മലക്കം മറിഞ്ഞ് വി കെ ശ്രീകണ്ഠന്‍, വിവാദമാക്കിയത് ഗൂഢാലോചന

മലക്കം മറിഞ്ഞ് വി കെ ശ്രീകണ്ഠന്‍, വിവാദമാക്കിയത് ഗൂഢാലോചന

പ്രചരണത്തിന്റെ തുടക്കത്തില്‍ പണമുണ്ടായിരുന്നില്ല

കെപിസിസി നേതൃത്വം ആവശ്യമായ ഫണ്ട് നല്‍കാത്തത് കാരണം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മൂന്നാം സ്ഥാനത്തായെന്ന ആരോപണത്തില്‍ മലക്കം മറിഞ്ഞ് പാലക്കാട് ലോകസഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍.

തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ട്. പാര്‍ട്ടിക്ക് അകത്തോ മുന്നണിക്കുള്ളിലോ അല്ല ഗൂഢാലോചന . രാഷ്ട്രീയ എതിരാളികളാണ് നടത്തിയത്. അത് ആരാണെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം വെളിപ്പെടുത്തുമെന്ന് വി കെ ശ്രീകണ്ഠന്‍ ദ ക്യൂവിനോട് പറഞ്ഞു.

തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് വി കെ ശ്രീകണ്ഠന്‍ ആരോപിച്ചു. പ്രചരണത്തില്‍ പിറകിലായിരുന്നുവെന്നത് വിവാദമായല്ലോയെന്ന ചോദ്യത്തിന് വിവാദമാക്കിയത് ചില ഗൂഢാലോചനയാണെന്നാണ് താന്‍ പറഞ്ഞത്.

പാര്‍ട്ടിയിലോ മുന്നണിയിലോ അല്ല ഈ ഗൂഢാലോചന നടന്നതെന്ന് വ്യക്തമാക്കിയതാണ്. പ്രചരണത്തിന്റെ തുടക്കത്തില്‍ പണമുണ്ടായിരുന്നില്ല. ഇരുപത്തിയഞ്ച് ദിവസം നീണ്ട ജില്ലാ പദയാത്ര നടന്നതിനാല്‍ കെ പി സി സിക്ക് ഫണ്ട് പിരിച്ച് നല്‍കാന്‍ കഴിഞ്ഞില്ല. അതിനാല്‍ കെപിസിസിയുടെ വിഹിതം ലഭിച്ചില്ല.

വി കെ ശ്രീകണ്ഠന്‍

ഡിസിസികളാണ് പണം പിരിച്ചു നല്‍കുന്നതില്‍ ജാഗ്രത കാണിക്കേണ്ടത്. പാലക്കാട് ഡിസിസിക്ക് പണം പിരിച്ച് നല്‍കാന്‍ കഴിഞ്ഞില്ല. തുടക്കം മുതല്‍ എതിരാളികള്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.

മണ്ഡലത്തിലെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ മാറി നിന്നതായി ശ്രീകണ്ഠന്‍ കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. വോട്ടെടുപ്പിന് തൊട്ട് പിന്നാലെ ശ്രീകണ്ഠന്‍ നടത്തിയ ആരോപണം വിവാദമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in