കോണ്‍ഗ്രസിന്റേത് ജനകീയ സ്ഥാനാര്‍ത്ഥികളെന്ന് പറഞ്ഞ ടിപി ശ്രീനിവാസന്‍ 29ാം നാള്‍ കുമ്മനത്തെ വാഴ്ത്തി മോദിയുടെ വേദിയില്‍

കോണ്‍ഗ്രസിന്റേത് ജനകീയ സ്ഥാനാര്‍ത്ഥികളെന്ന് പറഞ്ഞ ടിപി ശ്രീനിവാസന്‍ 29ാം നാള്‍ കുമ്മനത്തെ വാഴ്ത്തി മോദിയുടെ വേദിയില്‍

ഹൈബി ഈഡന്റെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ടിപി ശ്രീനിവാസന്‍ കോണ്‍ഗ്രസിനെ വാനോളം പുകഴ്ത്തിയിരുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരുവനന്തപുരത്തെ എന്‍ഡിഎ പ്രചരണവേദിയില്‍ മുന്‍ നയതന്ത്ര പ്രതിനിധിയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും ആയിരുന്ന ഡോ.ടിപി ശ്രീനിവാസന്‍ കുമ്മനം രാജശേഖരന് വോട്ട് തേടിയെത്തിയ കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു. കോണ്‍ഗ്രസിനോട് അടുപ്പം പുലര്‍ത്തുന്ന ടിപി ശ്രീനിവാസന്റെ കളം മാറ്റം മാധ്യമങ്ങളിലും ചര്‍ച്ചയായി. പ്രധാനമന്ത്രിയെ നേരില്‍ ആശംസയറിക്കാന്‍ ജന്മനാട്ടില്‍ അവസരം ലഭിച്ചതും തിരുവനന്തപുരത്ത് ശശി തരൂരിന് പകരം മറ്റൊരാള്‍ എംപിയായി വരണമെന്ന ആഗ്രഹവുമാണ് ബിജെപി വേദിയില്‍ എത്തിച്ചതെന്നായിരുന്നു ടിപി ശ്രീനിവാസന്റെ വിശദീകരണം. ശശി തരൂരിനെ പരസ്യമായി വിമര്‍ശിച്ച് കുമ്മനത്തിന് വോട്ടഭ്യര്‍ത്ഥിച്ച ഡോ.ടിപി ശ്രീനിവാസന്‍ 29ദിവസം മുമ്പ് സംസാരിച്ചത് കോണ്‍ഗ്രസിനെ വാനോളം പുകഴ്ത്തിയായിരുന്നു.

മാര്‍ച്ച് 20ന് കോണ്‍ഗ്രസിന്റെ എറണാകുളം ലോക്‌സഭാ സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയത് ടിപി ശ്രീനിവാസനായിരുന്നു. 20 ലോക്‌സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത് ജനകീയ സ്ഥാനാര്‍ത്ഥികളെയാണെന്നായിരുന്നു അന്ന് ടിപി ശ്രിനിവാസന്‍ പറഞ്ഞത്. ലോകത്തിന് മുന്നില്‍ ഇന്ത്യയെ എത്തിച്ചത് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരാണെന്നും അദ്ദേഹം പറഞ്ഞു.

 മനോരമയില്‍ വന്ന വാര്‍ത്ത 
മനോരമയില്‍ വന്ന വാര്‍ത്ത 

പുറത്തുനിന്ന് വന്ന് ലോക്‌സഭയിലേക്ക്് മത്സരിച്ചവര്‍ സൃഷ്ടിച്ച നിരാശയില്‍ നിന്നാണ് കുമ്മനം രാജശേഖരനെ പിന്തുണയ്ക്കുന്നത് എന്നായിരുന്നു ശ്രീനിവാസന്റെ പ്രസംഗം. രണ്ട് കാരണങ്ങളാണ് എന്‍ഡിഎ വേദിയില്‍ എത്തികാന്‍ കാരണമെന്ന് വിശദീകരിച്ച് ടിപി ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ വിശദീകരണക്കുറിപ്പ് എഴുതുകയും ചെയ്തു. വാഷിംഗ്ടണില്‍ മോദിയെ വീട്ടില്‍ സ്വീകരിക്കാന്‍ അവസരം ലഭിച്ചതും ഇപ്പോള്‍ ജന്മനാട്ടില്‍ മോദിയ്ക്ക് നേരിട്ട് ആശംസയറിക്കാന്‍ അവസരം ലഭിച്ചതുമാണ് ആദ്യകാരണമായി പറഞ്ഞത്. തരൂര്‍ മികച്ച എഴുത്തുകാരനും പ്രഭാഷകനും ആണെന്നിരിക്കേ അദ്ദേഹത്തെ രാഷ്ട്രീയക്കാരനായി കാണാനാകുന്നില്ലെന്നായിരുന്നു ടിപി ശ്രീനിവാസന്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in