ക്ഷേത്രങ്ങൾക്കും ശബരിമലക്കുമായി ചെലവഴിച്ച തുക പ്രചാരണ വിഷയമാക്കി എൽഡിഎഫിന്റെ പോസ്റ്ററുകൾ; കടകംപള്ളിയുടെ പൂഴിക്കടകനെന്ന് ശോഭ

ക്ഷേത്രങ്ങൾക്കും ശബരിമലക്കുമായി  ചെലവഴിച്ച തുക പ്രചാരണ വിഷയമാക്കി എൽഡിഎഫിന്റെ പോസ്റ്ററുകൾ; കടകംപള്ളിയുടെ പൂഴിക്കടകനെന്ന് ശോഭ

കഴക്കൂട്ടത്ത് ക്ഷേത്രങ്ങൾക്കായി ചെലവഴിച്ച തുക പ്രചാരണവിഷയമാക്കി എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയ്ക്കും കഴക്കൂട്ടം മണ്ഡലത്തിലെ ക്ഷേത്രങ്ങൾക്കുമായി എത്ര തുക നീക്കിവച്ചു എന്ന് പ്രത്യേകം പോസ്റ്ററുകൾ അടിച്ചാണ് കടകംപള്ളിയുടെ പ്രചാരണം.  'യഥാർത്ഥ വിശ്വാസ സംരക്ഷകർ ആര്' എന്ന ചോദ്യം ഉന്നയിച്ചുക്കൊണ്ടാണ് പോസ്റ്ററുകൾ.

വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തട്ടാൻ ശ്രമിക്കുന്നവരുടെ പൊള്ളത്തരം തുറന്നുകാട്ടാൻ ചില കണക്കുകൾ പ്രസിദ്ധീകരിക്കുന്നു പോസ്റ്ററുകളിൽ പറയുന്നുണ്ട് . യുഡിഎഫ് സർക്കാർ ശബരിമലയ്ക്കായി അനുവദിച്ച തുകയും എൽഡിഎഫ് സർക്കാർ അനുവദിച്ച തുകയും പോസ്റ്ററിൽ ചൂണ്ടിക്കാട്ടുന്നു. ഏഷ്യയിലെ ഏറ്റവും വലിയ അന്നദാനമണ്ഡപം ശബരിമല സന്നിധാനത്താണെന്നും പോസ്റ്ററിൽ പറയുന്നു.

അതേസമയം, കഴക്കൂട്ടം മണ്ഡലത്തിൽ ക്ഷേത്രങ്ങൾക്കായി മാത്രം നീക്കിവച്ച തുകയും സിപിഎം പോസ്റ്ററുകളായി ഇറക്കിയിട്ടുണ്ട്. കഴക്കൂട്ടത്തെ പത്ത് ക്ഷേത്രങ്ങൾക്കായി ചെലവഴിച്ച തുകയും പുതുകുന്ന് സിഎസ്ഐ പള്ളിക്കും ആഹ്ലാദപുരം ജുമാ മസ്ജിദിനും ചെലവഴിച്ച തുകയും പോസ്റ്ററുകളിൽ കാണാം.

എന്നാലിത് കടകംപള്ളിയുടെ പൂഴിക്കടകനാണെന്നാണ് ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രതികരണം. ക്ഷേത്രങ്ങൾക്ക് പണം വിനിയോഗിച്ചത് കേന്ദ്ര സർക്കാരിന്റെ പ്രസാദം പദ്ധതി പ്രകാരമാണ്. ഇപ്പോൾ ചെലവഴിച്ചതിനേക്കാൾ കൂടുതൽ തുക നൽകാനാണ് തന്നെ തിരഞ്ഞെടുക്കണമെന്ന് അഭ്യർഥിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in