെഡ്‌ഡിയും വൈഎസ് ശര്മിളയുമായും തന്നെയാണ് ആന്ധ്ര ലോക്സഭാ ഇലക്ഷനിലെ താരങ്ങൾ.മുട്ടനാടുകളുടെ ഈ പോരിൽ നിന്ന് എങ്ങനെ തങ്ങൾക്ക് ലാഭമുണ്ടാകാമെന്നാണ് ടിഡിപിയുടെയും ബിജെപിയുടെയും ശ്രദ്ധ.വൈഎസ്ആർന്റെ മകൻ നേതൃത്വം കൊടുക്കുന്ന വൈഎസ്ആർ കോൺഗ്രസ്സും , മകളായ വൈഎസ് ശർമിള നയിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും, കുടുംബത്തിന്റെ പ്രധാന എതിരാളിയായ മുൻപ് 3 തവണ മുഖ്യമന്ത്രിയായിരുന്ന എൻ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക്‌ ദേശം പാർട്ടിയും പിന്നെ ബിജെപിയുമാണ് ആന്ധ്രയിൽ ഉള്ള പ്രധാനപ്പെട്ട പാർട്ടികൾ.

25 അംഗങ്ങളെയാവും ആന്ധ്ര ലോക്സഭയിലേക്ക് തെരഞ്ഞെടുക്കുക. 2019 ലെ കണക്കെടുത്താൽ വൈഎസ്ആർ കോൺഗ്രസ്സ് ആണ് ഇതിൽ വലിയൊരു ഭൂരിപക്ഷം സീറ്റുകളും നേടിയെടുത്തത് - 22 സീറ്റുകൾ. രണ്ടാം സ്ഥാനം ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി ക്ക് 3 സീറ്റുകളും ബാക്കിയുള്ള പാർട്ടികൾക്കൊന്നും ആന്ധ്രയിൽ ക്ലച്ച് പിടിക്കാനായില്ല .2004 ലും 2009 ലുമാണ് കോൺഗ്രസിന് ഇവിടെ വിജയിക്കാൻ സാധിച്ചിട്ടുള്ളത് അതും വൈഎസ് രാജശേഖര റെഡ്‌ഡിയെന്ന നേടും തൂണിന്റെ ബലത്തിൽ. വൈഎസ്ആർന്റെ മരണത്തിന് ശേഷം കാര്യങ്ങൾ തകിടം മറഞ്ഞു ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി 2014 ൽ 15 സീറ്റുകൾ നേടി മുന്നിലെത്തി. അതിന് പിന്നിൽ ചന്ദ്രബാബു നായിഡു ഹൈദരാബാദ് എന്ന സംസ്ഥാന തലസ്ഥാനത്തിൽ കൊണ്ടുവന്ന അതി ഭീമമായ വികാസങ്ങൾ തന്നെയായിരുന്നു, അതിന്റെ പേരിൽ നായിഡുവിന് സൈബർബാബു ഓഫ് ഹൈദരബാദ് എന്ന പേര് വരെ ലഭിച്ചു.

എന്നാൽ അച്ഛന്റെ ഓർമയിൽ ആരംഭിച്ച വൈഎസ്ആർ കോൺഗ്രെസ്സുമായി ജഗൻ മുൻനിരയിൽ ഉണ്ടായിരുന്നെങ്കിലും 2 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ബിജെപിക്ക് അന്ന് വെറും മൂന്ന് സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

അവസാനമായി നടന്ന 2019 ലോക്സഭാ ഇലക്ഷൻ ജഗന്റെ വൈഎസ്ആർ കോൺഗ്രസ്സ് വലിയൊരു വിജയത്തിലേക്ക് ഉയർന്നു.ടിഡിപി കൂപ്പുകുത്തി. അങനെ വൈഎസ്ആർ ഫാക്ടറിൽ നിലനിൽക്കുന്ന ജഗന്റെ വൈഎസ്ആർ കോൺഗ്രസ്സിന് മേൽകൈ ലഭിച്ച് നില്കുമ്പോളാണ് കോൺഗ്രസ് ആ തന്ത്രം മെനയുന്നത് . ആന്ധ്രയിൽ നിലയുറപ്പിക്കാൻ ഇനി കഴിയണമെങ്കിൽ ജഗനെ മറികടന്നൊരാൾ വേണം അതിന വൈഎസ്ആർന്റെ മകളായ വൈഎസ് ശര്മിളയിൽ കുറഞ്ഞൊരു എതിരാളിയെ കോൺഗ്രസ്സിന് മുൻപിൽ വെക്കാനില്ല. ചേട്ടനായ ജഗൻ നില്കുന്നത്കൊണ്ട് തന്നെയാവണം ശർമിള കേന്ദ്രികരിച്ചത് ആന്ധ്ര രാഷ്ട്രീയം ആയിരുന്നില്ല തെലങ്കാന ആയിരുന്നു. എന്നാൽ കോൺഗ്രസിന്റെ കൃത്യമായ പ്ലാനിലൂടെ ശർമിളയെ ആന്ധ്രയിൽ ജഗനെതിരെ തന്നെ നിർത്തി. കോൺഗ്രസ്സിൽ പ്രവർത്തിച്ചിരുന്ന അച്ഛനായ വൈഎസ്ആർ തന്നെയാണ് ശര്മിളയിലൂടെ വീണ്ടും ആന്ധ്രയിലേക്ക് എത്താൻ പോകുന്നതെന്ന തോന്നൽ ജനങ്ങൾക്കിടയിൽ വരുത്തി.

ആന്ധ്രയുടെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലമായ കഡപ്പയിലാണ് ശർമിള മത്സരിക്കുന്നത്. എതിരെ മത്സരിക്കുന്നതോ തന്റെ കുടുംബത്തിലെ മറ്റൊരു ബന്ധുവായ വൈഎസ്ആർ അവിനാശ് റെഡ്‌ഡി. അവിനാശ് റെഡ്‌ഡിയും അയാളുടെ അച്ഛനുമായ ഭാസ്‌കർ റെഡ്ഡിയും വൈഎസ് ശര്മിളയുടെയും ജഗന്റെയും അമ്മാവനും മുൻ കടപ്പ എംപിയുമായിരുന്ന വിവേകാനന്ദ റെഡ്ഡിയുടെ കൊലപതകത്തിൽ ഗൂഢാലോചന നടത്തിയതായി സിബിഐ മുൻപ് കണ്ടെത്തിയിരുന്നു.എന്നാൽ ജഗന്റെ പിന്തുണ അവിനാശിന് നൽകുന്നത് അത്ഭുതപെടുത്തുകയാണെന്നും കൊലപാതികളെ സംരക്ഷിക്കാനാണ് ജഗൻ സർക്കാർ ശ്രമിക്കുന്നതെന്നും വൈഎസ് ശർമിള ആരോപിച്ചിരുന്നു.വൈഎസ്ആർന്റെ ഭാര്യയും ജഗന്റെയും ശർമിളയുടെയും അമ്മയുമായ വൈഎസ് വിജയമ്മ മകൾക്കൊപ്പമാണ്. മറുവശത്തു ബിജെപി-ടിഡിപി-ജെഎസ്പി സഖ്യം രൂപീകരിച്ചിട്ടുണ്ട്.

ലോക്സഭാ സീറ്റുകൾ ആര് നേടും എന്നതിനപ്പുറം ആന്ധ്രയിലെ ശ്രദ്ധ തിരിയുന്നത് വൈഎസ്ആർ സഹോദരങ്ങളിൽ ആര് ജയിക്കും എന്നതിലാണ്. ശ്കതമായ രാഷ്ട്രീയ പിന്തുണ ഉള്ള രണ്ട നേതാക്കളുടെ കുടെയാണ് ബിജെപി-ടിഡിപി-ജെഎസ്പി മത്സരിക്കുന്നത്.വൈഎസ്ആർ സഹോദരങ്ങൾക്കൊപ്പം മത്സരിച്ച് നിൽക്കുക തന്നെയാണ് സഖ്യത്തിന് വെല്ലുവിളിയാകുന്നത്.എന്തായാലും മത്സരം മുറുകുകയാണ്, ആരാവും ആന്ധ്ര പോരിൽ വിജയം കാണുക അണ്ണനോ അതോ തങ്കച്ചിയോ ?

logo
The Cue
www.thecue.in